മോദിയെ വധിക്കാൻ മാവോയിസ്റ്റ് പദ്ധതി; കത്ത് വ്യാജമെന്ന് മാധ്യമങ്ങളും സോഷ്യൽ മീഡിയയും

മോദിയെ വധിക്കാൻ മാവോയിസ്റ്റ് പദ്ധതി; കത്ത് വ്യാജമെന്ന് മാധ്യമങ്ങളും സോഷ്യൽ മീഡിയയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റ് പാർട്ടി പദ്ധതിയിട്ടുവെന്ന കത്ത് വ്യാജമാണെന്ന് മാധ്യമങ്ങളും സോഷ്യൽ മീഡിയയും.

ഭീമാ കൊറെഗോണ്‍ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും അവരിൽ നിന്നും ലഭിച്ച കത്തിൽ എൽ.ടി.ടി.ഇ രാജീവ് ഗാന്ധിയെ വധിച്ചപോലെ മാവോയിസ്റ്റുകൾ നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടുവെന്നും പോലീസിനെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ വരുന്നു.

മുഖ്യധാരാ മാധ്യമങ്ങൾ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആയി ഈ വാർത്ത വളരെ പ്രാധാന്യത്തോടെ പ്രചരിപ്പിച്ചപ്പോൾ ചുരുക്കം ചില മാധ്യമങ്ങളും സോഷ്യൽ മീഡിയയും പോലീസ് ഭാഷ്യത്തെ അപ്പാടെ വിശ്വസിക്കാൻ തയ്യാറായില്ല. പൂനെ പോലീസ് മാവോയിസ്റ്റുകളുടേതെന്ന് പറഞ്ഞു മാധ്യമങ്ങൾക്ക് നൽകിയ കത്തിലെ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ ചൂണ്ടികാണിച്ചു പോലീസിനെയും സർക്കാരിനെയും ചോദ്യം ചെയ്യുകയായിരുന്നു ആ മാധ്യമങ്ങൾ. അതേസമയം തന്നെ, രാജ്യത്ത് മുമ്പ് നടന്ന ഇത്തരം വ്യാജ കത്തുകളുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉയർത്തി കാണിച്ചാണ് സോഷ്യൽ മീഡിയ ഈ സംഭവത്തോട് പ്രതികരിച്ചത്.

മാസങ്ങൾക്ക് മുമ്പ് മുംബൈയിൽ നടന്ന ഭീമാ കൊറെഗോണ്‍ വാര്‍ഷികം ആഘോഷത്തിൽ ദലിതർക്ക് നേരെ സംഘ് പരിവാർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കുറ്റവാളികളായ ഹിന്ദുത്വവാദികൾക്കെതിരെ നടപടി എടുക്കാതിരുന്ന പോലീസും സർക്കാരും ഭീമാ കൊറെഗോണ്‍ അനുസ്മരണത്തെ പിന്തുണക്കുകയും പങ്കെടുക്കുകയും ചെയ്ത ദലിത് നേതാക്കളെയും  മനുഷ്യാവകാശ പ്രവർത്തകരെയും യുഎപിഎ ചുമത്തി കള്ളകേസുകളിൽ പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.  അറസ്റ്റിലായവരുടെ വീടുകളിൽ റെയിഡ് നടത്തുകയും അവരിൽ ഒരാളുടെ വീട്ടിൽ നിന്നും ലഭിച്ച കത്തിലാണ് മാവോയിസ്റ്റ് പാർട്ടി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടുവെന്ന സൂചനകൾ ഉള്ളതായി പോലീസ് പറയുന്നത്.

പോലീസ് കോടതിയിൽ പരാമർശിക്കുകയും മാധ്യമങ്ങൾക്ക് നൽകുകയും ചെയ്ത കത്തിൽ ഡിസംബറില്‍ നടക്കാനിരിക്കുന്ന പരിപാടിയെ കുറിച്ച് എഴുതിയ കത്തിന്റെ തിയ്യതി ജനുവരി രണ്ടാണെന്ന് “സകല്‍ ടൈംസ്” അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ ഈ കത്ത് പോലീസ്  വ്യാജമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമായിരിക്കുകയാണെന്നും പറയുന്നു. മാത്രമല്ല, അറസ്റ്റിലായ മലയാളിയും രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുമായ റോണാ വില്‍സന് ലാല്‍ജോഹര്‍ എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. പക്ഷെ, ആദിവാസി പ്രയോഗങ്ങളില്‍ ലാല്‍ ജോഹര്‍ എന്ന പ്രയോഗമില്ല എന്നും മാധ്യമങ്ങൾ ചൂണ്ടി കാണിക്കുന്നു.

