എസ്.ഡി.പി.ഐ എന്ന രൂപകം

പല മുസ്‌ളീം സംഘടനകളുടെയും പൊതു പരിപാടികളില്‍ പങ്കെടുക്കാറുള്ള തന്നെ എസ്ഡിപിഐകാരന്‍ എന്ന് വിശേഷിക്കുന്നതിനെ കുറിച്ച് രാഷ്ട്രീയപ്രവര്‍ത്തകന്‍ കൂടിയായ വി.ആര്‍ അനൂപ് തന്റെ വാളിലെഴുതിയിരുന്നു. ഇത് ഒറ്റപ്പെട്ടതല്ല. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന നിരവധി പേര്‍ നമുക്കു ചുറ്റിലുമുണ്ട്. ‘ബിരിയാണി ദളിത് എന്ന പ്രയോഗം തന്നെയുണ്ടല്ലോ.

മുസ്ലിം മത യാഥാസ്ഥിതികത്വത്തിന്റെയും ‘വര്‍ഗീയത’യുടെയും പ്രകടിത രൂപമായി എസ്ഡിപിഐയെ സ്ഥാപിക്കുന്ന ഒരു ആഖ്യാന പരിസരത്തുനിന്നാണ് ഇതിന്റെ ഉത്ഭവം. സത്യത്തില്‍ എസ്ഡിപിഐ എന്ന സംഘടനയുമായി ഈ ആഖ്യാനത്തിന് വലിയ ബന്ധമൊന്നുമില്ല. വിശ്വാസിയെന്ന നിലയിലോ അല്ലാതെയോ ഇസ്ലാമുമായി ഏതെങ്കിലും നിലയില്‍ ബന്ധപ്പെടുത്താവുന്ന എല്ലാ തിന്മകളുടെയും പ്രകടിതവും ഘനീഭവിക്കപ്പെട്ടതുമായ രൂപത്തിന്റെ മറുവാക്കോ പര്യായമോ ആണിത്. എസ്ഡിപിഐ ഒരു രൂപകമാണ് എന്നാണ് പറഞ്ഞു വരുന്നത്.

മുസ്ലിം സ്വത്വത്തിന്റെ ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നതിന് വി ആര്‍ അനൂപിന് ലഭിച്ച പട്ടമാണ് എസ്ഡിപിഐക്കാരന്‍.
ഹിന്ദുത്വരുടെയും ഹിന്ദുത്വ സെക്കുലര്‍ ചിന്ത വെച്ചു പുലര്‍ത്തുന്നവരുടെയും മാപ്പിളപ്പേടിയും അത് ഊട്ടിയുറപ്പിക്കുന്ന ചിന്താധാരകളുമാണ് ഈ നാമകരണത്തിനു പിന്നില്‍. മുസ്ലിംസമൂഹത്തെ പിശാചുവല്‍ക്കരിക്കുന്നതില്‍ ഈ നാമകരണം വലിയ പങ്കുവഹിക്കുന്നു. വംശീയതയിലൂന്നിയ മുസ്‌ളിം വിരുദ്ധക്ക് പൊതുസമ്മതി നേടിക്കൊടുക്കുന്നതിലും ഇതിന്റെ പങ്ക് നിസ്സാരമല്ല.

കുറച്ചു കാലം മുന്‍പ് ഇതേ പദവിയില്‍ പിഡിപിയെയാണ് പ്രതിഷ്ഠിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ ലൈംഗിക അരാജകത്വം വരെ പിഡിപിയില്‍ ആരോപിക്കപ്പെട്ടിരുന്നു. മദനിയെ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത വസ്തുക്കളില്‍ നിരോധും ഉള്‍പ്പെട്ടിരുന്നല്ലോ. ഇതിനും മുന്‍പ് വിവിധ കാലയളവിലായി മുസ്‌ളീം ലീഗും ജമായത്തും ഇതേ ‘പദവി’കളില്‍ ഉള്‍പ്പെട്ടിരുന്നു. അതിനുമുമ്പ് കമ്യൂണിസ്റ്റുകളുടെ ഊഴമായിരുന്നു. ഷര്‍ട്ടിന്റെ കൈ തെരുത്തു ചുരുട്ടിവെച്ചവരൊക്കെ അക്കാലത്ത് സവര്‍ണ ഭൂപ്രഭു വര്‍ഗത്തിന്റെ ഗുണ്ടകളുടെയും പോലിസിന്റെ മര്‍ദ്ദനത്തിനു വിധേയരായി. കോണ്‍ഗ്രസുകാരും ഇതിന്റെ ഇരകളായിരുന്ന കാലമുണ്ട്.

