കൊലയാളികളെ അറസ്റ്റു ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടാൽ യുഎപിഎയും ജയിലും

ഇത്ര കടുത്ത മനുഷ്യാവകാശ ലംഘനവും ഭരണകൂട ഭീകരതയും അരങ്ങേറിയിട്ടും നിശബ്ദമായിരിക്കുകയും ഈ അടിച്ചമർത്തലിനെ അവഗണിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രവർത്തകരും ജനാധിപത്യവാദികളും ഭരണകൂടത്തിന്റെ നിയമ ലംഘനങ്ങൾക്ക് കരുത്ത് പകരുകയും ചെയ്യുന്നു…


അഡ്വ തുഷാർ നിർമ്മൽ സാരഥി

സിപി ജലീലിന്റെ കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നും തണ്ടർബോൾട്ട് എന്ന കേരളാ പൊലീസിന്റെ കമാൻഡോ ഫോഴ്സ് പിരിച്ചുവിടണമെന്നും ആവശ്യപ്പെടുന്ന പോസ്റ്റർ പതിച്ചതിന് ഭീകരവിരുദ്ധ നിയമം യു.എ.പി.എയിലെ 39-ാം വകുപ്പും (ഭീകര സംഘടന പ്രവർത്തനങ്ങൾ പോഷിപ്പിക്കുക എന്ന ഉദ്യേശത്തോടെ ഭീകര സംഘടനക്ക് പിന്തുണ ക്ഷണിക്കുക.) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A(രാജ്യദ്രോഹം) 153 (കലാപ പ്രേരണ) എന്നീ കുറ്റങ്ങൾ ആരോപിച്ച് ആറളം, ഇരിട്ടി പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ എടുത്തിരിക്കുന്നു.

ഈ കേസുകളിൽ അറസ്റ്റു ചെയ്യപ്പെട്ട ലുഖ്മാൻ പള്ളിക്കണ്ടി തടവറയിലാണ്. ഒരു പക്ഷെ ഇന്ത്യയുടെ നിയമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും കൊലയാളികളെ അറസ്റ്റു ചെയ്യണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടതിനെതിരെ യു.എ.പി.എ ചുമത്തുന്നത്. അപ്രകാരം ആവശ്യപ്പെടുന്നത് രാജ്യദ്രോഹവും ഭീകരപ്രവർത്തനത്തെയും, ഭീകര സംഘടനയേയും പിന്തുണക്കലാണ് എന്നാണ് പൊലീസ് ആരോപിക്കുന്നത്. ‘മാവോയിസ്റ്റ് വേട്ട’യുടെ പേരിൽ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും എല്ലാ ചോദ്യങ്ങൾക്കും അതീതമാണെന്ന സന്ദേശമാണ് ഇതിലൂടെ ഭരണകൂടം നൽകുന്നത്.

വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നമ്മുടെ നിയമവ്യവസ്ഥയിലും ക്രിമിനൽ നീതി സമ്പ്രദായത്തിലും ജനങ്ങൾക്കുള്ള വിശ്വാസത്തെ തകർക്കുമെന്നും നിയമബാഹ്യ കൊലകൾക്ക് നമ്മുടെ നിയമ വ്യവസ്ഥയിൽ സ്ഥാനമില്ലെന്നും സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. അതു കൊണ്ട് ജനങ്ങൾക്കിടയിൽ നിയമവാഴ്ച്ചയിൽ വിശ്വാസം വർദ്ധിപ്പിക്കാനുള്ള നടപടി എന്ന നിലയിൽ കൂടിയാണ് 2014ൽ PUCL കേസിൽ ഏതൊരു ഏറ്റുമുട്ടൽ സംഭവത്തിലും FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചത്.

എന്നാൽ കേരള സർക്കാർ ഈ നിർദ്ദേശം പാലിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്ന ആവശ്യം ഉന്നയിക്കുന്നതിനെ രാജ്യദ്രോഹവും ഭീകര സംഘടനയെ പിന്തുണക്കലുമായി ആരോപിക്കുകയും ചെയ്യുന്നു. കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യം അംഗീകരിക്കുന്നതാണൊ അതൊ നിയമപ്രകാരമുള്ള ഉത്തരവാദിത്വം നിർവ്വഹിക്കാതിരിക്കുകയും നിയമ നടപടിക്കു വേണ്ടിയുള്ള മുറവിളികളെ അടിച്ചമർത്തുകയും ചെയ്യുന്നതാണൊ ഏതാണ് നിയമവാഴ്ച്ചക്ക് ഭീഷണി ?

ഇനി പോസ്റ്ററിലെ ആവശ്യങ്ങൾ എങ്ങനെയാണ് ഭീകര സംഘടനയെയും ഭീകരപ്രവർത്തനത്തെയും പിന്തുണക്കൽ ആകുന്നത് ? സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായ ഒരു ആവശ്യം മാത്രമാണ് കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നത്. ഒരു അന്യായത്തിനെതിരെ നിയമവ്യവസ്ഥയെ ആശ്രയിക്കുകയാണ് ആ പോസ്റ്റർ പ്രചരിപ്പിച്ച പുരോഗമന യുവജന പ്രസ്ഥാനം ചെയ്തതെന്ന് പോസ്റ്റർ കാണുന്ന സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാവും. നിയമ വ്യവസ്ഥയെ ആശ്രയിച്ച് നീതി തേടുന്നത് എങ്ങനെയാണ് ഭീകരപ്രവർത്തനമാവുക ? എന്നിട്ടും എത്ര നിർലജ്ജമായാണ് ഈ കേസുകൾ എടുത്തിരിക്കുന്നതെന്നും അതിന്റെ പേരിൽ ലുഖ്മാനെ തടവിലിട്ടിരിക്കുന്നതുമെന്ന് നോക്കു.

ഭരണകൂടത്തിന്റെ ‘മാവോയിസ്റ്റ് വേട്ട’യുടെ യഥാർത്ഥ സമീപനമെന്തെന്ന് തുറന്നു കാണിക്കുന്നതാണ് ഈ സംഭവം. യാതൊരു തത്വദീക്ഷയുമില്ലാതെ ഏറ്റവും നീചവും നികൃഷ്ടവുമായ അടിച്ചമർത്തലിനാണ് ഭരണകൂടം ശ്രമിക്കുന്നത്. അതിക്രമങ്ങൾ നിയമപരമായി പോലും നേരിടാൻ അനുവദിക്കില്ല എന്ന സന്ദേശമാണ് ഭരണകൂടം നൽകുന്നത്. ഇത്ര കടുത്ത മനുഷ്യാവകാശ ലംഘനവും ഭരണകൂട ഭീകരതയും അരങ്ങേറിയിട്ടും നിശബ്ദമായിരിക്കുകയും ഈ അടിച്ചമർത്തലിനെ അവഗണിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രവർത്തകരും ജനാധിപത്യവാദികളും ഭരണകൂടത്തിന്റെ നിയമ ലംഘനങ്ങൾക്ക് കരുത്ത് പകരുകയും ചെയ്യുന്നു. ഇനിയെങ്കിലും മൗനം വെടിയുകയും ലുക്മാന്റെ മോചനത്തിനും ഭരണകൂടാതിക്രമങ്ങൾക്കെതിരെയും ശബ്ദമുയർത്താൻ തയ്യാറായില്ലെങ്കിൽ നമ്മുടെ സമൂഹത്തിലെ ജനാധിപത്യ മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നതിലായിരിക്കും അത് എത്തിചേരുക.

Leave a Reply