പാകിസ്താനുമായുള്ള ഇന്ത്യയുടെ സംഘർഷങ്ങൾ മൂർച്ഛിപ്പിക്കുന്നതിൽ ഇസ്രയേലിന്റെ പങ്ക് വലുതാണ്_ റോബർട്ട് ഫിസ്ക്

ഇൻഡിപെൻഡൻഡ്-ൽ ഫെബ്രുവരി 28നു പ്രസിദ്ധീകൃതമായ റോബർട്ട് ഫിസ്ക് എഴുതിയ Israel is playing a big role in India’s escalating conflict with Pakistan ലേഖനം

പരിഭാഷ_ കെ എം വേണുഗോപാലൻ

ആദ്യം വാർത്തകൾ കണ്ടപ്പോൾ ഗാസയിലോ സിറിയയിലോ ഇസ്രായേൽ നടത്തിയ വ്യോമാക്രമണമാണ് എന്നാണ് ഞാൻ ധരിച്ചിരുന്നത്. അവയുടെ തലവാചകം “ഭീകരത്താവളത്തിൽ” വ്യോമാക്രമണം എന്നായിരുന്നു. ” ഉത്തരവുകൾ നൽകുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു കേന്ദ്രം ” നശിപ്പിക്കപ്പെട്ടതായും ഒട്ട നവധി “ഭീകരർ” കൊല്ലപ്പെട്ടതായും അവ അറിയിച്ചു. ഒരു “ഭീകരാക്രമണത്തിനു” സൈന്യം തിരിച്ചടി നല്കുകയായിരുന്നുവെന്നാണ് അവ നമ്മോടു പറഞ്ഞത്.

ഒരു ഒരു ഇസ്ലാമിസ്റ്റ് “ജിഹാദി” താവളം നശിപ്പിക്കപ്പെട്ടു എന്നു കേട്ടതിനു ശേഷമാണ് ബലാകോട്ട് എന്ന പേര് വാർത്തയിൽ കേൾക്കുന്നത്. അപ്പോഴാണ് സംഭവം നടന്നത് ഗാസയിലോ, സിറിയയിലോ , ലെബനോണിൽപ്പോലുമോ അല്ലെന്നും അത് പാകിസ്താനിലാണെന്നും എനിക്കു പിടികിട്ടുന്നത്‌. അത് വിചിത്രമായിത്തോന്നി . ഇസ്രയേലും ഇന്ത്യയും കൂട്ടിക്കുഴയ്ക്കാൻ ഒരാൾക്ക് എങ്ങിനെ സാധിച്ചു ? പക്ഷേ , പെട്ടെന്ന് മനസ്സിൽ വന്ന തോന്നലിന്റെ കാര്യം അങ്ങിനെ വിട്ടാൽ പറ്റില്ലല്ലോ .

ഇസ്രയേലിലേയും ഇന്ത്യയിലെയും പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനങ്ങളായ ടെൽ അവീവും ന്യൂ ഡെൽഹിയും തമ്മിൽ 2500 മൈലുകളുടെ ദൂരമുണ്ട്. എന്നിട്ടും വാർത്താ ഏജൻസികൾ നൽകുന്ന ഡെസ്പാച്ചുകളിലെ പദപ്രയോഗങ്ങൾ തമ്മിൽ സാമ്യം ഉണ്ടാവുന്നതിനും , അവ ക്ളീഷേകളെ പോലെ യിരിക്കുന്നതിനും കാരണമുണ്ട്.

ഇസ്രായേലിന്റെ വിരലടയാളങ്ങൾ അടുത്ത കാലത്തായി കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യാ- പാക് സംഘർഷാവസ്ഥയി ലങ്ങോളമിങ്ങോളം കാണാം. കഴിഞ്ഞ കുറേ മാസങ്ങളായി ഇസ്രായേൽ ഇന്ത്യയിൽ ബി ജെ പിയുടെ ദേശീയവാദി സർക്കാരുമൊത്ത് അപ്രഖ്യാപിതവും എന്നാൽ രാഷ്ട്രീയമായി ആപൽക്കരവുമായ ഒരു പ്രത്യേക അടുപ്പം പുലർത്തുന്നുണ്ട്. അനൗദ്യോഗികവും, പരസ്യമായി പ്രഖ്യാപിതമല്ലാത്തതും ആയ ഒരു കാര്യമാണ് അത് .

