എന്താണ് വടയമ്പാടി സമരം ? എന്തിനു വേണ്ടിയാണ് ദളിത് ജനത സമരം ചെയ്യന്നത് ?

വടയമ്പാടി ജാതി മതിൽ വിരുദ്ധ സമരത്തിനെതിരെ നടന്ന പോലീസ് നടപടി ഒരു ക്രമസമാധാന പ്രശ്നത്തിൽ സ്വാഭാവികമായി സംഭവിച്ച ഒരു ഭരണകൂട ഇടപെടലല്ല. ഭരണകൂട സംവിധാനം ദളിത് ജനതക്കെതിരായി വടയമ്പാടി എൻ.എസ്.എസ്.കരയോഗത്തിനു വേണ്ടി അന്യായമായി ഇടപെടുകയാണ് ചെയ്തത്. അത്യന്തം ഗുരുതരവും നിന്ദ്യവുമായ ഈ നീക്കം നിയമവാഴ്ചയുടെ ലംഘനമാണ്.ഈ സാഹചര്യത്തിൽ എന്താണ് വടയമ്പാടിയിൽ സംഭവിച്ചത് എന്തെന്ന്  ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വിശദീകരിക്കുന്നു.

എറണാകുളം ജില്ലയിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ സർവ്വേ നമ്പർ 223 / 24 ൽ പെട്ട ഒരേക്കറിലധികം വരുന്ന പൊതു മൈതാനമാണ് വടയമ്പാടിയിലെ തർക്കസ്ഥലം. 1967 ലെ ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് അനുവദിക്കപ്പെട്ട ആദ്യത്തെ പട്ടിക ജാതി കോളനികളിലൊന്നായ ഭജനമഠം പട്ടികജാതി കോളനിയും അതോടൊപ്പം ലക്ഷം വീട് കോളനിയും സെറ്റിൽമെന്റ് കോളനിയും ഈ പൊതുമൈതാനത്തിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്നു. ഈ മൂന്ന് കോളനികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ റവന്യൂ പുറമ്പോക്ക് പൊതു മൈതാനം ദളിത് ജനവിഭാഗങ്ങളുടെ സാമൂഹ്യ സാംസ്കാരിക പിന്നോക്കാവസ്ഥ മറികടക്കുന്നതിനായി ഉപയോഗിക്കുന്നതിനും ഭൂരഹിതരായ ദളിത് ജനവിഭാഗങ്ങൾക്ക് നൽകുന്നതിനുമായി നീക്കി വച്ചിരിക്കുന്ന ഭൂമിയാണ്.

ദളിത് ജനവിഭാഗങ്ങളുടെ കലാകായിക വിനോദാവശ്യങ്ങൾക്കും നടവഴിയായി ഈ മൈതാനം ഉപയോഗിച്ചു വന്നിരുന്നു. പറയ സമുദായത്തിൽ പെട്ട മാക്കോത പാപ്പു പ്രതിഷ്ഠ വച്ച് പൂജ നടത്തുകയും പുലയ സമുദായഅംഗമായ നടത്താക്കുടി ചോതി എന്ന വെളിച്ചപ്പാട് കൊടുവാളും ചിലങ്കയും സൂക്ഷിച്ചിരുന്നതുമായ തറ (പതി ) ഈ മൈതാനത്തിനുള്ളിലാണ്. ഈ പൊതുമൈതാനത്തോട് ചേർന്നുള്ള ഒരേക്കർ ഇരുപത് സെന്ററിൽ അതിന്റെ ഉടമയായിരുന്ന ഇരവി രാമൻ നായർ എന്നയാൾ ദേവീ ഭജന നടത്തി വന്നിരുന്നതാണ്. ഇയാളുടെ മരണശേഷം എൻ.എസ്.എസ്.കരയോഗം ഇത് കൈവശപ്പെടുത്തി ഭജനമഠം എന്ന പേരിൽ ക്ഷേത്രമാക്കുകയുണ്ടായി. 2017 മാർച്ചിൽ എൻ.എസ്.എസ് കരയോഗം പോലീസ് സഹായത്തോടെ പത്തടി ഉയരത്തിൽ പൊതു മൈതാനത്തിനു ചുറ്റും മതിലു കെട്ടാൻ ആരംഭിച്ചു.

