ക്രിമിനൽ സ്വഭാവമുള്ള അക്രമങ്ങളില്‍ ജാതിയെയും മതത്തെയും പ്രത്യക്ഷപ്പെടുത്തുന്ന ”ചീത്ത വ്യാകരണം”

കീഴാളരുടെ മുന്നേറ്റങ്ങൾ ഉയർന്ന സാമൂഹിക ചിന്തകളെ ആധാരമാക്കിയാണ് ഉണ്ടാവുന്നതെന്ന വസ്തുതയാണ് ഇതിലൂടെ മറച്ചുവെക്കപ്പെടുന്നത്…


കെ കെ ബാബുരാജ്‌

ക്രിമിനൽ സ്വഭാവമുള്ള വ്യക്തികൾ നടത്തുന്ന അതിക്രമങ്ങൾ, അയൽപക്കത്തുള്ളവർ തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങൾ, കുടിപ്പക എന്നിവയിലെല്ലാം ജാതിയെയും മതത്തെയും പ്രത്യക്ഷപ്പെടുത്തുന്നത് ഒരു ”ചീത്ത വ്യാകരണം” ആണെന്നാണ് തോന്നുന്നത്. ഇത് കീഴാളർ തമ്മിലും കീഴാളർക്ക് അകത്തും ഉള്ള അക്രമവാസന എന്ന സവർണ കുറ്റാരോപണത്തിലേക്ക് മാത്രമേ എത്തിച്ചേരുകയുള്ളു എന്നതാണ് പ്രശ്നം. ഇത്തരം സന്ദർഭങ്ങളിൽ സിവിൽ അധികാരം പക്ഷപാതരഹിതമായി നിയമം നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിക്കുക എന്നതാണ് സാമൂഹിക പ്രവർത്തകർക്ക് ചെയ്യാൻ കഴിയുക.

ഇന്ത്യയിലെ ദലിത് മർദ്ദനങ്ങളിൽ ബ്രാഹ്മണരുടെയും മേല്‍ജാതിക്കാരുടെയും ഫിസിക്കൽ പ്രസൻസ് വളരെ കുറവായതിനാൽ ഇതര കീഴ്ജാതികളും ദലിതരുമായിട്ടാണ് സാമൂഹിക വൈരുദ്ധ്യം നിലനിൽക്കുന്നതെന്ന യുക്തി പ്രചരിപ്പിച്ചത് എം എൻ ശ്രീനിവാസനെ പോലുള്ള പണ്ഡിതരാണ്. മേലാളർക്ക് വ്യവസ്ഥക്ക് മേലുള്ള പരമാധികാരത്തെ മറച്ചു പിടിച്ചുകൊണ്ടു ചില സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തിൽ കെട്ടിച്ചമക്കുന്ന ഇത്തരം വാദങ്ങൾ പൊതുബോധത്തെ പെട്ടന്ന് സ്വാധീനിക്കുന്നതാണ്. കീഴാളരുടെ മുന്നേറ്റങ്ങൾ ഉയർന്ന സാമൂഹിക ചിന്തകളെ ആധാരമാക്കിയാണ് ഉണ്ടാവുന്നതെന്ന വസ്തുതയാണ് ഇതിലൂടെ മറച്ചുവെക്കപ്പെടുന്നത്.

ഉത്തർപ്രദേശിലെ എസ്.പി – ബി.എസ്.പി തർക്കം ദീർഘകാലം പരിഹരിക്കപ്പെടാതെ കിടന്നതിന് കാരണവും മറ്റൊന്നല്ല. ഫലമോ, അവർണ്ണർക്ക് സാധ്യമാകുമായിരുന്ന അധികാര പ്രാപ്തി സവർണ മേധാവികളുടെ കൈകളിൽ തന്നെ ഭദ്രമായി ഉറച്ചു.

ദലിതരുടെ ഇരസ്ഥാനത്തെ മാത്രം ആധാരമാക്കി സ്വന്തം അജണ്ട നടപ്പാക്കുന്ന എൻ.ജി.ഓകൾ മുഖ്യധാരയുടെ ഒപ്പം എത്തി എന്ന് സ്വയം വിശ്വസിച്ചു പരവശർ ആയ ചിലർ, ജാതിസാഹിത്യത്തിലെ പുതുമുഖങ്ങൾ ആയ ചില ഓൺലൈൻ മാധ്യമങ്ങൾ – ഇവർക്കെല്ലാം ഏതു ക്രിമിനൽ പ്രവർത്തിയും ദലിതരും ന്യൂനപക്ഷങ്ങളും പിന്നോക്കക്കാരും പരസ്പരം തമ്മിൽ തല്ലാനുള്ള കാരണമായി ചിത്രീകരിക്കാനുള്ള അവസരമാണല്ലോ ?

Leave a Reply