കൊല്ലപ്പെട്ടവര്‍ മുസ്‌ലിങ്ങള്‍ ആയതുകൊണ്ടു മാത്രം മതേതര കേരളം മറന്ന ബീമാപള്ളി കൂട്ടക്കൊല

കേരളം കണ്ട വലിയൊരു നരഹത്യക്ക് ഒൻപതു വയസാകുമ്പോള്‍ ഭരണകൂടവും മാധ്യമങ്ങളും പൊതുസമൂഹവുമെല്ലാം അതിനെ എപ്രകാരം മറന്നു എന്ന അത്ഭുതപെടുത്തലാണ് മെയ് 17.
സര്‍ക്കാര്‍ ചിലവില്‍ നടത്തപെട്ട ഒരു വംശീയ കൂട്ടക്കൊല മലയാളിയുടെ പൊതുബോധത്തിൽ നിന്നും എത്ര പെട്ടെന്നാണ് മറന്നു പോയത്.

മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്തെ വംശഹത്യയുടെ ചരിത്രം ഈ അവസരത്തിൽ ഓര്‍ത്തെടുക്കേണ്ടിയിരിക്കുന്നു. തിരുവിതാംകൂറിന്‍റെ പടിഞ്ഞാറ് തീരപ്രദേശത്ത് ബീമാ ബീവിയും മകന്‍ ഷഹീദ് മാഹീന്‍ അബൂബക്കറും രാജാവിന്‍െറ പടവാളിന് ഇരയായതാണ് ആ ചരിത്രം. വൈദ്യനായിരുന്ന മാഹീന്‍ അബൂബക്കറിന്‍റെ ചികിത്സ വലിയ സമാശ്വാസം തന്നെയായിരുന്നു തീരപ്രദേശത്തെ കീഴ്ജാതിക്കാരായ മല്‍സ്യതൊഴിലാളികൾക്ക്.

മീന്‍പിടുത്തക്കാര്‍ കൂട്ടമായി ഇസ്ലാമിലേക്ക് വരുന്നത് രാജാവിന് ഭീഷണിയായി തോന്നിയ സാഹചര്യത്തിൽ തൊഴിലാളികളുമായി രാജസൈന്യം ഏറ്റുമുട്ടി. ഇതിനെ ചെറുത്ത മാഹീന്‍ അബൂബക്കര്‍ രക്തസാക്ഷിയാകുന്നതാണ് ബീമാപള്ളിയുടെ ചരിത്രം.

മകന്‍റെ വിയോഗം താങ്ങാനാവാതെ 40 ദിവസം കഴിഞ്ഞ് ബീമാ ബീവിയും മരണപ്പെട്ടു. ദുരന്ത പര്യവസായിയായ ഈ ജീവിതമാണ് ബീമാപള്ളി എന്ന ഗ്രാമത്തെ നിര്‍മിക്കുന്നത്. ബീമാ ബീവിയുടെയും രക്തസാക്ഷിയായ മകന്‍റെയും സ്മരണയില്‍ ഒരു മുസ്ലീം പള്ളിയും അതിനെ ചുറ്റിപറ്റി ഒരു ജനസഞ്ചയവും സംസ്കാരവും ഉയര്‍ന്ന് വരികയും ചെയ്തതാണ് ബീമാപള്ളിയുടെ പിന്നാമ്പുറം.

എന്തുകൊണ്ടോ ചരിത്രത്തിലെന്നും ഈ ജനസമൂഹത്തെ രണ്ടാംകിടക്കാരായാണ് ഭരണകൂട ബോധവും പൊതുസമൂഹവും കണ്ടിട്ടുള്ളത്. 2009 മെയ് 17ന് നടന്ന ദാരുണമായ ആ സംഭവം ചരിത്രത്തിന്‍റെ തനിയാവര്‍ത്തനമായിരുന്നു. പത്താം ക്ളാസ് വിദ്യാര്‍ഥി ഉള്‍പ്പെടെ ന്യൂനപക്ഷമത വിശ്വാസികളായ ആറ് പേരുടെ അരുംകൊലക്കും അമ്പതിലധികം പേരുടെ ഗുതുതര പരിക്കിനും കാണണമായ പോലീസ് വേട്ടയായിരുന്നു നടന്നത്.

ഭരണകൂട ഫാസിസം നടത്തിയ ആ വംശഹത്യയെ നമ്മള്‍ എത്ര പെട്ടെന്നാണ് മറന്നു പോയത്.
വിമോചനസമര കാലത്ത് ആളുകളുടെ മരണത്തിനിടയാക്കിയ അങ്കമാലി വെടിവെപ്പ് ഇന്നും ഓര്‍ക്കുമ്പോള്‍ ഈ അടുത്ത് നടന്ന ബീമാപള്ളി വെടിവെപ്പ് എങ്ങിനെ ഇത്ര പെട്ടെന്ന് വിസ്മരിക്കാനാവുന്നു. ഐക്യകേരളം പിറന്നതിന് ശേഷമുള്ള പോലീസ് വെടിവെപ്പുകളുടെ ചരിത്രം പരിശോധിക്കണമെന്നുള്ള ഓർമ പെടുത്തൽ മാത്രമേയുള്ളു.

