പിണറായി പോലീസിന്‍റെ കാവലില്‍ ഹാദിയയെ ശിവശക്തി യോഗാകേന്ദ്രം ഘര്‍വാപസിക്ക് നിര്‍ബന്ധിച്ചു

ഇടതുപക്ഷ സര്‍ക്കാരിന്‍റെ പോലീസ് കാവലില്‍ ഹാദിയയെ ശിവശക്തി യോഗാകേന്ദ്രം ഘര്‍വാപസിക്ക് നിര്‍ബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ശിവശക്തി യോഗാകേന്ദ്രം പ്രവര്‍ത്തകര്‍ തന്നെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്നും കൗൺസിലിങ്ങിന്‍റെ പേരിൽ മാനസികമായി പീഡിപ്പിച്ചുവെന്നും ഹാദിയ മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് വെളിപ്പെടുത്തിയത്. ഇസ്‌ലാം മതത്തില്‍ നിന്നും തിരികെ ഹിന്ദുമതത്തിലേക്ക് വന്നതായി പത്രസമ്മേളനം നടത്തി പറയണമെന്ന് ശിവശക്തി യോഗാകേന്ദ്രം ഹാദിയയോട് ആവശ്യപ്പെട്ടിരുന്നു.

വൈക്കത്തെ ഹാദിയയുടെ വീട്ടില്‍ 24 മണിക്കൂറും കനത്ത പോലീസ് നിരീക്ഷണത്തില്‍ തടങ്കലില്‍ കഴിയുമ്പോഴാണ് ഹാദിയയെ മതം മാറ്റാന്‍ ശിവശക്തി യോഗാകേന്ദ്രം നിര്‍ബന്ധിച്ചത്. ഹാദിയക്ക് നേരെയുണ്ടായ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമവും മാനസികപീഡനവും ഹാദിയയുടെ സുരക്ഷക്ക് നിയോഗിച്ച പോലീസ് തടഞ്ഞില്ല.

ശിവശക്തി യോഗാകേന്ദ്രം കൂടാതെ സംഘപരിവാര്‍ ബന്ധമുള്ള ജാമിദ എന്ന സ്ത്രീ മുഖേനെയും ഹാദിയയെ ഹിന്ദു മതത്തിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ നവംബര്‍ 27ന് ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാനിരിക്കെയാണ്, ഹാദിയയെ വീട്ടുകാര്‍ സംഘപരിവാര്‍ ബന്ധമുള്ള വ്യക്തി മുഖേന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചതായുള്ള വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

സംസ്ഥാന വനിതാ കമ്മീഷനും മെഡിക്കല്‍ സംഘത്തിനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഹാദിയയെ സന്ദര്‍ശിക്കാനും അവളുടെ നിജസ്ഥിതി അറിയാനും അനുമതി നിഷേധിച്ചപ്പോഴാണ് സര്‍ക്കാരും ഹാദിയയുടെ വീട്ടുകാരും സംഘപരിവാര്‍ ബന്ധമുള്ള ശിവശക്തി യോഗാകേന്ദ്രത്തിനും ജാമിദ എന്ന സ്ത്രീക്കും യഥേഷ്ടം അവിടെ ചെല്ലാനും ഹാദിയയെ മാനസികമായി സമ്മര്‍ദ്ദത്തില്‍പ്പെടുത്തി മതം മാറ്റാനും അനുവാദം നല്‍കിയത്.

62ഓളം സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചും വധഭീഷണി മുഴക്കിയും നിര്‍ബന്ധിച്ചു മതം മാറ്റാന്‍ ശ്രമിച്ച ശിവശക്തി യോഗാകേന്ദ്രം തന്നെയാണ് സര്‍ക്കാര്‍ നിയോഗിച്ച പോലീസിന്‍റെ സാന്നിധ്യത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചത്. കേരളത്തില്‍ സംഘപരിവാര്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം ഇടതുപക്ഷ സര്‍ക്കാരിന്‍റെ അറിവോടെയും സമ്മതത്തോടെയുമാണ് നടക്കുന്നതെന്ന്‍ ഹാദിയയുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണ്.

Photo Courtesy_ PTI, Various Media
Related Story ഹാദിയയെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ സഹായത്താല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു?

Share Widely
  • 131
    Shares

Leave a Reply

Your email address will not be published. Required fields are marked *