അനീതിക്ക് മുന്നിൽ മുട്ടുമടക്കില്ല

ഹിന്ദു മഹാസമ്മേളനത്തിൽ കേരള ജനപക്ഷം നേതാവ് പി സി ജോർജ്ജ് മുസ്‌ലിങ്ങൾക്കെതിരെ വംശീയവിദ്വേഷം പ്രചരിപ്പിച്ചതിനെ തുടർന്ന് അറസ്റ്റിലായ സാഹചര്യത്തിൽ, ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവും ഏഷ്യാനെറ്റ് മാധ്യമപ്രവർത്തകൻ വിനുവും മറ്റു മാധ്യമങ്ങളും തനിക്കെതിരെ നടത്തുന്ന നുണപ്രചരണങ്ങൾക്കെതിരെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ അബ്ദുന്നാസിർ മഅ്‌ദനി പ്രതികരിക്കുന്നു…

ആർ വി ബാബുവിന്റെ നുണപ്രചരണം ഇങ്ങനെ

ബാബു – വിനു ഇരട്ട സഹോദരങ്ങളോട്
_ മഅ്‌ദനി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെ ശാരീരികാസ്വസ്ഥതയിൽ ആണുള്ളത്. ഇന്നലെ വൈകിട്ട് വരെയും ആശുപത്രിയിലായിരുന്നു. നികൃഷ്ടവും നീചമായ ഗൂഢോദേശ്യത്തോട് കൂടിയതുമായ ചില വിഷലിപ്തമായ ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിക്കപ്പെട്ടത് അറിഞ്ഞിരുന്നുവെങ്കിലും അതിന്റെ നിജസ്ഥിതി കേരളീയ സമൂഹത്തിന്റെ മുന്നിൽ അറിയിക്കുവാൻ കഴിഞ്ഞിരുന്നില്ല.

ചുരുക്കം ചില വാക്കുകളിലൂടെ അക്കാര്യം എന്റെ പ്രിയ സഹോദരങ്ങളെ അറിയിക്കുകയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും സത്യം വായിൽ നിന്ന് അറിയാതെ പോലും വരാതിരിക്കുവാൻ ശ്രദ്ധിക്കാറുള്ള ഒരു ‘മഹാന്റെ’ വിടുവായത്തമാണ് മലയാളത്തിലെ പ്രമുഖ ചാനലായ മാതൃഭൂമിയിലൂടെയും മറ്റൊരു ന്യൂനപക്ഷ വിരുദ്ധ മാധ്യമത്തിലൂടെയും നാം ഇക്കാണുന്നത്. ഈ കാളകൂട വിഷം ചീറ്റലിൽ ആ ‘മഹാൻ’ പറയുന്നത് 3 കാര്യങ്ങളാണ്;

1) എനിക്കെതിരെ 153.A പ്രകാരം 51 കേസുകൾ ചുമത്തിയിട്ടുണ്ടായിരുന്നു.

2) ഹിന്ദു സ്ത്രീകളുടെ ഗർഭപാത്രത്തിൽ മുസ്ലിമിന്റെ ബീജം കടത്തിവിടണമെന്ന്‌ പ്രസംഗിച്ചതിനാണ് ഈ കേസുകളെല്ലാം എടുത്തത്.

3) ഈ കേസുകൾ എല്ലാം ഇടത് ഗവണ്മെന്റ് പിൻവലിച്ചുവെന്ന്.

ബാബരി മസ്ജിദ് പ്രശ്നം കൊടുമ്പിരിക്കൊണ്ടിരുന്ന 1990 കാലഘട്ടത്തിൽ എന്റെ ചില പ്രസംഗങ്ങളുടെ പേരിൽ എനിക്കെതിരെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ അന്നത്തെ കരുണാകരൻ ഗവണ്മെന്റ് മുപ്പതോളം കേസുകൾ ചുമത്തിയിട്ടുണ്ടായിരുന്നു. (30നെ 51 ആക്കിയത് ടിയാന്റെ സ്ഥിരം സ്വഭാവത്തിന്റെ ഭാഗം). ഈ കേസുകൾക്ക് കാരണമായെന്ന് ഗവണ്മെന്റ് ഭാഗം വിശേഷിപ്പിച്ച ഒരൊറ്റ പ്രസംഗത്തിലോ 17 വയസ്സു മുതൽ പൊതുവേദികളിൽ പ്രസംഗിക്കുവാൻ തുടങ്ങിയ എന്റെ ജീവിതത്തിലെ ഏതെങ്കിലും പ്രസംഗങ്ങളിലോ ഇന്നും കേരളത്തിലെ വിപണികളിൽ സുലഭമായി ലഭിക്കുന്നതും യൂട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടുന്നതുമായ എന്റെ ഒട്ടനവധി പ്രസംഗങ്ങളിൽ ഏതെങ്കിലും ഭാഗത്തോ അങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് തെളിയിക്കാൻ ഈ ‘വിഷമനുഷ്യനെ’ ഞാൻ വെല്ലുവിളിക്കുന്നു. ഒപ്പം എനിക്കെതിരെ ചുമത്തപ്പെട്ട ഒരൊറ്റ കേസെങ്കിലും ഇടതുഗവണ്മെന്റ് പിൻവലിച്ചിട്ടുണ്ടെന്ന് തെളിയിക്കാനും. അങ്ങനെ ചെയ്താൽ ആ നിമിഷം ഞാൻ പി.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാകുകയും ഏതെങ്കിലും കോടതിയിൽ നേരിട്ട് ഹാജരായി കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ സ്വീകരിക്കുകയും ചെയ്യുന്നതായിരിക്കും.

