രോഗികളെ കൊള്ളയടിക്കുന്ന ആശുപത്രി മാനേജ്മെന്റുകള്‍ നഴ്സുമാര്‍ക്ക് നല്‍കുന്നത് തുച്ഛ ശമ്പളം

നഴ്സുമാരുടെ ലോംഗ് മാർച്ചിനും അകമഴിഞ്ഞ പിന്തുണ പൊതു സമൂഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്…

“എല്ലാ സമ്പത്തിന്‍റെയും ഉറവിടം അധ്വാനമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ തറപ്പിച്ചു പറയാറുണ്ട്. അധ്വാനത്തിനാവശ്യമായ വസ്തുക്കൾ പ്രധാനം ചെയ്യുന്ന പ്രകൃതിയെ മാറ്റി നിർത്തിയാൽ സമ്പത്തിന്‍റെ ഉൽപ്പാദനത്തിനാവശ്യമായ ഏറ്റവും പ്രധാന ഉപാധി മനുഷ്യന്‍റെ അധ്വാനം തന്നെയാണ്. “സ്വകാര്യ ആശുപത്രികളിൽ വിശ്രമമില്ലാതെ, മാനേജ്മെന്‍റിന്‍റെ ആട്ടും തുപ്പും സഹിച്ച് പന്ത്രണ്ടും പതിനഞ്ചും മണിക്കൂർ ജോലി ചെയ്യുന്ന നഴ്സുമാർ മിനിമം വേതനത്തിനുവേണ്ടി സമരം ചെയ്യാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.

പക്ഷെ മുതലാളികളും അധികാരിവർഗ്ഗവും കണ്ട ഭാവം നടിക്കുന്നില്ല.(അന്ധ-ബധിര-മൂക സംവിധാനമാണല്ലോ !) കേരളത്തെ സംബന്ധിച്ച് പ്രബല സമുദായങ്ങളാണ് ആശുപത്രികൾ നടത്തുന്നത്. നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം, നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന് പറയുന്ന ശാന്തിയുടെയും സമാധാനത്തിന്‍റെയും കുഞ്ഞാടുകളും, ലോകാ- സമസ്താ സുഖിനോ ഭവന്തു എന്നു വിശ്വസിക്കുന്നവരുടെയും പഞ്ചനക്ഷത്ര ആശുപത്രികൾ പണിത് തൊഴിൽ ചൂഷണം കൊണ്ട് കുപ്രസിദ്ധിയാർജിച്ച യൂസഫലിമാരുടെയും ഒക്കെ ആശുപത്രികളിൽ നഴ്സുമാർക്ക് മിനിമം ശമ്പളം നൽകുന്ന കാര്യം വരുമ്പോൾ എല്ലാ മുതലാളിമാരും ഒന്നിച്ച് നിന്ന് എതിർക്കുന്നു. മാത്രവുമല്ല, നമ്മൾ പറയുന്ന (അല്ല! അവർ പറയിപ്പിക്കുന്ന) ജനങ്ങളുടെ സർക്കാർ !” സർക്കാർ ജനങ്ങളോടൊപ്പം ” എന്ന് പറയുന്നതിന് പകരം ” സർക്കാർ മുതലാളിമാർക്കൊപ്പം ” എന്ന് തിരുത്തി ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയുമോ ?

9 മാസമായി ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാർ സമരം തുടങ്ങിയിട്ട്. മിനിമം വേതനത്തിനുവേണ്ടി സമരം ചെയ്തവരെ ജോലിയിൽ നിന്ന് പുറത്താക്കിക്കൊണ്ടാണ് മാനേജ്മെന്‍റ് അവരോട് പക വീട്ടിയത്. ഇവിടെയെല്ലാം സർക്കാർ വളരെ ബോധപൂർവ്വം നോക്കുകുത്തിയാവുന്നു. എവിടെയാണ് ജനാധിപത്യം ? എവിടെയാണ് നീതി ? എന്തുകൊണ്ട് നഴ്സുമാരുടെ അവകാശങ്ങൾ ലംഘിക്കുന്ന ആശുപത്രി മാനേജുമെന്റുകൾക്കെതിരെ നടപടിയെടുക്കുന്നില്ല ?