ഇസ്രയേലിന്റെ ആയുധക്കമ്പോളത്തിൽ നിന്നും അടുത്തകാലത്ത് ആയുധങ്ങൾ ഏറ്റവുമധികം വാങ്ങിച്ചുകൂട്ടിയ ഉപഭോക്തൃ രാജ്യം ഇന്ത്യയാണ് എന്നതും പ്രസ്താവ്യമാണ്. ഇന്ത്യൻ വായുസേന പാക്കിസ്ഥാനിലുള്ള ജെയ്‌ഷെ മുഹമ്മദ് “ഭീകരവാദി” കളെ വ്യോമാക്രമണത്തിലൂടെ തുടച്ചുനീക്കിയത് ഇസ്രായേൽ നിർമ്മിതമായ റഫാൽ സ്‌പൈസ് -2000 “സ്മാർട്ട് ബോംബുകൾ ” ഉപയോഗിച്ചായിരുന്നുവെന്ന് ഇന്ത്യൻ മാധ്യമങ്ങൾ ഏറെ കൊട്ടിഘോഷിച്ചതും യാദൃശ്ചികമല്ല.

ആക്രമണലക്ഷ്യങ്ങളിൽ കൃത്യമായി നാശമുണ്ടാക്കുമെന്ന ഇസ്രയേലിന്റെ പതിവ് അവകാശവാദങ്ങളെപ്പോലെതന്നെ പാക്കിസ്താനിലെ ഇന്ത്യൻ സാഹസിക ദൗത്യത്തിന്റെ വിജയവും സൈനിക വിജയമെന്നതിനേക്കാൾ ഭാവനയായിരുന്നു. ബോംബുകൾ ഇസ്രായേൽ സപ്ലൈ ചെയ്തതും , ജി പി എസ് സജ്ജീകരണത്തിന്റെ സഹായത്തോടെ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ പറ്റുന്നവയും ആയിരുന്നുവെങ്കിലും, അവ ഉപയോഗിച്ച് നശിപ്പിച്ചതായി പറയപ്പെടുന്ന “300 -400 ഭീകരർ” ഒരു പക്ഷെ പാറകളോ വൃക്ഷങ്ങളോ ആണെന്നത് പിന്നീട് വെളിപ്പെട്ടേക്കാം .

എന്നാൽ, ഫെബ്രുവരി 14 നു 40 ഇന്ത്യൻ സുരക്ഷാ സൈനികർ കൊല്ലപ്പെട്ടതും ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്വം ഏറ്റതുമായ പൈശാചികമായ ആക്രമണത്തിലോ, ഈയാഴ്ചയിൽ ഒരു ഇന്ത്യൻ യുദ്ധവിമാനമെങ്കിലും വെടിവെച്ചിട്ടതിലോ അയഥാർത്ഥമായ ഒന്നും ഇല്ലായിരുന്നു.

2017 ൽ ഇസ്രയേലിന്റെ പക്കൽനിന്നും ഏറ്റവും ആയുധങ്ങൾ വാങ്ങിയ രാജ്യം ഇന്ത്യയായിരുന്നു. ഇസ്രായേലി വ്യോമ പ്രതിരോധവകുപ്പിന് 530 മില്യൺ പൗണ്ട് നൽകി വാങ്ങിക്കൂട്ടിയ ഉപകരണങ്ങളിൽ റഡാർ സിസ്റ്റങ്ങളും, ആകാശത്തുനിന്ന് ഭൂമിയിലേക്ക് വിക്ഷേപിക്കുന്ന മിസൈലുകളും വെടിക്കോപ്പുകളും എല്ലാം ഉണ്ടായിരുന്നു. അവയിലധികവും പലസ്തീനിലെയും സിറിയയിലെയും ലക്ഷ്യങ്ങൾക്ക് നേരെ ഇസ്രായേൽ പ്രയോഗിച്ചു പരീക്ഷിച്ചവയുമായിരുന്നു.