എനിക്കെതിരെ ചുമത്തപ്പെട്ട മുഴുവൻ കേസുകളിലും ഞാൻ നിയമത്തിന്റെ മുന്നിൽ ഹാജരായിട്ടുണ്ട്. എല്ലാ കേസുകളിലും അതാത് കോടതികൾ എന്നെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുള്ളത് ആണ്. ബഹു. സുപ്രീംകോടതി, കർണാടക ഹൈക്കോടതി, കേരള ഹൈക്കോടതി തുടങ്ങിയ നീതിപീഠങ്ങളിലെല്ലാം എന്നെ നിരപരാധിയായി വിട്ടയച്ചിട്ടുള്ള വിവിധ കോടതികളുടെ 30 വിധിപകർപ്പുകളും പലപ്പോഴായി ഹാജരാക്കിയിട്ടുള്ളതും ഇതെല്ലാം ഞാനിപ്പോഴും സൂക്ഷിച്ചിട്ടുള്ളതുമാണ്.

ഇനി ഏഷ്യാനെറ്റിലെ അന്തിച്ചർച്ച വിശാരദനോട്, യശശ്ശരീരനായ ടി എൻ ഗോപകുമാർ ഉൾപ്പെടെയുള്ള പരിണതപ്രജ്ഞരും മാന്യന്മാരുമായ മാധ്യമപ്രവർത്തകർ ഏഷ്യാനെറ്റിൽ തന്നെ നിരവധി തവണ എന്റെ പ്രസംഗങ്ങളെയും പൊതുപ്രവർത്തനങ്ങളെയും ഞാൻ മുന്നോട്ട് വെക്കുന്ന മർദ്ദിതപക്ഷ രാഷ്ട്രീയം എന്ന ആശയത്തെയും വിലയിരുത്തിയിട്ടുള്ളതാണ്. ഒരു കൊടുംവിദ്വേഷ പ്രസംഗകനെ അറസ്റ്റ് ചെയ്ത ദിവസം താങ്കൾക്കുണ്ടായ സ്വാഭാവികമായ അസഹ്യതയിൽ നിന്ന് പ്രത്യേകിച്ച് യാതൊരു കാരണമോ ചർച്ചയിൽ പങ്കെടുത്ത ആരെങ്കിലും എന്നെ പറ്റി പരാമർശിക്കുന്ന സാഹചര്യമോ ഇല്ലാതെ തന്നെ താങ്കൾ പറഞ്ഞ വിഷലിപ്തമായ ആ വാക്കുകൾ ആരെ സുഖിപ്പിക്കാനായിരുന്നുവെന്ന് മനസ്സിലാക്കാൻ പാഴൂർപടി വരെ പോകേണ്ട കാര്യമില്ല.