മുവാറ്റുപുഴ ആർ ഡി ഓ ആയിരുന്ന രാമചന്ദ്രൻ നായർ എന്നയാൾ ഭജനമഠം ക്ഷേത്രം ഇരിക്കുന്ന ഒരേക്കർ ഇരുപത് സെൻറ് സ്ഥലത്തിന് ചുറ്റുമതിൽ കെട്ടാൻ എന്ന വ്യാജേന ഇറക്കിയ ഉത്തരവ് ഉപയോഗപ്പെടുത്തി കൊണ്ടാണ് ഈ മതിൽ നിർമ്മാണം നടന്നത്. ഇതിനെതിരെ സമീപവാസികളായ ദളിത് ജനത പ്രതിഷേധിച്ചപ്പോഴാണ് 1981 ൽ G.O.M.S. No 230 / 81 / RD ആയി ഉള്ള ഉത്തരവനുസരിച്ച് 95 സെൻറ് വരുന്ന ഈ റവന്യൂ പുറമ്പോക്ക് പൊതുമൈതാനം വടയമ്പാടി എൻ എസ് എസ് കരയോഗത്തിന് അമ്പലത്തിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പതിച്ചു നൽകിയതായി അറിയുന്നത്. ഈ നടപടി തീർത്തും നിയമവിരുദ്ധവും ഭരണഘടനാ ലംഘനവും പൊതുതാത്പര്യത്തിന് വിരുദ്ധവുമാണ്. ഇത് റദ്ദാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ സമരസമിതി ആരംഭിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ ദളിത് ഭൂ അവകാശ സമര മുന്നണി രൂപീകരിച്ചുകൊണ്ട് വടയമ്പാടി കോളനി മൈതാനത്തിന്റെ വ്യാജപട്ടയം റദ്ദാക്കുക , റവന്യൂ പറമ്പോക്ക് പൊതു ഉടമസ്ഥതയിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഈ പ്രദേശത്തെ ദളിത് ജനത സമരമാരഭിക്കുകയും ചെയ്തു. ക്ഷേത്രമതിൽ പൊതുമൈതാനം കയ്യേറി നിർമ്മിച്ചതാണെന്നും സർവേ നടത്തി വിസ്തീർണം ബോധ്യപ്പെടുത്തണമെന്നും കയ്യേറ്റം ഒഴിപ്പിക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും റവന്യൂ അധികാരികൾ യാതൊരു നടപടികളും സ്വീകരിക്കാത്തതിനെ തുടർന്നാണ് 2017 ഏപ്രിൽ 14 ന് അംബേദ്‌കർ ജയന്തി ദിനത്തിൽ സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിച്ച ദളിത് ജനത എൻ.എസ്.എസ് കരയോഗം നിയമവിരുദ്ധമായി പൊതു മൈതാനം കയ്യേറി നിർമ്മിച്ച ചുറ്റുമതിൽ പൊളിച്ച് കളഞ്ഞത്.

ഇത് സംബന്ധിച്ച് തർക്കം സിവിൽ കോടതിയുടെയും റവന്യൂ അധികാരികളുടേയും പരിഗണനയിലിരിക്കയാണ്. മതിൽ പൊളിച്ചതിനെ തുടർന്ന് 5.06.2017 ന് വടയമ്പാടി സമരത്തെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനായി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ എറണാകുളം ജില്ലാ കലക്റ്റർ വിളിച്ചു ചേർത്ത യോഗത്തിൽ വച്ച് കോടതിയിൽ തീരുമാനമാകുന്നത് വരെ തർക്കസ്ഥലത്തു തൽസ്ഥിതി നിലനിറുത്തണമെന്നു നിർദേശിക്കുകയുണ്ടായി.

