ഇന്ത്യൻ ജനാധിപത്യം കാത്തുസൂക്ഷിക്കാൻ കഷ്ടപ്പെടുന്ന സിഐഎയും ഫോർഡ് ഫൗണ്ടേഷനും

#Election

സിഐഎ മുതൽ ഫോർഡ് ഫൗണ്ടേഷൻ വരെ, മഹീന്ദ്ര മുതൽ ടാറ്റ വരെ, ഇന്ത്യൻ ജനാധിപത്യം കാത്തുസൂക്ഷിക്കാൻ കഷ്ടപ്പെടുന്നവർ, നമുക്ക് അവരോടെല്ലാം നന്ദിയുള്ളവരായിരിക്കാം…


ജെയ്‌സൺ സി കൂപ്പർ

നമ്മുടെ ജനാധിപത്യ പ്രക്രിയ സജീവമായി നിലനിർത്താൻ നമ്മളേക്കാൾ കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അഞ്ച് വർഷം കൂടുമ്പോൾ ഒരു കുത്ത് കുത്തി നാം നമ്മുടെ പണി അവസാനിപ്പിക്കും. പക്ഷെ ഈ അഞ്ച് വർഷം മുഴുവൻ ഈ ജനാധിപത്യത്തിന് വേണ്ടി പണിയെടുക്കുന്ന വേറെ പലരുമുണ്ട്. അതിലൊന്നാണ് അമേരിക്കയിലെ ഫോർഡ് ഫൗണ്ടേഷൻ. അമേരിക്കൻ സാമ്രാജ്യത്തിന്റെ മുൻനിര പോരാളി.

അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ മേല്‍നോട്ടത്തിലാണ് ഫോര്‍ഡ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണമുണ്ടെങ്കിലും സി.പി.ഐ.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ തന്റെ പുസ്തകത്തില്‍ ഫോര്‍ഡ് ഫൗണ്ടേഷൻ സി.ഐ.എയുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാക്കേണ്ടതില്ല. ഫോർഡ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത് നമ്മുടെ ജനാധിപത്യം വികസിച്ചു കാണണം എന്ന ആത്മാർത്ഥമായ ആഗ്രഹമുള്ളതുകൊണ്ടാണ്

അണ്ണാ ഹസാരെയുടെ സമരത്തെ എതിര്‍ത്ത് സി.പി.ഐ.എം നിലപാടെടുത്തപ്പോള്‍, ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായം വാങ്ങുന്ന സംഘടനകള്‍ ഹസാരെയുടെ സമരത്തിനു പിന്നിലുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. എങ്കിലും നമ്മൾ അത് കാര്യമാക്കേണ്ടതില്ല. ഫോർഡ് ഫൗണ്ടേഷന്റെ ആത്മാർത്ഥതയെ നാം കണ്ടില്ലെന്നു നടിക്കരുത്

ഇനി, എങ്ങനെയാണ് ഫോർഡ് ഫൗണ്ടേഷൻ ഇന്ത്യയിൽ ഇടപെടുന്നത് എന്നല്ലേ. അവരങ്ങനെ നേരിട്ട് വന്ന് ഇടപെടുകയല്ല. മറിച്ച്, 2005 ൽ ഡൽഹി കേന്ദ്രമാക്കി ഫോർഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തനമാരംഭിച്ച സന്നദ്ധ സംഘടനയായ പി.ആര്‍.എസ് വഴിയാണ് അവർ ഇത് ചെയ്യുന്നത്. ഇന്ത്യൻ പാർലമെന്റിലെ എം.പിമാരെയും നിയമസഭകളിലെ എം.എൽ.എമാരെയും അവരുടെ പ്രവർത്തനങ്ങളിൽ സഹായിക്കാനുമൊന്നും വിദഗ്ധരായവർ ഇല്ലാത്തതിനാൽ ആ പണി ഏറ്റെടുത്തു ചെയ്യുന്നത് പി.ആര്‍.എസ് എന്ന എൻ.ജി.ഒ ആണ്.