ഈ വിഷയത്തിൽ പോലീസിന്റെയും സർക്കാരിന്റെയും വാദങ്ങളെ യുക്തിപൂർവ്വം ഖണ്ഡിക്കുകയും അതോടൊപ്പം പോലീസ് സർക്കാർ ഭാഷ്യങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുന്ന മുഖ്യധാരാ മാധ്യമങ്ങളെ തുറന്നു കാണിക്കുകായും ചെയ്യുന്ന ഒരു സോഷ്യൽ മീഡിയാ പോസ്റ്റ് ഏഷ്യൻ സ്പീക്സ് പങ്കുവെക്കുന്നു.

“ആ കത്ത് വ്യാജമാണെന്ന് തെളിഞ്ഞത് 2014 മേയ് 16നായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍ വിജയം നേടിയ ദിവസം. ഗുജറാത്തിലെ ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രത്തിന് നേരെ 2002 സെപ്റ്റംബര്‍ 24ന് നടന്ന ആക്രമണക്കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ട സുപ്രിംകോടതി കേസിലെ സുപ്രധാന തെളിവായി പോലിസ് കാണിച്ച ഉറുദുവിലുള്ള കത്ത് വ്യാജമാണെന്നു വ്യക്തമാക്കിയിരുന്നു. വിധിയില്‍ കോടതി ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്…

‘We intend to express our anguish about the incompetence with which the investigating agencies conducted the investigation of the case of such a grievous nature, involving the integrity and security of the nation. Instead of booking the real culprits responsible for taking so many precious lives, police caught innocent people and got imposed the grievous charges against them which resulted in their conviction and subsequent sentencing’.

കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട്, 11 വര്‍ഷത്തെ തടവിന് ശേഷം വെറുതെ വിടപ്പെട്ട അബ്ദുല്‍ ഖയ്യും മന്‍സൂരി തടവറയിലെ 11 വര്‍ഷങ്ങള്‍ എന്ന പുസ്തകത്തില്‍ പോലിസ് ഈ കത്ത് തയ്യാറാക്കിയത് എങ്ങനെയെന്ന് പറയുന്നുണ്ട്. ആ ഒരു കത്തിന്റെ പേരിലാണ് നിരവധി പേര്‍ പതിറ്റാണ്ടിലധികം കാലം ജയിലില്‍ അടക്കപ്പെട്ടത്.

അന്ന് ഗുജറാത്ത് പോലിസ് നടത്തിയത് പോലുള്ള ഒരു നീക്കമാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പോലിസ് നടത്തിയിരിക്കുന്നത്. 1818ലെ കൊറെഗോണ്‍ യുദ്ധത്തിന്റെ വാര്‍ഷികം ആഘോഷിച്ച ദലിത് വിഭാഗത്തില്‍ പെട്ടവര്‍ക്കു നേരെ ഡിസംബര്‍ 31- ജനുവരി കാലത്ത് സംഘപരിവാരം ആക്രമണം നടത്തിയിരുന്നല്ലോ. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിലെ ഗുഡാലോചനക്കാരായ സംഘ്പരിവാര്‍ നേതാക്കളെല്ലാം പുറത്ത് വിലസുമ്പോള്‍ ദലിത്-ജനാധിപത്യ പ്രവര്‍ത്തകര്‍ക്ക് നേരെ ഭരണകൂടം ആക്രമണം നടത്തികൊണ്ടിരിക്കുകയാണ്.

ഇതിന്റെ തുടര്‍ച്ചയായാണ് ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്കും മറ്റു അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും നിയമസഹായം നല്‍കിയിരുന്ന അഡ്വ. സുരേന്ദ്ര ഗാഡ്‌ലിങ്, രാഷ്ട്രീയ തടവുകാരുടെ വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സിആര്‍പിപിയുടെ പബ്ലിക്ക് റിലേഷന്‍ സെക്രട്ടറിയും മലയാളിയുമായ റോണാ വില്‍സന്‍, പ്രമുഖ ദലിത് ആക്ടിവിസ്റ്റും വിദ്രോഹി മാസികയുടെ എഡിറ്ററുമായ സുധീര്‍ ധവാലെ, പ്രമുഖ സാമൂഹിക പ്രവര്‍ത്തക പ്രഫ. ഷോമാ സെന്‍, സാമൂഹിക പ്രവര്‍ത്തകന്‍ മഹേഷ് റൗത്ത് എന്നിവര്‍ക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്ത് ജയിലിലടച്ചത്.