എന്നാൽ 16.1.2018 ൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സമരമുന്നണി കൺവീനർ എം.പി.അയ്യപ്പൻ കുട്ടിക്ക് ഒരു നോട്ടീസ് നൽകുകയുണ്ടായി. ഭജനമഠം ക്ഷേത്രത്തിൽ ഉത്സവം ജനുവരി 22 മുതൽ 25 വരെ നടക്കുകയാണെന്നും അമ്പലത്തിലെ ഉത്സവത്തിന് വരുന്ന ഭക്തർക്കും മറ്റും അമ്പലത്തിലേയ്ക്ക് കയറുവാനുള്ള കവാടത്തിൽ അനധികൃതമായി പന്തൽ കെട്ടി വഴി തടസപ്പെടുത്തിയിരിക്കയാണെന്നും അത് പൊളിച്ച്‌ കളയണമെന്നുമായിരുന്നു നോട്ടീസ്.

പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വരുന്ന പൊതുസ്ഥലത്തിന്റെ കയ്യേറ്റ ശ്രമങ്ങൾ ഒഴിപ്പിക്കുന്നതിനു ശ്രമിക്കേണ്ട അധികൃതർ ആ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ കൈക്കൊണ്ടു വന്നതിന്നെ തുടർന്ന് ഈ പ്രദേശത്തെ ജനങ്ങൾ ദളിത് ഭൂ അവകാശ സമര മുന്നണി രൂപീകരിച്ച് കഴിഞ്ഞ ഒരു വർഷക്കാലമായി ഈ പ്രദേശത്ത് സമരപന്തൽ കെട്ടി സമരം ചെയ്തു വരികയാണെന്നും പന്തൽ കെട്ടിയ ഭാഗത്ത് കൂടി പൊതു മൈതാനത്തിലേയ്ക്കോ ക്ഷേത്രത്തിലേയ്ക്കോ യാതൊരു പ്രവേശനകവാടങ്ങളുമില്ലാത്തതാണെന്നും സമരപന്തൽ നിൽക്കുന്നയിടത്ത് നിന്നും മൂന്നടിക്കും മേലെ ഉയരത്തിൽ ആണ് ഈ പൊതുമൈതാനം കിടക്കുന്നതെന്നും ഈ സ്ഥലത്തിന് തെക്കും വടക്കുമായിട്ടാണ് മൈതാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള വഴി ഉള്ളതെന്നും കാണിച്ച് ഒരു മറുപടി കൺവീനർ അയ്യപ്പൻ കുട്ടി 17 തീയതി തന്നെ പൊലീസിന് നൽകുകയുണ്ടായി.

എന്നാൽ ഇരുപത്തൊന്നാം തീയതി പുലർച്ചെ 5.30 മണിയോട് കൂടി പുത്തൻകുരിശ് സി ഐ സാജൻ സേവ്യറുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തുകയും സമരപന്തൽ പൊളിച്ച് നീക്കുകയും ചെയ്തു. പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച സമരസമിതിയിലെ എട്ടു പേരെയും സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ഓൺലൈൻ മാധ്യമമായ ന്യൂസ് പോർട്ടിന്റെ എഡിറ്റർ അഭിലാഷ് പടച്ചെരിയെയും ഡെക്കാൻ ക്രോണിക്കിൾ ൽ ഇന്റേൺഷിപ്പ് ചെയ്യുന്ന അനന്തു ആശാ രാജഗോപാലിനെയും കസ്റ്റഡിയിലെടുത്തു.

അതിൽ കെ.പി.എം.എസ് ന്റെ കുന്നത്ത്നാട് താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറിയും സമരസമിതിയുടെ നേതാവുമായ ഐ ശശിധരൻ വടയമ്പാടിയെ ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പോലീസ് സമരപന്തൽ പൊളിച്ച് നീക്കുകയും ഇടിവണ്ടി സമരപന്തൽ നിന്നിടത്ത് കൊണ്ട് വന്ന് നിർത്തുകയും ചെയ്തു. തുടർന്ന് പോലീസിന്റെ സഹായത്തോടെ എൻ.എസ് എസ് കരയോഗം അവിടെ ഒരു പുതിയ വഴി വെട്ടുകയും മൈതാനത്തിലേയ്ക്ക് കയറുന്നതിന് പടവുകൾ നിർമ്മിക്കുകയും അവിടെ ഭജനമഠം ദേവീ ക്ഷേത്രം എന്ന് പേരെഴുതിയ ഒരു കമാനം സ്ഥാപിക്കുകയും ചെയ്തു.

