ഇന്ദ്രാവതി ചുവന്നിരിക്കുന്നു

ഇന്ദ്രാവതി ചുവന്നിരിക്കുന്നു, മഹാരാഷ്ട്ര  ഗഡ്ചിറോളി ജില്ലയിലെ കാടും പുഴയും കാട്ടരുവികളും കിളികളും മൃഗങ്ങളും മലകളും സകല ചരാചരങ്ങളും നിശ്ചലമായ ദിനമായിരുന്നു 2018 എപ്രിൽ 22. കാട്ടിലെ സംഗീത സാന്ദ്രമായ മര്‍മ്മരങ്ങള്‍ നിലച്ചു. മാവോയിസ്റ്റ് പോരാളികളുടെ ദാഹമകറ്റിയിരുന്ന ഇന്ദ്രാവതി നദിയിലേക്ക് ഒഴുകിയിരുന്ന കാട്ടരുവികൾ പൊടുന്നനെ ഒഴുക്ക് നിലച്ച പോലെ !

അവര്‍ക്ക് തണലേകിയിരുന്ന കാറ്റിന്‍റെ സ്പർശത്താൽ നൃത്തം ചെയ്തിരുന്ന മരങ്ങൾ നിശ്ചലമായ പോലെ ! ശത്രുവിനെ ദൂരെ നിന്ന് കാണുവാൻ എന്‍റെ നെറുകയിൽ കയറി വരു എന്ന് പറഞ്ഞിരുന്ന കുന്നുകൾ, മലകൾ, പർവ്വതങ്ങൾ അവരുടെ കണ്ണുനീരായ നീർച്ചാലുകൾ ചുവന്ന പോലെ ! ഗ്രാമീണർ അവരുടെ സഖാക്കളെ, അവരെ കുനിഞ്ഞ് നിൽക്കാതെ നട്ടെല്ല് നിവർത്തി നിൽക്കാൻ പഠിപ്പിച്ച, അനീതിയെ ചെറുക്കാൻ പഠിപ്പിച്ച അവരുടെ സഖാക്കൾ വേർപെട്ട ദുഃഖം അടക്കാനാവാതെ, മൂകത തളം കെട്ടി നിൽക്കുന്നു.

C-60 കമാൻഡോ സംഘം 40ഓളം ആദിവാസികളുടെ രക്തംകൊണ്ട് ഇന്ദ്രാവതി നദിയെ ചുവപ്പിച്ചു. ഏതാനും മാവോയിസ്റ്റുകളുടെ ശവശരീരങ്ങൾ അവര്‍ നദിയിൽ തള്ളി. ഇന്ദ്രാവതിക്ക് ഓര്‍മ്മയുണ്ട്, 1969ൽ ഒരു ശരത്ക്കാലത്ത് ഗഡ്ചിറോളിയിൽ ആദ്യമായ് ആദിവാസികളെ സംഘടിപ്പിച്ചതിന് തെന്തു പത്ത(ബീഡിയില)യുടെ കൂലി വർധനവിന് സമരം സംഘടിപ്പിച്ചതിന്, ആദിവാസികൾ സ്നേഹത്തോടെ ദാദാ എന്ന് വിളിച്ചിരുന്ന ഇന്നും അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വം ആചരിക്കുന്ന പെദ്ദി ശങ്കറിനെ.

ഇന്ദ്രാവതി നീന്തി കടക്കുമ്പോഴായിരുന്നു, മഹാരാഷ്ട്ര ഭരണകൂടത്തിന്‍റെ കാവൽസേന പെദ്ദി ശങ്കറിനെ വെടിവെച്ച് കൊല്ലുന്നത്. മാവോയിസ്റ്റ് ആശയ പ്രകാരമുള്ള പുത്തന്‍ ജനാധിപത്യത്തിന്‍റെ പാതയിൽ മഹാരാഷ്ട്രയിലെ ആദ്യത്തെ രക്തസാക്ഷിയായിരുന്നു പെദ്ദി ശങ്കര്‍.