റോണാ വില്‍സന്റെ കംപ്യൂട്ടറില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള രാഷ്ട്രീയപാര്‍ടിയായ സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്രസമിതി അംഗവും ബാബാ സാഹിബ് അംബേദ്കര്‍ കുടുംബാംഗവുമായ മിലിന്ദ് തെല്‍തുംദെയുടെ കത്ത്് ലഭിച്ചെന്നാണ് പോലിസ് കോടതിയെ അറിയിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴ് വിമോചന സംഘടനയായിരുന്ന എല്‍ടിടിഇ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് നേരെ നടത്തിയ ബോംബാക്രമണത്തിന് സമാനമായ ആക്രമണം നടത്തണമെന്ന് ഈ കത്തില്‍ പരാമര്‍ശമുണ്ടെന്നാണ് പോലിസ് കോടതിയില്‍ വാദിച്ചത്.

ഈ കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തിരിക്കുന്നു. ഡിസംബറില്‍ നടക്കാനിരിക്കുന്ന പരിപാടിയെ കുറിച്ച് എഴുതിയ കത്തിന്റെ തീയ്യത് ജനുവരി രണ്ടാണെന്ന് സകല്‍ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ കത്ത് പോലിസ് വ്യാജമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമായിരിക്കുകയാണ്. റോണാ വില്‍സന് ലാല്‍ജോഹര്‍ എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.

പക്ഷെ, ആദിവാസി പ്രയോഗങ്ങളില്‍ ലാല്‍ ജോഹര്‍ എന്ന പ്രയോഗമില്ല. ഈ കത്തില്‍ ഗുജറാത്തിലെ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മെവാനി, ജെഎന്‍യുവിലെ ഉമര്‍ഖാലിദ്, ലണ്ടനിലെ പ്രഫ. രാധാ ഡിസൂസ, അസാദ് ഹോഷിയാര്‍പുരി, മാര്‍ക്വേസ്, പ്രമുഖ ദലിത്-മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ആനന്ദ് തെല്‍തുംദെ, കൊബാദ് ഗാണ്ടി, സായ്, തുടങ്ങിയവരെ കുറിച്ചും പരാമര്‍ശമുണ്ട്.

അതേ, ഇന്ത്യ ഇന്ന് ഒരു പ്രതിസന്ധി ഘട്ടത്തിലാണ്. അംബാനിയുടെ ഇന്ത്യ, അദാനിയുടെ ഇന്ത്യ, കോര്‍പറേറ്റുകളുടെ ഇന്ത്യ, ഫ്യൂഡലിസ്റ്റുകളുടെ ഇന്ത്യ, സവര്‍ണരുടെ ഇന്ത്യ, അമേരിക്കയുടെ ഇന്ത്യ ഇവയെല്ലാം പ്രതിസന്ധിയിലാണ്. ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളും തൊഴിലാളി വര്‍ഗവും കര്‍ഷകരുമെല്ലാം ചൂഷണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ കടുത്ത സമരത്തിലാണ്. ഇത് മേല്‍പ്പറഞ്ഞവര്‍ക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ‘സുസ്ഥിര ചൂഷണത്തിനായി’ കടുത്ത അടിച്ചമര്‍ത്തലാണ് ഭരണവര്‍ഗം നടത്തി കൊണ്ടിരിക്കുന്നത്.

മധ്യഇന്ത്യയിലെ വിഭവ കൊള്ളക്കെതിരെ ചെറുത്തുനില്‍ക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നടത്തുന്ന ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട് അതിശക്തമായി നഗരങ്ങളിലേക്കും പ്രവേശിച്ചിരിക്കുകയാണ്. എല്ലാ വിധ ജനകീയ പ്രക്ഷോഭങ്ങളെയും പ്രസ്ഥാനങ്ങളെയും പുരോഗമനകാരികളായ വ്യക്തികളെയും അനുദിനം ആക്രമിച്ചു കൊണ്ടിരിക്കുകയാണ്.

അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ മഹാരാഷ്ട്ര പോലിസിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇനിയും ഇത് വര്‍ധിക്കുമെന്ന് തന്നെ വേണം കരുതാന്‍…”
Photos Courtesy_ Various Media

Share Is Caring
  • 98
    Shares

Leave a Reply

Your email address will not be published. Required fields are marked *