ഇതെല്ലാം കണ്ടില്ലെന്നു നടിക്കുന്ന രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും കുറ്റകരമായ അനാസ്ഥയാണ് ഈ വിഷയത്തിൽ പുലർത്തുന്നത്. 1990കൾക്ക് ശേഷം L.P.G(ലിബറലൈസേഷൻ, പ്രൈവറ്റെസേഷൻ, ഗ്ലോബലൈസേഷൻ)യുടെ ഭാഗമായി പുത്തൻ സാമ്പത്തിക ചൂഷണത്തിലൂടെ സേവനമേഖലകളായ വിദ്യാഭ്യാസം ആരോഗ്യം, പാർപ്പിടം കുടിവെള്ളം മുതലായ അടിസ്ഥാന മേഖലകളിൽ, സേവനമേഖലകളിൽ നിന്നും സർക്കാരുകൾ പിന്നോക്കം പോയപ്പോൾ ആരോഗ്യമേഖല കടുത്ത മൂലധന ചൂഷണ മേഖലയായി കേരളത്തിലെ ആരോഗ്യരംഗം മാറി.

ഇതോടെ പാവപ്പെട്ട രോഗികളെ കൊള്ളയടിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ മാനംമുട്ടെ ഉയർന്നു. വർഷംതോറും ഇരുപതിനായിരം കോടി രൂപയാണ് ചികിത്സക്കായി കേരളം ചിലവിടുന്നത്. ഇതിന്‍റെ സിംഹഭാഗവും ഊറ്റിയെടുക്കുന്നത് സ്വകാര്യ ആശുപത്രികളാണ് ! ദേശീയ മരുന്നുവില അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് സ്വകാര്യ ആശുപത്രികൾ 1700 ശതമാനംവരെ ലാഭമുണ്ടാക്കുന്നു എന്നാണ്.

അവശ്യവസ്തുക്കൾ, പരിശോധന, മരുന്നുകൾ എന്നിവയാണ് രോഗികളുടെ ബില്ലിൽ 46 ശതമാനം വർദ്ധനവ് വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. MRPയിലൂടെ മരുന്നു നിർമ്മാതാക്കളേക്കാൾ ഏറെ ലാഭമുണ്ടാക്കുന്നത് ആശുപത്രികളാണ്. മരുന്നുകളും ഉപകരണങ്ങളും ആശുപത്രിയിലെ ഫാർമസികളിൽ നിന്നും അവർ (കമ്പനി MRP) നൽകുന്ന വിലയ്ക്കു തന്നെ രോഗികൾ വാങ്ങാൻ നിർബന്ധിതരാവുകയാണെന്നും മിക്ക ആശുപത്രികളും വൻതോതിൽ മരുന്നുകൾ വാങ്ങുന്നതിൽ MRPയിൽ നിന്ന് ലാഭമുണ്ടാക്കുന്നുണ്ട്.

കൂടുതൽ മരുന്നുകൾ വാങ്ങാം എന്ന വാഗ്ദാനം നൽകി MRPയിൽ വില കൂട്ടി പ്രിന്‍റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഈ രീതിയിൽ വലിയ കൊള്ളയാണ് സ്വകാര്യ ആശുപത്രികൾ നടത്തുന്നതെന്ന് NPPA റിപ്പോർട്ടിൽ പറയുന്നു. ലക്ഷങ്ങളുടെയും കോടികളുടെയും ലാഭം സ്വകാര്യ ആശുപത്രികൾ ഉണ്ടാക്കുമ്പോഴും അവിടെ ജോലി ചെയ്യുന്ന നഴ്സുമാർ അടങ്ങുന്ന ജീവനക്കാർ കടുത്ത ചൂഷണമാണ് അനുഭവിക്കുന്നത്.

ജോലി ഭാരം അടിച്ചേൽപ്പിക്കൽ, മാനസിക പീഢനങ്ങൾ തുടങ്ങി ഇവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതെല്ലാം അവസാനിപ്പിച്ച് നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും മിനിമം വേതനം നൽകി അവർക്ക് നീതി ലഭ്യമാക്കേണ്ടതുണ്ട്.

ആയതിനാൽ ഏപ്രിൽ 24 മുതൽ സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രികളിലെ മുഴുവൻ നഴ്സുമാരും യു.എൻ.എയുടെ നേതൃത്ത്വത്തിൽ നടത്തുന്ന സമരത്തിനും, ചേർത്തല കെവിഎം ആശുപത്രിക്ക് മുന്നിൽ നിന്നും കേരളത്തിന്‍റെ ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പടിക്കലേക്ക് ആരംഭിക്കുന്ന ലോംഗ് മാർച്ചിനും അകമഴിഞ്ഞ പിന്തുണ പൊതു സമൂഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്, സമരം വിജയിപ്പിക്കേണ്ടതുണ്ട്.
_ അനില്‍കുമാര്‍ ടി എസ്

Share Widely
  • 1.6K
    Shares

Leave a Reply

Your email address will not be published. Required fields are marked *