അന്ന് പെദ്ദി ശങ്കര്‍ രക്ഷപെടുന്നതിനിടയിലാണ് പൊലീസ് വെടിവെച്ച് കൊന്നതെങ്കിൽ, ഇപ്പോൾ ഗ്രാമത്തിലെ ഒരു വിവാഹത്തിന് മാവോയിസ്റ്റുകള്‍ പങ്കെടുക്കും എന്ന് ഒറ്റുകാരാൽ അറിയുകയും അവരെകൊണ്ട് ഭക്ഷണത്തിൽ വിഷം ചേർപ്പിക്കുകയും ഭക്ഷണം കഴിച്ച അവര്‍ അവശനിലയിലായപ്പോൾ ഒറ്റുകാരുമായ് മുൻ നിശ്ചയിച്ച പ്രകാരം പൊലീസ് വന്ന് വളയുകയും എല്ലാവരെയും ക്രൂരമായ് മർദ്ദിച്ച് വെടിവെച്ച് കൊല്ലുകയും ചെയ്തിരിക്കുന്നു.

കപട ജനാധിപത്യത്തിൽ പൊതിഞ്ഞ് മനുഷ്യന്‍റെ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും നിഷേധിച്ചിരിക്കുന്ന ഭൂപ്രദേശമാണ് മദ്ധ്യേന്ത്യ. ജനാധിപത്യത്തിനുവേണ്ടി പോരാട്ടങ്ങൾ നടക്കുന്ന മാവോയിസ്റ്റ് സ്വാധീന മേഖല. ആദിവാസികളുടെ ഭൂമി കവർന്നെടുത്ത് വൻകിട കോർപ്പറേറ്റുകൾക്ക് നൽകുവാൻ വേണ്ടി ഭരണകൂടം മാവോയിസ്റ്റുകളോടും ദരിദ്ര ജനതയോടും യുദ്ധം നടത്തുന്നത് അവിടെയാണ്.

ഏതൊരു യുദ്ധങ്ങൾക്കും ചില നിയമങ്ങളുണ്ട്. ആ യുദ്ധ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ആദിവാസികളെ വംശീയമായും മാവോയിസ്റ്റുകളെ രാഷ്ട്രീയമായും ഇല്ലായ്മ ചെയ്യുവാൻ ഇന്ത്യൻ ഭരണകൂടം 50 വർഷത്തോളമായ് പരിശ്രമിക്കുകയാണ്. 2000ത്തിനുശേഷം ആ യുദ്ധത്തിന്‍റെ തീവ്രത വർദ്ധിപ്പിച്ചു.

ഇന്ത്യൻ ഗ്രാമങ്ങളിൽ ജന്മി നാടുവാഴികളുടെ ക്രൂരമായ അടിച്ചമർത്തലിലും ചൂഷണത്തിലും കഴിഞ്ഞിരുന്ന ആദിവാസി ഗ്രാമങ്ങൾ സായുധ വിപ്ലവ പ്രവർത്തകരുടെ വരവോടെ സംഘടിതരാവുകയും ജന്മി നാടുവാഴികൾക്കെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തുകയും ചെയ്തു. ജന്മികൾ കൈവശം വച്ചിരുന്ന ആദിവാസികളുടെ ഭൂമി തിരിച്ചു പിടിക്കുകയും ജന്മികൾക്ക് അവര്‍ കനത്ത പ്രഹരമേൽപ്പിക്കുകയും ചെയ്തു.