മ്യാൻമറിലെ സൈനിക സ്വേച്ഛാധിപത്യവുമായുള്ള ആയുധ ഇടപാടുകൾക്ക്
പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയത് ഏറെയും രോഹിൻഗ്യൻ മുസ്ലിങ്ങൾ അടങ്ങുന്ന ന്യൂനപക്ഷജനതയെ ഉന്മൂലനം ചെയ്യുന്ന ഒരു നയം മ്യാൻമർ ഭരണകൂടം പിന്തുടർന്ന സാഹചര്യത്തിലാണ്. എന്നാൽ ഇസ്രായേൽ അതൊന്നും തങ്ങൾക്കു ബാധകമല്ലെന്ന മട്ടിൽ ഓരോ തൊടുന്യായങ്ങൾ ഉന്നയിച്ച് ടാങ്കുകളും ആയുധങ്ങളും ബോട്ടുകളും തുടർന്നും മ്യാന്മറിന് വിറ്റുകൊണ്ടിരുന്നു. ഇസ്രയേലും ഇന്ത്യയും ആയുള്ള ആയുധക്കച്ചവടമാകട്ടെ, പൂർണ്ണമായും നിയമവിധേയവും , പരസ്യവും,  ഇരു കക്ഷികളും ആഘോഷപൂർവ്വം കൊണ്ടാടുന്നതുമാണ്.

ഇസ്രയേലിന്റെ “സ്പെഷ്യൽ കമാൻഡോ” യൂണിറ്റുകളും പരിശീലനത്തിന് ഇന്ത്യ അയച്ച സംഘത്തിലെ അംഗങ്ങളും ചേർന്ന് നെഗേവ് മരുഭൂമിയിൽ നടത്തിയ സംയുക്ത അഭ്യാസങ്ങൾ ഇസ്രായേൽ വീഡിയോവിൽ ചിത്രീകരിച്ചുവെച്ചിട്ടുണ്ട്. ഗാസയിലും സിവിലിയന്മാർ തിങ്ങിപ്പാർക്കുന്ന സംഘർഷമുള്ള മറ്റിടങ്ങളിലും നടത്തിയ സൈനിക നടപടികളിൽ നിന്ന് ഇസ്രായേൽ സ്വായത്തമാക്കിയ അനുഭവപാഠങ്ങൾ ഇന്ത്യയിൽ നിന്ന് അയക്കപ്പെട്ട സംഘാംഗങ്ങൾക്ക് പകർന്നുകൊടുക്കൽ സംയുക്ത പരിശീലനത്തിന്റെ ഉദ്ദിഷ്ട  ലക്ഷ്യങ്ങളിൽപ്പെടും.

45 അംഗങ്ങളുള്ള ഇന്ത്യൻ മിലിട്ടറി പ്രതിനിധി സംഘത്തിലെ “ഗരുഡ് “കമാന്റോകൾ എന്ന് വിളിക്കുന്ന 16 ഇന്ത്യൻ സൈനികർ ഏതാനും കാലം ഇസ്രായേലിലെ നേവാറ്റിമ്‌ , പൽമാച്ചിം എന്നീ നാവികത്താവളങ്ങളിൽ നിയുക്തരായിരുന്നു. ദേശീയവാദിയായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനത്തെത്തുടർന്നു നടത്തിയ തന്റെ ആദ്യത്തെ ഇന്ത്യൻ സന്ദർശനത്തിനിടയിൽ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എടുത്തുപറഞ്ഞ ഒരു കാര്യം, “ഭീകരാക്രമണങ്ങളുടെ വേദന അറിയുന്നവരാണ് ഇന്ത്യക്കാരും ഇസ്രയേലികളും” എന്നതായിരുന്നു. മുംബൈയിൽ 2008ൽ നടന്ന ഇസ്ലാമിസ്റ്റ് ആക്രമണത്തിൽ 170 ഇന്ത്യക്കാർ കൊല്ലപ്പെട്ടത് അനുസ്മരിച്ചുകൊണ്ട് നെതന്യാഹു മോദിയോട് ഇങ്ങനെ പറഞ്ഞു: ” മുംബൈയിൽ അരങ്ങേറിയ പൈശാചികത ഞങ്ങൾക്ക് ഓർമ്മയുണ്ട്. ഞങ്ങൾ പല്ലിറുമ്മുകയാണ്. ഞങ്ങൾ പോരാടിക്കൊണ്ടിരിക്കും. ഒരിക്കലും വിട്ടുകൊടുക്കില്ല ” ബി ജെ പി സംസാരിക്കുന്ന അതേ രീതിയിൽ ആണ് ഇസ്രായേൽ പ്രധാനമന്ത്രിയും സംസാരിച്ചത്.

