ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് മുന്‍പ് വാജ്പേയി കര്‍സേവകരോട് നടത്തിയ പ്രസംഗം

സുപ്രീംകോടതിയുടെ വിധി കര്‍സേവ നിര്‍ത്താന്‍ പറയുന്നില്ല. വാസ്തവത്തില്‍ കര്‍സേവ നടത്താൻ കോടതി നമുക്ക് അധികാരം തന്നിരിക്കുകയാണ്. അല്ലെങ്കിലും കര്‍സേവ നിര്‍ത്തുന്ന ചോദ്യമേ ഉദിക്കുന്നില്ലല്ലോ. നാളെ കര്‍സേവ നടക്കുമ്പോള്‍ സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമല്ല, വിധിയുടെ നടപ്പാക്കലാണ് സംഭവിക്കാന്‍ പോവുന്നത്…

1992 ഡിസംബര്‍ 5ന്, ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുന്നതിന് തലേന്ന് രാത്രി കര്‍സേവകരെ അഭിസംബോധന ചെയ്തുകൊണ്ട്, മസ്ജിദ് തകര്‍ക്കാനുള്ള ഗൂഢപദ്ധതി അവരോടൊപ്പം ആസ്വദിച്ചുകൊണ്ട്‌ അടല്‍ ബിഹാരി വാജ്പേയി ലക്‌നൗവിലെ അമീനബാദ് ജന്‍ദിവാലന്‍ പാര്‍ക്കില്‍ നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങള്‍.

കർസേവകരെ ആവേശത്തിലാക്കുന്ന പ്രസംഗത്തിൽ കോടതി നിര്‍ദ്ദേശങ്ങളെ എങ്ങനെ മറി കടക്കാമെന്ന് ഭംഗ്യന്തരേണ സൂചിപ്പിച്ചുക്കുകയാണ് വാജ്പേയി.

“സുപ്രീംകോടതിയുടെ വിധി കര്‍സേവ നിര്‍ത്താന്‍ പറയുന്നില്ല. വാസ്തവത്തില്‍ കര്‍സേവ നടത്താൻ കോടതി നമുക്ക് അധികാരം തന്നിരിക്കുകയാണ്. അല്ലെങ്കിലും കര്‍സേവ നിര്‍ത്തുന്ന ചോദ്യമേ ഉദിക്കുന്നില്ലല്ലോ. നാളെ കര്‍സേവ നടക്കുമ്പോള്‍ സുപ്രീംകോടതിയുടെ വിധിയുടെ ലംഘനമല്ല, വിധിയുടെ നടപ്പാക്കലാണ് സംഭവിക്കാന്‍ പോവുന്നത്.

ലക്‌നൗ ഹൈകോടതി തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ട് അയോധ്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യരുതെന്നാണ് സുപ്രീംകോടതി നമ്മളോട് പറഞ്ഞത്. പക്ഷേ ഭജനയും കീര്‍ത്തനങ്ങളും നടത്താന്‍ പറഞ്ഞിട്ടുണ്ട്. ഭജന ഒരാള്‍ നടത്തുന്നതല്ല. കീര്‍ത്തനത്തിനാണെങ്കില്‍ അതിലും കൂടുതല്‍പേര്‍ വേണം. ഇതൊന്നും നിന്നുകൊണ്ട് ചെയ്യാന്‍ പറ്റില്ല. എത്രനേരം നിൽക്കും ? ബഡേശ്വറില്‍ വച്ചു കണ്ട ഒരു ബാബയോട് താങ്കള്‍ എത്രനേരമായി നില്‍ക്കുന്നു എന്നു ചോദിച്ചപ്പോള്‍ പന്ത്രണ്ടു കൊല്ലമായി നില്‍ക്കുന്നു, ഇന്ത്യയില്‍ പശുക്കള്‍ സംരക്ഷിക്കപ്പെടുന്നതുവരെ നില്‍ക്കും എന്നാണദ്ദേഹം പറഞ്ഞത്. അതിനുള്ള കാര്യങ്ങള്‍ ഞങ്ങള്‍ പാര്‍ലിമെന്റില്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

അവിടെ (അയോധ്യയില്‍) നിലത്ത് കൂര്‍ത്ത കല്ലുകളുണ്ട്. അവിടെ ആര്‍ക്കും ഇരിക്കാനാവില്ല. തറ നിരപ്പാക്കി ഇരിക്കാൻ അനുയോജ്യമാക്കേണ്ടതുണ്ട്. യാഗം നടത്തേണ്ടതുണ്ട്. അതിനൊരു പ്ലാറ്റ്ഫോം എങ്കിലും പണിയേണ്ടിവരും. കോടതി നിര്‍മ്മാണമൊന്നും പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഭജനയ്ക്കും കീര്‍ത്തനത്തിനുമൊക്കെ ദക്ഷിണേന്ത്യയില്‍ നിന്നും ഒരുപാട് ആളുകള്‍ വരുന്നുണ്ട്, അവര്‍ക്ക് ഉത്തരേന്ത്യയിലെ ശൈത്യം താങ്ങാനാവാത്തതുകൊണ്ട് പന്തല്‍ ഒരുക്കിയതാണ് എന്നു പറയാമല്ലോ. അത് കർസേവകര്‍ക്ക് തീരുമാനിക്കാമല്ലോ.

നാളെ എന്തു സംഭവിക്കും എന്നെനിക്കറിയില്ല. എനിക്ക് നാളെ അയോധ്യയില്‍ വരണമെന്നുണ്ട്. പക്ഷേ നാളെ ഞാന്‍ അയോധ്യ സന്ദര്‍ശിക്കരുത് എന്നാണ് കോടതി നിര്‍ദേശം. ഞാനത് പാലിക്കും. പക്ഷേ ഞാന്‍ കാണും. സര്‍വ്വോന്നത കോടതി ഒരു നിരീക്ഷകനെ നിയമിച്ചിട്ടുണ്ടല്ലോ. അയാള്‍ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടല്ലോ…”

Sources: Outlook Magazine, 28 Feb 2005 and Outlook Youtube channel

Share Widely

Leave a Reply

Your email address will not be published. Required fields are marked *