ബാബരി മസ്ജിദില്‍ നിന്നും ശബരിമലയിലേക്ക്

അയോധ്യയിൽ കർസേവ നടത്തി ബാബരി മസ്ജിദ് തകർത്ത് നാടൊട്ടുക്കും വർഗ്ഗീയ കലാപങ്ങൾ നടത്തിയ ഹിന്ദുത്വ ഫാഷിസം കേരളീയ സമൂഹത്തിലേക്ക് പ്രവേശിക്കാൻ ശബരിമലയുമായി ബന്ധപ്പെട്ട കോടതി വിധിയെ ഉപയോഗപ്പെടുത്തുക എന്ന അജണ്ടയാണ് മുന്നോട്ട് വെക്കുന്നത്. ഉത്തരേന്ത്യയിൽ രാമജന്മഭൂമി വിഷയം ഉയർത്തിക്കൊണ്ട് വന്ന് നിരന്തരം സംഘർഷങ്ങൾ സൃഷ്ടിച്ച് നടത്തിയ തേരോട്ടത്തിന്റെ ഫലമായി രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം ഇവർ കരസ്ഥമാക്കിയിരുന്നു. മതവിദ്വേഷവും വർഗീയ കലാപങ്ങളും വംശഹത്യയും കൈമുതലാക്കിയ സംഘ് പരിവാര്‍ ഉത്തരേന്ത്യയിൽ വികസിപ്പിച്ചെടുത്ത തന്ത്രം കേരളത്തിൽ നടപ്പിൽ വരുത്താൻ സാധ്യമാണോ എന്ന അന്വേഷണത്തിലാണ്.

ശബരിമല ഒരു സമസ്യയാണെന്നും ആ സമസ്യയെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്നും അതിനുള്ള ഒരു സുവർണാവസരമാണ് കോടതി വിധി നമുക്ക് നൽകിയത് എന്നും പ്രവർത്തകർക്ക് ആവേശോജ്ജ്വലമായി ക്ലാസ്സെടുക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെയാണ് ഇവിടെ കാണുന്നത്. ഇങ്ങിനെ സുവർണാവസരം മുതലാക്കാൻ ഇറങ്ങി തിരിച്ച സംഘ് പരിവാര്‍ ശബരിമലയിൽ കാട്ടികൂട്ടിയ ആക്രമങ്ങൾ വിളിച്ചു പറയുന്നതെന്താണെന്ന് പകൽ പോലെ വ്യക്തമാണ്. അവര്‍ മറ്റൊരു അയോധ്യയായി ശബരിമലയെ മാറ്റി തീർക്കാമെന്ന് ചുരുക്കം.

അയോധ്യയിൽ ബാബരി മസ്ജിദ് തകർക്കാനും രാമജന്മഭൂമി വിഷയം ആളിക്കത്തിക്കാനും ഹിന്ദുത്വ ഫാഷിസം ശ്രമിച്ചത് ഹിന്ദു- മുസ്‌ലിം എന്ന ദ്വന്ദ്വത്തെ മുൻനിർത്തിയായിരുന്നു. അഥവാ ഹിന്ദു സ്വത്വത്തെ ഊതിവീർപ്പിക്കുകയും മുസ്‌ലിം സ്വത്വത്തെ അപരവൽക്കരിച്ച് ശത്രുപക്ഷത്ത് നിർത്തി കൊണ്ടുള്ള ഒരു കടന്നു കയറ്റത്തിലൂടെയാണ് ബാബരി മസ്ജിദ് തകർത്തതും വിഗ്രഹ പ്രതിഷ്ഠ നടത്തിയതും.

പക്ഷെ കേരളത്തിൽ ശബരിമല കലാപഭൂമിയാക്കാൻ ശ്രമിക്കുമ്പോൾ മുസ്‌ലിം സ്വത്വം എന്നതിന് പകരം ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്നത് കമ്യൂണിസ്റ്റ് സ്വത്വമാണ് എന്ന വ്യത്യാസം മാത്രം.  വിചാരധാരയിൽ പറഞ്ഞ രണ്ടാമത്തെ ആഭ്യന്തര ശത്രുവിനെയാണ് പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്. കമ്യൂണിസ്റ്റുകൾ വിശ്വാസത്തെയും ആചാരത്തെയും തകർത്തെറിയാൻ വന്നവരാണെന്ന് നിരന്തരം മുറവിളി കൂട്ടി പ്രചരണം സംഘടിപ്പിച്ച് തങ്ങൾ വിശ്വാസികളുടെ സംരക്ഷകരാണെന്ന വ്യാജ പൊതുബോധം സൃഷ്ടിക്കുവാനുള്ള പ്രവർത്തനങ്ങളാണ് പിത്തലാട്ടങ്ങളായി ഇപ്പോൾ ശബരിമലയിൽ നിന്ന് പുറത്ത് വരുന്നത്.

യുക്തിരഹിതമായ വാദമുഖങ്ങളിലാണ് ഫാഷിസ്റ്റ് സിദ്ധാന്തം നിലയുറപ്പിച്ചിരിക്കുന്നത്. മനുഷ്യബുദ്ധിക്കോ ആധുനിക ജനാധിപത്യബോധത്തിനോ യോജിക്കാൻ കഴിയാത്ത തീർത്തും നിരർത്ഥകമായ വാദമുഖങ്ങൾ ഉയർത്തി കൊണ്ടുവന്ന് ജനങ്ങളുടെ വൈകാരികതയെ ഇളക്കിവിട്ട് കൊണ്ടാണ് ചരിത്രത്തിൽ ഫാഷിസം അതിന്‍റെ രഥയാത്രകൾ സംഘടിപ്പിത്. ഒരു പ്രദേശത്തിന്‍റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും പിടിച്ചെടുത്ത് വിശ്വാസി സമൂഹത്തിന്‍റെ ഇടയിൽ നുഴഞ്ഞു കയറി വർഗീയത ഇളക്കിവിട്ട് സംഘർഷ ഭൂമികയിലൂടെ ആധിപത്യം ഉറപ്പിക്കുക എന്ന തന്ത്രമാണ് ഇവർ പയറ്റി കൊണ്ടിരിക്കുന്നത്.