അനേകം ഇന്ത്യൻ നിരീക്ഷകർ അന്ന് അഭിപ്രായപ്പെട്ടത് വലതുപക്ഷ സയണിസവും മോദിയുടെ വലതുപക്ഷ ദേശീയതയും അല്ലാ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വ്യത്യസ്ത രീതികളിലെങ്കിലും സമരം ചെയ്ത പാരമ്പര്യമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അസ്തിവാരമിടേണ്ടത് എന്നായിരുന്നു.

ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാൽ ലോകത്ത് മുസ്‌ലിം ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയും, അതായത്‌, 18 കോടിയോളം മുസ്ലീങ്ങളുള്ള ഒരു രാജ്യവും – ഇസ്രയേലുമായി രൂപപ്പെടുത്തുന്ന സൗഹൃദത്തിന്റെ ചട്ടക്കൂട് ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെയും ഇസ്രായേലിലെ ലിക്കുഡ് പാർട്ടിയുടെയും ആശയങ്ങൾ തമ്മിൽ വിലയിച്ചുള്ള സ്വാഭാവികമായ ഐക്യമായി പൊതുബോധത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടുകയാണ് എന്ന് ബ്രസ്സൽസിൽ ഗവേഷകയായ ഷൈറീ മൽഹോത്ര ചൂണ്ടിക്കാട്ടുന്നുണ്ട്. ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്സിൽ കഴിഞ്ഞ വർഷം പ്രസിദ്ധീകൃതമായ ഒരു ലേഖനത്തിൽ ആണ് അവരിതു പറയുന്നത്.

“മുസ്ലീങ്ങളുടെ കൈകളാൽ ചരിത്രപരമായി ഇരകളാക്കപ്പെട്ടവർ ആണ് ഹിന്ദുക്കൾ ” എന്ന ഒരു ആഖ്യാനം നിർമ്മിച്ചാണ് ഹിന്ദു ദേശീയവാദികൾ ഹിന്ദുക്കൾക്കിടയിൽ സ്വീകാര്യത നേടാൻ ശ്രമിക്കുന്നത്. ഇത് ഹിന്ദുക്കൾക്ക് ആകർഷകമായി തോന്നാൻ ഇന്ത്യാ വിഭജനവും, അതേത്തുടർന്ന് പാകിസ്താനുമായുള്ള കലുഷിത ബന്ധങ്ങളും സ്വാഭാവികമായും നിമിത്തങ്ങളാകുന്നു.

തന്റെ ഹാരെറ്റ്സ് ലേഖനത്തിൽ മൽഹോത്ര അഭിപ്രായപ്പെടുന്നതുപോലെ , ” ഇസ്രയേലിന്റെ ഇന്ത്യയിലെ ആരാധകരിൽ അധികം പേരും ‘ ഇന്റർനെറ്റ് ഹിന്ദുക്കൾ ‘ ആണ് എന്ന് തോന്നുന്നു; അവർക്കു ഇസ്രയേലിനോടുള്ള ആരാധനയ്ക്കു കാരണം പലസ്തീനെ ഒതുക്കുന്നതിലും മുസ്ലീങ്ങളോട് യുദ്ധം ചെയ്യുന്നതിലും ഇസ്രായേൽ കാട്ടുന്ന മികവാണ് ” എന്നത് ഒരു സത്യമാണ്.

