ഇത് കര്‍ഷകരുടെ വയലാണ്, ഇവിടെ നിന്ന് ഭരണകൂടം പിന്‍മാറണം

Share is caring

”ഇത് കര്‍ഷകരുടെ വയലാണ്, ഇവിടെ നിന്ന് പോലീസ് പിന്‍മാറണം… ” കീഴാറ്റൂരില്‍ വയല്‍ നികത്തുന്നതിനെതിരെ ജീവന്മരണ പോരാട്ടം നടത്തുന്ന ‘വയല്‍ക്കിളി’കളുടെ മുദ്രാവാക്യമാണിത്. കൈകളില്‍ മണ്ണെണ്ണ കുപ്പികളുമായാണ് ‘വയല്‍ക്കിളി’ പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

പക്ഷെ, കേള്‍ക്കേണ്ടവര്‍ അത് കേള്‍ക്കുന്നില്ല. കൊട്ടിഘോഷിക്കപ്പെട്ട മുംബൈയിലെ ലക്ഷക്കണക്കിന്‌ കര്‍ഷകര്‍ പങ്കെടുത്ത ലോങ്ങ്‌ മാര്‍ച്ചിന്‍റെ ആലസ്യത്തില്‍ നിന്നും സി.പി.എം എന്ന പാര്‍ട്ടി ഉണര്‍ന്നട്ടില്ല.

പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനോ അണികള്‍ക്കോ ‘വയല്‍ക്കിളി’കളുടെ സമരത്തെ കുറിച്ച് അറിഞ്ഞ ഭാവമില്ല. ഭരണകൂടം എന്നത്തെയും പോലെ സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസിനെ അഴിച്ചുവിട്ടിരിക്കുന്നു.

മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സോഷ്യല്‍മീഡിയയില്‍ മുംബൈയിലെ കര്‍ഷക മാര്‍ച്ചില്‍ പങ്കെടുത്തവരുടെ നടന്നു തേഞ്ഞ തൊലി പൊളിഞ്ഞ കാലുകള്‍ ആയിരുന്നു എവിടെയും. എന്നാല്‍ സി.പി.എം ആവേശകമ്മിറ്റിക്കാര്‍ പോയിട്ട് ഐക്യദാര്‍ഢ്യക്കാരുടെ പോലും കണ്ണകലത്താണ്, വെയിലത്ത് ദേഹത്തൊഴിച്ച മണ്ണെണ്ണയില്‍ കുളിച്ചു നില്‍ക്കുന്ന കര്‍ഷകര്‍.

വൃദ്ധരായ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനുപേര്‍ പുലര്‍ച്ചെ മുതല്‍ തങ്ങളുടെ കൃഷിഭൂമിക്ക് കാവല്‍ നില്‍ക്കുകയാണ്. സര്‍ക്കാര്‍ അത് തങ്ങളില്‍ നിന്നും തട്ടിപ്പറിച്ചെടുക്കാതിരിക്കാന്‍.

പക്ഷെ ഏതൊരു സമരത്തിലെയും പോലെ, പോലീസ് ഭൂമി തട്ടിയെടുക്കാന്‍ വന്ന അധികൃതര്‍ക്കൊപ്പം കര്‍ഷകരുടെ പ്രതിരോധങ്ങളെ തടയാന്‍ തയ്യാറായി നില്‍ക്കുകയാണ്.

ഈ പോലീസിനെയാണ് ജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ നില്‍ക്കുന്നവര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. കൂലിപ്പട്ടാളത്തെ പോലെ ഭരണകൂടം പോലീസിനെ കാവല്‍ നിര്‍ത്തിയിരിക്കുന്നത് ജനങ്ങളുടെ മണ്ണും മാനവും കവര്‍ന്നെടുക്കാന്‍ വന്നവര്‍ക്കുവേണ്ടിയാണെന്ന് മാത്രം.

സ്വന്തം നേട്ടങ്ങള്‍ക്ക്‌ വേണ്ടിയല്ല കര്‍ഷകര്‍ മണ്ണെണ്ണയില്‍ കുളിച്ചു തീകൊളുത്താന്‍ നില്‍ക്കുന്നത്. ഒരു ജനതയെ തീറ്റിപോറ്റുന്ന നെല്‍വയലുകള്‍ക്ക് സ്വന്തം പ്രാണന്‍ കൊണ്ട് രക്ഷാകവചമൊരുക്കുകയാണ് അവര്‍.

കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച ലോങ്ങ്‌ മാര്‍ച്ച്‌ നടത്തിയത് തട്ടിപ്പ് അല്ലെങ്കില്‍  വയല്‍ നികത്തി രാജപാത നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്നും സി.പി.എം ഭരണകൂടം പിന്മാറണം.
Photos_ Courtesy


Share is caring

Leave a Reply

Your email address will not be published. Required fields are marked *