അടിസ്ഥാനപരമായി ഭജനമഠത്തിലേത് ഒരു സിവിൽ തർക്കമാണ്. ഇതുസംബന്ധിച്ച തർക്കങ്ങൾ സിവിൽ കോടതിയുടെ പരിഗണനയിലാണ്. സിവിൽ കോടതിയുടെ പരിഗണനയിലുള്ള ഒരു പ്രശ്നത്തിൽ പോലീസ് ഇടപെടാതിരിക്കുക എന്നത് നമ്മുടെ നാട്ടിൽ നാളിതു വരെ തുടർന്ന് വരുന്ന സാമാന്യ നീതിയാണ്. എന്നാൽ ഇവിടെ പോലീസ് അത് ലംഘിച്ചുവെന്ന് മാത്രമല്ല പൊതുമൈതാനം എൻ.എസ്.എസ് കരയോഗത്തിന് കീഴിലുള്ള ഭജനമഠം ദേവീ ക്ഷേത്രത്തിന്റെ കൈവശത്തിലുള്ളതാണെന്ന് കാണിക്കുന്നതിനായുള്ള കള്ള തെളിവുകൾ ഉണ്ടാക്കുക കൂടിയാണ് ചെയ്തത്.

അതുവഴി പൊതു ഉടമസ്ഥതയിലും ഉപയോഗത്തിലും ഉണ്ടായിരുന്ന ഭൂമിയിൽ നിന്ന് വടയമ്പാടിയിലെ ദളിത് ജനതയെ എന്നെന്നേക്കുമായി അകറ്റി നീക്കി നിർത്തുക എന്ന സവർണ്ണ ജാതി മേധാവിത്വത്തിന്റെ താല്പര്യം സംരക്ഷിക്കാൻ ഭരണകൂട സംവിധാനത്തെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിയമപ്രകാരം ശിക്ഷാർഹമായ കറ്റകൃത്യമാണ് പോലീസും എൻ.എസ്.എസ് കരയോഗവും ചേർന്ന് നടത്തിയിട്ടുള്ളത്. പോലീസ് ഉൾപ്പെടെയുള്ള ഭരണകൂട സംവിധാനം കൂടി ചേർന്ന് കൊണ്ട് നടപ്പിലാക്കിയ ഈ കുറ്റകൃത്യങ്ങൾ പൊതുസമൂഹത്തിൽ നിന്നും മറച്ച്പിടിക്കുന്നതിനു വേണ്ടിയും വടയമ്പാടിക്കപ്പുറത്തേയ്ക്ക് ദളിത് ജനത നേരിട്ട ഈ ജാതി അടിച്ചമർത്തലും വിവേചനവും എത്താതിരിക്കുന്നതിനുമാണ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും കള്ളക്കേസ് ചുമത്തി റിമാൻഡ് ചെയ്തതും ഈ സമരത്തെ മാവോയിസ്റ്റ് സമരമായി ചിത്രീകരിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതും .

ഗുരുതരമായ നിയമലംഘനവും നിയമവാഴ്ചയുടെ സമ്പൂർണ്ണമായ പരാജയവുമാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഇത് നടന്നത് നമുക്ക് ജാതിയില്ല എന്ന് വിളിച്ചു കൂവുന്ന ‘പുരോഗമന’ കേരളത്തിലാണ്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞു കൊണ്ട് അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഭരിക്കുമ്പോഴാണ്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോഴാണ്. ഈ ജാതി അടിച്ചമർത്തലിനു നേതൃത്വം നൽകിയ ആളുകൾ ശിക്ഷിക്കപ്പെടേണ്ടതുണ്ട്.

Share Widely
  • 45
    Shares

Leave a Reply

Your email address will not be published. Required fields are marked *