ഇന്ത്യയും ഇസ്രയേലും അമേരിക്കയും ഇസ്ലാമിക ഭീകരവാദത്തിന്റെ കെടുതികളനുഭവിച്ച രാജ്യങ്ങൾ എന്ന നിലയിൽ അവ തമ്മിൽ ഒരു “മുക്കൂട്ട് സഖ്യം” വേണമെന്ന് കാൾട്ടൺ യൂണിവേഴ്സിറ്റി പ്രൊഫസ്സർ ആയ വിവേക് ദെഹേജിയ ആവശ്യപ്പെട്ടതിനെ മൽഹോത്ര അപലപിക്കുന്നുണ്ട് .

വാസ്തവത്തിൽ 2016 അവസാനത്തിൽ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്ന് ഐസിസിൽ ചേരാൻ അറബ് രാജ്യങ്ങളിലേക്ക് പോയത് ആകെ 23 പുരുഷന്മാരാണെങ്കിൽ , വെറും അഞ്ചു ലക്ഷം മുസ്ലീങ്ങളുള്ള ഡെന്മാർക്കിൽ നിന്ന് 500 ഐസിസ് പോരാളികൾ ഉണ്ടായി.

ഇന്ത്യൻ- ഇസ്രായേൽ ബന്ധം പ്രായോഗികതയുടെ മാത്രം തലത്തിൽ ആകാമെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ തലത്തിൽ അങ്ങനെയൊരു സഹകരണം ആശാസ്യമല്ല എന്നാണ് മൽഹോത്രയുടെ വാദം.

പക്ഷെ, ഇസ്രായേൽ ധാരാളമായി ഇന്ത്യയ്ക്ക് ആയുധങ്ങൾ സപ്ലൈ ചെയ്തുകൊണ്ടിരിക്കുമ്പോൾ , 1992 മുതൽ ഇസ്രയേലുമായി നയതന്ത്ര ബന്ധങ്ങളുള്ള ഇന്ത്യ ഏറ്റവും ഒടുവിൽ ലഭിച്ച ആയുധങ്ങൾ പാകിസ്താനിലുള്ള ഇസ്ലാമിസ്റ്റുകൾക്കെതിരെ ഇപ്പോൾത്തന്നെ ഉപയോഗിച്ച നിലക്ക് , ഹിന്ദു ദേശീയതയെ സയണിസ്റ്റ് ദേശീയത സ്വാധീനിക്കുകയില്ലെന്ന് എങ്ങിനെയാണ് പറയാൻ കഴിയുക ?
.
“ഭീകരയ്‌ക്കെതിരായ യുദ്ധ”ത്തിൽ – പ്രത്യേകിച്ചും “ഇസ്ലാമിസ്റ്റ് ഭീകരത”യ്ക്കെതിരായ യുദ്ധത്തിൽ – പങ്കാളിയാവാൻ സമ്മതം നൽകുക എന്നത് കൊളോണിയൽ ഭരണകാലത്ത് വിഭജിക്കപ്പെട്ടതും മുസ്‌ലീം അയൽ രാജ്യങ്ങളാൽ സുരക്ഷാ ഭീഷണി നേരിടുന്നതുമായ രണ്ട് രാജ്യങ്ങൾക്കും സ്വാഭാവികമായി തോന്നാം. രണ്ട് രാജ്യങ്ങളുടെ കാര്യത്തിലും മത്സരം ഭൂപ്രദേശങ്ങൾ സ്വന്തമാക്കാനോ അധിനിവേശം നടത്താനോ ആണ്. ഇസ്രയേലും ഇന്ത്യയും പാകിസ്ഥാനും എല്ലാം ആണവായുധങ്ങൾ സ്വന്തമായുള്ള ശക്തികളാണ് എന്നതും . പലസ്തീനും കാശ്മീരും കൂട്ടിക്കുഴയ്ക്കപ്പെടാതിരിക്കാൻ ഒരു കാരണമാകുന്നു. ഒപ്പം, ഇന്ത്യയിലെ 18 കോടി മുസ്ലീങ്ങളെ അവരുടെ പാട്ടിനു വിടാനും.

Leave a Reply