ചില മൃതദേഹങ്ങളെ നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ ചിലത് കേരളം കൂട്ടമായി മറന്നു കളയുന്നു. 1959ല്‍ വിമോചന സമരത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ട ദാരുണ സംഭവമായിരുന്നു അങ്കമാലിയിലെ പോലീസ് വെടിവെപ്പ്. 1970ല്‍ വയനാട്ടില്‍ നടന്ന നക്സല്‍ വര്‍ഗീസ് കൊലയാണ് മറ്റൊന്ന്. 1980ല്‍ മലപ്പുറത്ത് മൂന്ന് മുസ്ലിം ലീഗുകാര്‍ കൊല്ലപ്പെട്ട ‘അറബി ഭാഷാ സമര’വും പട്ടികയിലുണ്ട്.

1991ല്‍ പാലക്കാട് സിറാജുന്നീസ കൊല്ലപ്പെട്ടതും 1994ല്‍ കൂത്തുപറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. 2003ല്‍ മുത്തങ്ങയില്‍ മൂന്ന് ആദിവാസികളും 2009ല്‍ ബീമാപ്പള്ളിയില്‍ ആറ് പേരും (52 പേര്‍ക്ക് പരിക്ക്), 2010 കാസര്‍കോഡ്-ഒരു മുസ്ലിംലീഗുകാരനും പോലീസിന്‍റെ വെടിയേറ്റ് മരണപ്പെട്ടതാണ്. ഇതില്‍ കേരളം കൂട്ടമായി മറന്നുകളഞ്ഞ രണ്ട് വെടിവെപ്പുകളാണ് ബീമാപ്പള്ളിയും സിറാജുന്നീസയും. ഏകപക്ഷീയമായ ഭരണകൂട ഫാസിസ്റ്റു -പോലീസ് വംശവെറിയായിരുന്നു ഈ രണ്ട് സന്ദര്‍ഭങ്ങളെന്ന്‍ ഓർക്കേണ്ടിയിരിക്കുന്നു.

സ്വാഭാവികമായും മായ്ച്ചു കളയേണ്ട ഓര്‍മ എന്ന നിലയിലുള്ള ‘വര്‍ഗീയ പ്രശ്ന’മായതുകൊണ്ട് മതേതര പൊതുമണ്ഡലത്തിന്‍റെ സുരക്ഷക്കുവേണ്ടി കേരളം ഇവ സ്വബോധത്തിൽ മറന്നുകളയുകയാണ്, അല്ലെങ്കിൽ കുഴിച്ചു മൂടുകയാണ് ചെയ്തത്.

തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നമില്ലാതെയാണ് പോലീസ് വെടിവെച്ചതെന്ന് ബീമാപള്ളി നിവാസികളും ചെറിയതുറ നിവാസികളും ഉറപ്പിച്ച് പറഞ്ഞിട്ടും പോലീസ് അതിനെ വര്‍ഗീയ കലാപമാക്കാന്‍ പാടുപെട്ടതിനെ കുറിച്ചുള്ള ചിന്തകളാണ് അലോസരപ്പെടുത്തുന്നത്. അധികാരകേന്ദ്രങ്ങളുടെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ പോലീസ് തയ്യാറാക്കിയ തിരക്കഥ അപ്പടി വിഴുങ്ങുന്ന കാഴ്ചയാണ് കണ്ടത്.

ബോധപൂർവമായ സാമൂഹിക മറവിക്ക് വിധേയമായ സംഭവമെന്ന നിലയിൽ ഭരണകൂടതിന്‍റെ അനീതിക്കെതിരെയും പൊതുസമൂഹത്തിന്‍റെ കുറ്റകരമായ മൗനത്തിനെതിരെയുള്ള പ്രതിരോധമാണ് ബീമാ പള്ളി വെടിവെപ്പിനെ കുറിച്ച് വീണ്ടും വീണ്ടും ഓര്മിപ്പിക്കുന്നതിന്‍റെ പ്രസക്തി. ഇനി ഇത്തരം അതിക്രമങ്ങൾ ഉണ്ടാവാതിരിക്കാനും നില നിൽക്കുന്ന തെറ്റായ ധാരണകൾ മാറ്റിയെഴുതാനുമുള്ള ഓര്‍മ്മപ്പെടുത്തലുകൾ മാത്രമാണ് നേടിയെടുക്കേണ്ടത്.

എന്ത് കൊണ്ടാണ് തീരപ്രദേശങ്ങളിലെ ക്രമാസമാധാന പ്രശ്നങ്ങളിൽ പൊതുസമൂഹവും ഭരണകൂടങ്ങളും നിശബ്ദരാവുന്നതും വർഗീയ പ്രശ്നമാക്കി ചിത്രീകരിക്കുന്നതും ? ഒറ്റപെട്ട സമരങ്ങളും പ്രഖ്യാപനങ്ങളുമൊഴിച്ചാൽ രാഷ്ട്രീയ പാർട്ടികൾ, എന്തിനേറെ മുസ്ലിമിന്‍റെ ഉദ്ധാരണത്തിനെന്ന പേരിൽ മലബാറിൽ പ്രവർത്തിക്കുന്ന പാർട്ടികൾപോലും കാര്യമായ ഇടപെടലുകളൊന്നും ഈ വിഷയത്തിൽ നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
_ ഗഫൂര്‍ ഹലീമ മൊയ്തീന്‍
Photos, Videos Courtesy_ MediaOne, Various Media

Share Widely
  • 390
    Shares

Leave a Reply

Your email address will not be published. Required fields are marked *