5 സംസ്ഥാനങ്ങളിലായ് വ്യാപിച്ച് കിടക്കുന്ന ദണ്ഡകാരണ്യ മേഖലയിൽ ഒരൊറ്റയാൾ പോലും ഇന്ന് ഭൂരഹിതരായിട്ട് ഇല്ല. എല്ലാവർക്കും ഭൂമിയുള്ളത് ഈ മേഖലയിലാണ്. വളരെ വിലപ്പെട്ട ഇരുമ്പയിര്, ബോക്സൈറ്റ്, ലെഡ് അങ്ങിനെ ഏതാണ്ട് 29 ഇനം ധാതുക്കൾ അടങ്ങിയ ഈ ഭൂമിയിൽ വൻകിട കോർപ്പറേറ്റുകൾ ഏകദേശം 60-80 ലക്ഷം കോടി രൂപയാണ് ഇറക്കുന്നത്. അവരുടെ ഖനനത്തിന് തടസമായി നിൽക്കുന്നത് ഇവിടത്തെ ആദിവാസികളും മാവോയിസ്റ്റ് പാര്‍ട്ടിയുമാണ്. അതുകൊണ്ടുതന്നെ കുത്തകകള്‍ക്ക് ഭീഷണിയായ മാവോയിസ്റ്റുകളെ മുച്ചൂടും നശിപ്പിക്കേണ്ടത് ഭരണകൂടത്തിന്‍റെ ആവശ്യമാണ്.

പൊലീസ് ഒറ്റുകാരെകൊണ്ട് ഭക്ഷണത്തിൽ വിഷം കലർത്തി മാവോയിസ്റ്റുകളെ പിടിക്കുന്നതും കൊല്ലുന്നതും ഇതാദ്യത്തെ സംഭവംമല്ല. ഏറെ നാളുകളായ് തുടരുന്ന ഒരു പ്രക്രിയയാണ് ഇത്. ഇപ്രാവശ്യം കൂടുതൽ പേരെ കൊലപ്പെടുത്തിയിരിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു.

ഇന്ന് ഗഡ്ചിറോളി ഗ്രാമങ്ങളിൽ എവിടെയും കൊല്ലുക എന്ന ലക്ഷ്യത്തോടെ മാത്രം സഞ്ചരിക്കുന്ന സായുധരായ സൈനികരെകൊണ്ട് നിറഞ്ഞിരിക്കുകയവും. അവർ വീണ്ടും വീണ്ടും ഗ്രാമീണരെ ഭയപ്പെടുത്തുന്നുണ്ടാകും. കൂറ്റൻ ടാങ്ക്, ഗ്രനേഡുകൾ, വലിയ വാഹനങ്ങൾ, മെഷീൻ ഗണുകൾ, AK 47കൾ എന്നു വേണ്ട ശത്രുരാജ്യത്തോട് യുദ്ധം ചെയ്യാൻ വേണ്ടുന്നതെല്ലാം അവിടെ ഉണ്ടാകും, ആദിവാസികളെയും മാവോയിസ്റ്റുകളെയും കൂട്ടക്കൊല ചെയ്യുക എന്ന ദൗത്യം മാത്രമാണ് അവര്‍ക്ക് നിര്‍വ്വഹിക്കനുണ്ടാവുക.