അയോധ്യയിൽ രാമനെ മുന്നോട്ട് വെച്ചുകൊണ്ട് നടത്തിയ തേരോട്ടം ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. മറിച്ച് പതിറ്റാണ്ടുകൾ കൊണ്ട് നുണപ്രചാരണത്തിലൂടെ ചരിത്രത്തെ വളച്ചൊടിച്ചും അക്രമത്തിലൂടെയും വികസിപ്പിച്ചെടുത്ത രാമനെ അയോധ്യയിൽ പ്രതിഷ്ഠിക്കുകയായിരുന്നു. മതത്തെയും മതവിശ്വാസത്തെയും ആചാരത്തെയും പിടിച്ചെടുത്ത് മത വർഗീയവൽക്കരണത്തിലൂടെ രാഷ്ട്രീയാധികാരം കയ്യാളുക എന്ന അജണ്ടയിലേക്കാണ് ഹിന്ദുത്വ ഫാഷിസം കേരളത്തെ ലക്ഷ്യമാക്കുന്നത്.

ഹിന്ദുത്വ ഫാഷിസത്തിന്റെ തലതൊട്ടപ്പനായിരുന്ന വി ഡി സവര്‍ക്കര്‍ നിരീശ്വര വാദിയായിരുന്നു എന്ന് നാം അറിയുമ്പോൾ വിശ്വാസ സംരക്ഷണം എന്നതല്ല ഇവരുടെ ലക്ഷ്യമെന്ന് മനസ്സിലാവും. സത്യത്തിൽ ഇവർക്ക് മതമോ വിശ്വാസമോ ആചാരമോ ഒന്നുമല്ല പ്രശ്നം. മറിച്ച് മതത്തെയും വിശ്വാസത്തെയും മുതലെടുത്ത് എങ്ങിനെ രാഷ്ട്രീയാധികാരം നേടാം എന്ന ലക്ഷ്യമാണ്. അതുകൊണ്ടു തന്നെ ഹിന്ദുമത വിശ്വാസവും ഹിന്ദുത്വ ഫാഷിസവും രണ്ടാണെന്ന തിരിച്ചറിവ് നമുക്കെല്ലാവർക്കും ഉണ്ടാവേണ്ടതാണ്.

ശബരിമല വിഷയത്തില്‍ ദൗർഭാഗ്യകരമെന്ന് പറയട്ടെ,  മതനിരപേക്ഷമെന്ന് വിളിക്കുന്ന കോൺഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെട്ട യു.ഡി.എഫ് സംവിധാനം എടുത്തിരിക്കുന്ന നിലപാടുകൾ (നിലപാടില്ലായ്മ എന്ന് സാരം) ഫാഷിസത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്നു എന്നുള്ളതാണ് യാഥാർത്ഥ്യം.  ഹിന്ദുത്വ ഫാഷിസത്തിന്റെ അജണ്ടയിലേക്ക് യു.ഡി.എഫ് വഴുതി വീണു എന്നർഥം. ഇത്തരത്തിൽ ഹിന്ദുത്വ സമീപനം ഉത്തരേന്ത്യയിൽ കോൺഗ്രസ് എടുത്തപ്പോൾ സംഭവിച്ചത് ഹിന്ദുത്വ ഫാഷിസത്തിന്റെ വളർച്ചയും കോൺഗ്രസിന്റെ തകർച്ചയുമാണ്. നെഹ്റുവിയൻ കോൺഗ്രസ്സിൽ നിന്ന് ഹിന്ദുത്വത്തിലേക്കുള്ള വഴുക്കലുകൾ എൺപതുകളിൽ തുടങ്ങി ഇപ്പോൾ രണ്ടായിരത്തി പതിനെട്ടിൽ ശബരിമലയിൽ എത്തി നിൽക്കുന്നു.

ഇപ്പോൾ നമ്മുടെ വീട്ടുമുറ്റത്ത് എത്തിയിരിക്കുന്ന അല്ലെങ്കിൽ നമ്മുടെ അമ്പലനടയിൽ കയറി ഇരിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ ഫാഷിസത്തെ ചെറുത്ത് നിന്ന് തോൽപിച്ചില്ലെങ്കിൽ സംഭവിക്കാൻ പോവുന്നത് മതനിരപേക്ഷതയുടെ പരാജയമാണ്. ഈ പരാജയത്തെ തടഞ്ഞ് നിർത്താൻ സമൂഹത്തിലെ എല്ലാ മതനിരപേക്ഷ പ്രസ്ഥാനങ്ങളും ഒന്നിച്ചണിനിരക്കണം. ശബരിമലയിലെ കോടതിവിധി നവോത്ഥാന മുന്നേറ്റങ്ങൾക്ക് ശക്തി പകരുന്നതോടൊപ്പം ശബരിമലയെ മറ്റൊരു അയോധ്യയാക്കാൻ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഹിന്ദുത്വ ഫാഷിസത്തെ ചെറുത്ത് തോൽപിക്കാൻ കെൽപുള്ളതുമാവണം.
_ കെ പി ഹാരിസ്
ഫോൺ_ 9744888433

Leave a Reply