പാർലമെന്റിലും നിയമസഭകളിലുമൊക്കെ ചോദിക്കേണ്ട ചോദ്യങ്ങൾ വരെ തയ്യാറാക്കി നൽകുന്നത് പി.ആർ.എസിന്റെ റിസർച്ച് ഫെലോമാരാണ്. എട്ടോ പത്തോ ലക്ഷം പേർ വോട്ട് ചെയ്യുമെങ്കിലും അവർക്കെല്ലാം തങ്ങളുടെ പ്രതിനിധിക്ക് ചോദ്യം തയ്യാറാക്കി കൊടുക്കാൻ കഴിയാത്തതുകൊണ്ട് മുതലാളിമാർ അതങ്ങ് ഏറ്റെടുത്തു.

പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട ചോദ്യം മുതല്‍ മണ്ഡലത്തിന്റെ സമഗ്ര ചിത്രം വരെ അവർ തയ്യാറാക്കി നൽകും. അംബേദ്കറിന്റെ ഭരണഘടനയാണ്, തേങ്ങയാണ് മാങ്ങയാണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല, പണി ചെയ്യാൻ ആള് വേണം. അതിനാണ് ഫോർഡ് മുതൽ നാടൻ മുതലാളിമാർ വരെ നല്ല ഉശിര് പിള്ളേരെ ഇറക്കിയിരിക്കുന്നത്.

മുൻ രാജ്യസഭാ എം.പിയും ഇപ്പോൾ എറണാകുളം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥിയുമായ പി രാജീവിനെയും ബംഗാളില്‍ നിന്നുള്ള സി.പി.എം എം.പിയായിരുന്ന മോയിനുല്‍ ഹസ്സനെയുമെല്ലാം ഇത്തരത്തിൽ പി.ആര്‍.എസ് സഹായിച്ചിട്ടുണ്ട്. പി.ആർ.എസിന്റെ ലെജിസ്ലേറ്റീവ് അസിസ്റ്റന്റ് ടു മെമ്പേഴ്‌സ് ഓഫ് പാര്‍ലമെന്റ് ഫെലോ ആയിരുന്ന ശ്വേത വെങ്കിട്ടറാം ആണ് പി രാജീവിനെ സഹായിച്ചിരുന്നത്.

ഫോർഡ് ഫൗണ്ടേഷൻ മാത്രമല്ല, ഗൂഗിൾ ഫൗണ്ടേഷൻ, ഇന്ത്യയിലെ തന്നെ വൻകിട കോർപ്പറേറ്റുകൾ ഒക്കെ തന്നെ പി.ആർ.എസിന്റെ നടത്തിപ്പിനായി വൻതോതിൽ ഫണ്ട് നൽകുന്നവരാണ്. അതായത്, ഇന്ത്യൻ ജനാധിപത്യം പുലർന്നുകാണാൻ വെമ്പൽ കൊള്ളുന്ന സി.ഐ.എ മുതൽ ഇന്ത്യൻ മുതലാളിമാർ വരെയുള്ളവരുടെ ആ വലിയ മനസ്സ് ഈ ജനാധിപത്യോത്സവ വേളയിൽ നാം കാണാതെ പോകരുത്

ഈ ലേഖനം വായിക്കുന്നവർക്ക് 2005ൽ മാത്രമാണ് ഫോർഡ് ഫൗണ്ടേഷൻ ഇന്ത്യയിൽ ഇടപെടൽ ആരംഭിച്ചത് എന്ന തെറ്റിദ്ധാരണ ഉണ്ടാകാനിടയുള്ളതിനാൽ എഡിറ്റ് ചെയ്ത് കെ ടി റാംമോഹന്റെ ഫേസ്‌ബുക്ക് കമന്റ് കൂടി ഇവിടെ ചേർക്കുന്നു. ഇതാണ് അദ്ദേഹത്തിന്റെ കമന്റ്

“There is a history to this. The role of Ford Foundation even during the days of planning in India was well brought out by George Rosen in his book ‘Western Economists and Eastern Societies: Agents of Change in South Asia’, 1950-1970. Delhi: OUP, 1985.”

വാസ്തവത്തിൽ കേരളത്തിന്റെ സാംസ്കാരിക മേഖലയിൽ വരെ ഇടപെട്ട ഫോർഡ് ഫൗണ്ടേഷന്റെ ചരിത്രം ഈ രംഗത്ത് ഉള്ളവർക്ക് ഓർമയുണ്ടാകും എന്നത് കൂടി പറഞ്ഞു കൊള്ളുന്നു. (പി.ആർ.എസിന്റെ വെബ്സൈറ്റ്: https://www.prsindia.org/aboutus/what-we-do )
Image Courtesy_ Various Media

Leave a Reply