ദു:ഖഭാരത്താൽ ജനങ്ങൾ ചോദിക്കും, ”ഞങ്ങളുടെ സഖാക്കൾ എന്തു തെറ്റാണ് ചെയ്തത് ? മൂലധനശക്തികൾക്ക് ഞങ്ങളുടെ മണ്ണ് കവർന്നെടുക്കാൻ അനുവദിക്കില്ലാ എന്ന് പറഞ്ഞതോ ? അവർ ഞങ്ങളെ സംഘടിപ്പിച്ചതിനോ ? ഹേ! ഭരണകൂടമേ നിന്‍റെ കപട ജനാധിപത്യവും കപട സ്വാതന്ത്ര്യവും കപട നീതിന്യായ സംവിധാനങ്ങളും ഞങ്ങൾ തിരിച്ചറിയുന്നു. ഈ കൂട്ടകുരുതികൊണ്ട് മർദ്ദിത ജനതയുടെ വിമോചന രാഷ്ട്രീയമായ മാവോയിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാമെന്ന് നിങ്ങൾ ധരിച്ചവശരായെങ്കിൽ നിങ്ങൾ മൂഢ സ്വർഗ്ഗത്തിലാണ്…ഭരണകൂടത്തിന്‍റെ ചോറ്റു പട്ടികൾ ഭീരുക്കളാണവർ ! നിരായുധരായവരെയാണ് ഇങ്ങിനെ പിടികൂടി കൊല്ലുന്നത് ! ” ഇന്ദ്രാവതി കൂട്ടകൊല മറക്കില്ല മർദ്ദിതർ ” ചരിത്രത്തിൽ ഭരണകൂടം നടത്തിയ ഒരു കൊലയും ചൂഷണം അനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർ മറക്കില്ല ! ” നല്ല മലയും വാറങ്കലും ബസ്തറും ദന്തേവാഡയും ഖമ്മം, ചിറ്റൂർ, കരിംനഗർ, അഭിലാബാദ് അങ്ങിനെ എത്രയെത്ര ? ഒന്നും മറക്കാനുള്ളതല്ല !…”

അച്ചടി-ദൃശ്യ മാധ്യമങ്ങൾ എന്തെന്നറിയാത്ത, തീവണ്ടി കാണാത്ത നഗരങ്ങളിലെ പൊങ്ങച്ചങ്ങളറിയാത്ത കപടതയറിയാത്ത മൂലധന ശക്തികളുടെ പൊള പൊളപ്പറിയാത്ത ഉഴവു കാളകളെപ്പോൽ പണിയെടുത്ത് ഒട്ടിയ വയറുമായ് കീറതുണിയുടുത്ത് അന്തിയുറങ്ങിയിരുന്ന ഒരു ജനത, എന്നാൽ ഈ 50 വർഷംകൊണ്ട് അവർ ഇന്ത്യയെ തൊട്ടറിഞ്ഞു. ലോകത്തെ തൊട്ടറിഞ്ഞു. ഇന്നവർ ചൂഷക മർദ്ദക ഭരണകൂടത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. വൻകിട മൂലധനശക്തികൾക്കു വേണ്ടി വികസനത്തിന്‍റെ പേര് പറഞ്ഞു വരുന്ന ഭരണകൂട ഭീകരതയെ അവർ തിരിച്ചറിയുന്നു.
ത്യാഗോജ്ജ്വലമായ പോരാട്ടമല്ലാതെ ഒരു നിമിഷം പോലും അവർക്ക് മുന്നോട്ട് പോകാൻ കഴിയില്ല.

മാവോയിസ്റ്റ് പാര്‍ട്ടിയുടെ ആശയ ശാസ്ത്ര പ്രകാരം, പുത്തൻ ജനാധിപത്യ വിപ്ലവത്തിന്‍റെ ചാലക ശക്തിയായ് അവർ പ്രവർത്തിക്കുന്നു. ചൂഷണമില്ലാത്ത പീഢനങ്ങളില്ലാത്ത സാഹോദര്യത്തിന്‍റെ പാതയിലാണവർ. സമത്വത്തിന്‍റെ, നല്ലൊരു നാളെയെ സ്വപ്നം കാണുന്നവർ. അവരെയാണ് ഭരണകൂടത്തിന്‍റെ ഭീഭത്സ മർദ്ദക വീരൻമാർ കൊന്നു തള്ളിയത് എന്ന് അവര്‍ കരുതുന്നു.

