എന്നെ ഭീകരവത്കരിച്ചവർ മാന്യതയുണ്ടെങ്കിൽ മാപ്പ് പറയണം

മാസങ്ങളോളം എന്നെയും കുടുംബത്തെയും വേട്ടയാടിയപ്പോൾ മൗനം പാലിച്ച സ്ത്രീസംഘടനകളും കപട പുരോഗമനവാദികളും ഇനിയെങ്കിലും മൗനം വെടിയാൻ തയ്യാറാവണം…

ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് ഇന്ന് സുപ്രിം കോടതി നടത്തിയ നിരീക്ഷണം വിഷയവുമായി ബന്ധപ്പെട്ട് എന്നെ വേട്ടയാടിയവര്‍ക്കുള്ള വ്യക്തമായ മറുപടിയാണ്. തികച്ചും ശരിഅത്ത് നിയമ പ്രകാരം നടന്ന വിവാഹം ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഹൈക്കോടതി റദ്ദാക്കിയതെന്നത് തന്നെ കോടതി വിധിയിലെ നീതിയെ ചോദ്യം ചെയ്യുന്നതായിരുന്നു.

കൂടാതെ ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുക പോലും ചെയ്യാതെയായിരുന്നു വിവാഹം റദ്ദ് ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി. ഈ വിധി സുപ്രീം കോടതി തിരുത്തിയതിലൂടെ നമ്മുടെ രാജ്യത്തിന്‍റെ യശസ്സിനെയാണ് പരമോന്നത നീതി പീഠം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. കൂടാതെ ഹാദിയയുടെ വിവാഹം സംബന്ധിച്ച് എന്‍.ഐ.എ അന്വേഷിക്കേണ്ടന്ന സുപ്രീം കോടതി നിലപാട് പക്ഷം പിടിച്ചുള്ള കേന്ദ്ര ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയുമാണ്.

മാനുഷിക പരിഗണവെച്ചും വിശ്വാസി എന്ന നിലക്കുള്ള ബാധ്യതയാണെന്ന ഉറച്ച ബോധ്യമുള്ളതിനാലുമാണ് ഈ വിഷയത്തിൽ വ്യക്തിപരമായി ഇടപെടുന്നത്. എന്നാൽ ആർ.എസ്.എസ് ഉയർത്തിയ നുണകൾക്ക് പിറകെപോയി ദേശീയ മാധ്യമങ്ങളും അന്വേഷണ ഏജൻസികളും എന്നെ വേട്ടയാടുകയായിരുന്നു. രാജ്യത്തിന്‍റെ നിയമ വ്യവസ്ഥക്കകത്ത് നിന്നുള്ള ഇടപെടൽ മാത്രമാണ് ഹാദിയയുടെ വിഷയത്തിൽ ഞാൻ നടത്തിയിട്ടുള്ളത്. അതിനെ തെറ്റായി ചിത്രീകരിച്ച് ഭീകരവൽക്കാരിച്ചവർ മാന്യതയുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാവണം.

സ്ത്രീ എന്ന നിലയിൽ ഹാദിയ അനുഭവിച്ച പീഡനങ്ങൾ നിരവധിയാണ്. എനിക്കെതിരെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളത്. മാസങ്ങളോളം എന്നെയും കുടുംബത്തെയും വേട്ടയാടിയപ്പോൾ മൗനം പാലിച്ച സ്ത്രീ സംഘടനകളും കപട പുരോഗമനവാദികളും ഇനിയെങ്കിലും മൗനം വെടിയാൻ തയ്യാറാവണം.

രാജ്യത്ത് ഫാഷിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ന്യൂനപക്ഷങ്ങള്‍ പൊതുവെ അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. നീതിനിഷേധിക്കപ്പെടുകയും സംഘപരിവാര താണ്ഡവത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരമോന്നത നീതിപീഠത്തില്‍ കാര്യമായ പ്രതീക്ഷയുണ്ട്. രാജ്യത്തിന്‍റെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യവും അവകാശവും സംക്ഷിക്കപ്പെടുന്നതിനും നടപ്പിലാവുന്നതിനും പരമോന്നത നീതി പീഠത്തിന്‍റെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. അനീതി നടപ്പിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് കനത്ത താക്കീതാവട്ടെ സുപ്രിം കോടതിയുടെ നിരീക്ഷണം.

ദേശീയമാധ്യമങ്ങളും അന്വേഷണ ഏജൻസികളും വേട്ടയാടുമ്പോൾ കൂടെ നിൽക്കുകയും പിന്തുണച്ചവരുമായ നിരവധി പേരുണ്ട്. അവരോടുള്ള കടപ്പാട് അറിയിക്കുന്നു. നീതിക്കായുള്ള ശ്രമങ്ങളിൽ തുടർന്നും നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
_ എ എസ് സൈനബ 

Share Widely

Leave a Reply

Your email address will not be published. Required fields are marked *