ഇത്തരം രൂപകങ്ങളാല്‍ വിശേഷിപ്പിക്കപ്പെടുന്നവര്‍ നേരിടുന്ന മറ്റൊരു ആരോപണം അവര്‍ ആരുടേയോ ചട്ടുകങ്ങളാണെന്നാണ്. അതിന്റ പേരില്‍ ഫണ്ടു കിട്ടുമെന്നും ആരോപിക്കും. അതേസമയം ഇത്തരം ആരോപണങ്ങളൊന്നും ഹിന്ദത്വര്‍ക്കെതിരെ ആരോപിക്കാറുമില്ല. ഈ ഫണ്ടില്‍ ഫോറിന്‍ ഫണ്ടും ഉള്‍പ്പെടും. എണ്‍പതുകളിലും തൊണ്ണൂറുകളിലും ദലിത് രാഷ്ട്രീയപ്രവര്‍ത്തകര്‍ നേരിട്ട പ്രധാന ആരോപണങ്ങളിലൊന്ന് ഇതായിരുന്നു.

ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാനില്‍ നിന്നും കമ്യുണിസ്റ്റുകള്‍ക്ക് റഷ്യയില്‍ നിന്നും ഫണ്ടു ലഭിക്കുന്നുണ്ടെന്നും പഴയ കാലത്ത് ആരോപണമുയര്‍ന്നിരുന്നു. തനിക്കെതിരെ വത്തിക്കാന്‍ ചാരനെന്ന ആരോപണം ഉയര്‍ന്നതിനെ കുറിച്ച് മുണ്ടശ്ശേരി ‘കൊഴിഞ്ഞ ഇലകളില്‍’ എഴുതിയിട്ടുണ്ട്. ചൈനീസ് ചാരന്മാരുടെ മേലങ്കിയോടെ നിരവധി കമ്യണിസ്റ്റുകള്‍ ഇന്ത്യന്‍ ജയിലില്‍ കിടക്കേണ്ടിവന്നത് സ്വാതന്ത്ര്യാനന്തരമാണ്.

പുതിയ കാലത്ത് വൈദീശിക സ്വാധീനത്തിന്റെ ആരോപണങ്ങള്‍ പ്രധാനമായും മുസ്ലിങ്ങള്‍ക്കെതിരെയാണ് നീളുന്നത്. ഹിന്ദുത്വവാദികളോടൊപ്പം ഹിന്ദുത്വ സെക്കുലറുകളും തീവ്ര ദേശീയതയുടെ ആശയസംഹിത പങ്കുവെക്കുന്ന ഒരു സന്ദര്‍ഭമാണിത്.

ഇതുപോലെത്തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു രൂപകമാണ്, മാവോയിസ്റ്റ്. പോലിസും ഭരണകൂട ചിന്തകരുമാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഭരണപക്ഷ ചിന്തകള്‍ക്ക് എതിര്‍നില്‍ക്കുന്ന ഏതിനെയും വിളിക്കാനുള്ള മറുവാക്കാണ് ഇത്. കഞ്ചാവടിക്കുന്നവര്‍, ബോബ് മാര്‍ലിയുടെയും കഞ്ചാവിന്റെയും പ്രിന്റുളള ഷര്‍ട്ടിടുന്നവര്‍, മുടി നീട്ടിവളര്‍ത്തിയവര്‍ ഇവരൊക്കെ ഇത്തരത്തിലുള്ള രൂപകങ്ങളാല്‍ വേട്ടയാടപ്പെട്ടവരാണ്.

ഇതിനും മുന്‍പ് ചോദ്യം ചെയ്യുന്നവരുടെ പ്രതിനിധാനമായി നക്‌സലൈറ്റ് എന്ന വാക്ക് പ്രചാരത്തിലുണ്ടായിരുന്നു. വടക്കേ ഇന്ത്യയില്‍ ഇന്നും ഇത് പ്രചാരത്തിലുണ്ട് എന്ന് ചില വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാം. ഓരോ കാലത്തും ഇത്തരം രൂപകങ്ങള്‍ വന്നും പോയും ഇരിക്കാറുണ്ട്. ഉള്ളവയ്ക്ക് സ്ഥാനാന്തരം വരികയും പുതുക്കപ്പെടുകയും ചെയ്യും. അധികാരത്തിന്റെ പ്രധാന മര്‍ദ്ദനോപാധികളിലൊന്നാണ് ഇത്തരം രൂപകങ്ങള്‍.

Share Widely
  • 1
    Share

Leave a Reply

Your email address will not be published. Required fields are marked *