മദനിയുടെ മനുഷ്യാവകാശത്തിന് വേണ്ടി ശബ്ദിച്ചുപോയത് വൻഖേദമുള്ള കാര്യമാണ് എന്ന് പ്രേക്ഷകരുടെ മുൻപിൽ അന്തിച്ചർച്ചയിൽ പുലമ്പിയ താങ്കൾ മനസ്സിലാക്കേണ്ടത് ഒമ്പതര കൊല്ലത്തെ അകാരണമായ കഠിനപീഡനങ്ങൾക്ക് ശേഷം ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ ഒറ്റയൊരെണ്ണം പോലും തെളിയിക്കാൻ കഴിയാതെ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് കോയമ്പത്തൂർ വിചാരണക്കോടതി വെറുതെവിട്ടതും ആ വിധി മേൽകോടതികൾ എല്ലാം ശരിവെച്ചതും ഇപ്പോൾ ഇവിടെ ബാംഗ്ലൂരിൽ കഠിന രോഗങ്ങളോട് മല്ലടിച്ചു കൊണ്ടിരിക്കുമ്പോഴും താങ്കളുടെ പുതിയ യജമാനന്മാർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രതികാര രാഷ്ട്രീയത്തിനും നീതിനിഷേധത്തിനുമെതിരെ 12 വർഷമായി നിയമപോരാട്ടം നടത്തി പിടിച്ചുനിന്ന് കൊണ്ടിരിക്കുന്നതും താങ്കളുടെ മഹത്തായ ഔദാര്യം കൊണ്ടല്ല മറിച്ച് കേരളത്തിലെ ജാതിമതഭേദമന്യേയുള്ള ഒരുപാട് നല്ല മനുഷ്യരുടെ പിന്തുണ കൊണ്ട് മാത്രമാണ്.

പിന്നെ താങ്കൾ പറഞ്ഞല്ലോ ‘മദനി അവസാന കാലത്ത് അനുഭവിക്കുന്നത് അർഹിക്കുന്നത് തന്നെയാണ്’ എന്ന്. നല്ല ആരോഗ്യവും പ്രസരിപ്പുമുണ്ടായിരുന്ന കാലത്ത് കോയമ്പത്തൂരിലെ സെഷൻസ് കോടതിയിലെ ജഡ്ജി തനികാചലം കോടതിമുറിക്കുള്ളിൽ തികഞ്ഞ പക്ഷപാതിത്തം കാണിച്ചപ്പോൾ ‘നിങ്ങൾ ഒരു നിഷ്പക്ഷനായ ജഡ്ജി അല്ല എന്ന് ബോധ്യപ്പെട്ടതിനാൽ നിങ്ങളുടെ മുന്നിൽ വിചാരണ നടത്താൻ എനിക്ക് താൽപര്യമില്ല. വെറുതെ വിചാരണ നടത്തി സമയം കളയേണ്ട. എനിക്ക് തൂക്കുമരം തന്നേക്കൂ’ എന്ന് വിളിച്ചുപറഞ്ഞ അതേ മനസ്സ് തന്നെയാണ് മദനിക്കിപ്പോഴുമുള്ളത്. അനീതിക്ക് മുന്നിൽ മുട്ടുമടക്കില്ല എന്നത് ജീവിതത്തിലെ ഉറച്ച തീരുമാനമാണ്!

താങ്കളുടെ യജമാനന്മാർക്ക് കടുത്ത നീതിനിഷേധത്തിലൂടെ എന്റെ ആരോഗ്യവും ജീവിതത്തിന്റെ ഏറിയ ഭാഗവുമൊക്കെ നഷ്ടപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ എന്റെ ആശയപ്രതിബദ്ധതയും ഇച്ഛാശക്തിയും ഒരിഞ്ചുപോലും നഷ്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നത് കൊണ്ട് തന്നെ എന്റെ ‘അവസാനകാല അനുഭവ’ത്തിന്റെ പേരിൽ താങ്കൾ കൂടുതൽ ആഹ്ലാദിക്കേണ്ടതില്ല. താങ്കൾ ഉൾപ്പടെയുള്ള അനീതിയുടെ ഒരു കാവൽക്കാരുടെ മുന്നിലും ജീവന് വേണ്ടി കൈകൂപ്പി യാചിക്കില്ല തന്നെ!

താങ്കൾ ഉണ്ട ചോറൊക്കെ മറന്ന് ഇപ്പോൾ ഉണ്ടു കൊണ്ടിരിക്കുന്നതും ഇനി താങ്കളുടെ ‘അവസാന കാലം’ വരെ ഉണ്ണാനിരിക്കുന്നതുമായ ചോറിന്‌ ശക്തമായ “നന്ദി” കാണിച്ചുകൊണ്ടിരിക്കുമ്പോൾ താങ്കളുടെ പ്രേക്ഷകർക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികൾ സമ്മാനിക്കാൻ താങ്കൾക്ക് കഴിഞ്ഞുകൊണ്ടേയിരിക്കും അത് സഹിക്കാൻ വിധിക്കപ്പെട്ട കേരളീയ സമൂഹത്തിന്റെ ഗതികേട് തുടർന്നുകൊണ്ടേരിക്കുകയും ചെയ്യും…
_ അബ്ദുന്നാസിർ മഅ്‌ദനി
ബാംഗ്ളൂർ

Follow | Facebook | Instagram Telegram | Twitter