ഗഡ്ചിറോളിയില്‍ ഒരു കൂട്ടക്കൊല നടന്നു എന്നറിഞ്ഞിട്ടും ഇവിടെ എല്ലാം ശാന്തമായിരുന്നു, ആ കനത്ത നിശബ്ദത ഭീകരമായിരുന്നു. ഭരണകൂടത്തിന്‍റെ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചു അന്താരാഷ്ട്രതലത്തിൽ പോലും പ്രതിഷേധങ്ങൾ ഉയരുമ്പോൾ ഇന്ത്യയിൽ നമ്മുടെ നാട്ടിൽ സാംസ്ക്കാരിക നായകര്‍, ബുദ്ധിജീവികള്‍ കുറ്റകരമായ മൗനത്തിലാണ്.
ചാനലുകളിൽ അന്തിചർച്ചകളില്ല. എന്തിനേറെ പറയുന്നു, സ്വന്തം സഹോദരങ്ങളെയാണ് കൊന്നു തള്ളിയത് എന്നുള്ളത് ദലിത് സംഘടനകൾ പോലും തിരിച്ചറിയുന്നില്ല.

ഡോ ബി ആർ അംബേദ്കറിന്‍റെ ആശയങ്ങളും പോരാട്ട വീര്യവും കൈയൊഴിഞ്ഞവരാണോ ദലിത് സംഘടനകൾ എന്ന് തോന്നിപ്പോകുന്നു. അംബേദ്കർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും ഈ കൂട്ടക്കുരുതിക്കെതിരെ പ്രതികരിക്കുമായിരുന്നു. ശക്തമായ പ്രതിഷേധം നടത്തുമായിരുന്നു. ഭരണഘടന ഭരണഘടന എന്ന് നൂറുവട്ടം പറയുന്നതുകൊണ്ട് അർത്ഥമില്ല. ഭരണഘടന പ്രകാരമെങ്കിലും നീതി ലഭ്യമാക്കണം എന്ന് പറയുവാൻ അംബേദ്കർ അനുയായികൾ ആരെങ്കിലും?

ഇല്ലെങ്കിൽ, വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ആസാദ് പറഞ്ഞത് ശരിയല്ലേ എന്ന സംശയമുയരുന്നു, അദ്ദേഹം ചോദിച്ചു, ടോയ്‌ലറ്റ് പേപ്പറിന്‍റെ വില പോലുമില്ലല്ലോ ഇന്ത്യൻ ഭരണഘടനക്ക് ? ഈ അവസരത്തിൽ ഇന്ത്യയുടെ ഭരണഘടനാ ശില്‍പി എന്നറിയപ്പെടുന്ന അംബേദ്കര്‍ 1953 സെപ്റ്റംബർ 2 ന് രാജ്യസഭയിൽ നടത്തിയ പ്രസംഗം ഓര്‍മ്മ വരുന്നു,

“People always keep saying to me : ‘Oh, you are the maker of the Constitution.’ “My answer is I was a hack. What I was asked to do, I did much against my will. My friends tell me that I have made the Constitution. But I am quite prepared to say that I shall be the first person to burn it out.”

“ആളുകൾ എന്നോട് എപ്പോഴും പറയുന്നു, ഓ നിങ്ങളാണല്ലോ ഭരണഘടന എഴുതിയത് എന്ന്. എന്‍റെ ഉത്തരം ഞാൻ വെറും കൂലിയെഴുത്തുകാരൻ മാത്രമായിരുന്നു എന്നാണ്. എന്‍റെ ഹിതത്തിനെതിരായി എന്നോട് ആവശ്യപ്പെട്ട പലതും ഞാൻ ചെയ്തു. എന്‍റെ സുഹൃത്തുക്കൾ പറയുന്നു, ഞാനാണ് ഭരണഘടന ഉണ്ടാക്കിയതെന്ന്. പക്ഷെ അത് കത്തിച്ചുകളയുന്ന ഒന്നാമത്തെയാൾ ഞാൻ തന്നെയാകും എന്ന് പറയുവാനും ഞാനൊരുക്കമാണ്”
_ അനില്‍കുമാര്‍ ടി എസ്

Share Widely
  • 119
    Shares

Leave a Reply

Your email address will not be published. Required fields are marked *