പാസ്പോര്‍ട്ട് നിറം മാറ്റം മുസ്‌ലിങ്ങളെ ഉദ്ദേശിച്ചാണെന്ന് പ്രചരിപ്പിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ

ഗൾഫിൽ ജോലി തേടി പോകുന്ന മുസ്‌ലിങ്ങളെ ഉദ്ദേശിച്ചാണു നിറം മാറ്റം എന്ന് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക. അതോടെ പൊതുസമൂഹം നിശ്ശബ്ദമാകും…

ഇന്ത്യയിൽ കറൻസി ബാൻ ചെയ്ത സമയത്ത്‌ ദേശീയ മാധ്യമങ്ങൾക്ക്‌ കൊടുത്ത ഒരു അനൗദ്യോഗിക നിർദ്ദേശം ഇങ്ങനെ ആയിരുന്നു, മുസ്‌ലിം പോക്കറ്റുകളിൽ ചെന്ന് അവരുടെ കഷ്ടപ്പാടുകൾ വിഷ്വലൈസ്‌ ചെയ്യുക. നോട്ട്‌ നിരോധനത്തെക്കുറിച്ചുള്ള വാർത്തകളിൽ താടിയും തൊപ്പിയും വച്ചവരുടെ ദൈന്യത മാത്രം ഹൈലൈറ്റ്‌ ചെയ്ത്‌ കാണിച്ചതോടെ സാധാരണ മധ്യവർഗ്ഗ സമൂഹത്തിന്‍റെ പ്രതിഷേധം നല്ല നിലയിൽ തണുപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.

ദില്ലി ഗ്യാങ്‌ റേപ്‌ കേസിന്‍റെ പശ്ചാത്തലത്തിൽ ‘ഇന്ത്യയുടെ മകൾ’ എന്ന വിവാദ ഡോക്യുമെന്‍ററി ബിബിസി ടെലിക്കാസ്റ്റ്‌ ചെയ്യുകയും ഇന്ത്യ ഡോക്യുമെന്‍ററി ബാൻ ചെയ്യുകയും ചെയ്ത സമയം. മുഖ്യപ്രതിയായ 17 വയസ്സുള്ള മൈനറുടെ പേരു മാത്രം പോലീസ്‌ കോടതി രേഖകളിലോ മാധ്യമങ്ങളിലോ വന്നിരുന്നില്ല. ഉടൻ ഒരു പ്രമുഖ സംഘി നേതാവ്‌ മൈനറുടെ പേര് “മുഹമ്മദ്‌ അഫ്രോസ്‌” എന്നാണെന്ന് സോഷ്യൽ മീഡിയയിൽ പറയുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെ വിഷയത്തിന്‍റെ ഗതി തന്നെ മാറുകയും ചെയ്യുകയും ചെയ്തു. (ഈ യുവാവിന്‍റെ പശ്ചാത്തലം അന്വേഷിച്ച റോയിറ്റേഴ്സ്‌ ന്യൂസ്‌ ഏജൻസി ഒടുവിൽ ചെന്നെത്തിയത് ചെറുപ്പത്തിലേ നാടുവിട്ട യുപി സ്വദേശി ആയ‌ പ്രതിയുടെ സന്യാസി ഭക്തരായ സാമ്പ്രദായിക ഹിന്ദു മാതാപിതാക്കളിലേക്കായിരുന്നു, ‌ ദേശീയ മാധ്യമങ്ങൾ തന്ത്രപൂർവ്വം അവഗണിച്ചു.)

യുപിയിലെ ആസ്പത്രിയിൽ ഓക്സിജൻ കിട്ടാതെ നൂറുകണക്കിനു കുട്ടികൾ മരിച്ച സംഭവത്തിൽ രാജ്യം വെറുങ്ങലിച്ച സമയത്ത്‌ അതുമായി പ്രത്യക്ഷമായി ഉത്തരവാദിത്തമുള്ളവരെയെല്ലാം സംരക്ഷിച്ച്‌ നിർത്തി “കഫീൽ ഖാൻ” എന്നു പേരുള്ള ഒരു ഡോക്ടർക്കെതിരെ നടപടി എടുത്തതിലൂടെ പൊതുസമൂഹത്തിന്‍റെ രോഷം വളരെ പെട്ടെന്നു നന്നായി തണുപ്പിക്കാൻ കഴിഞ്ഞു. (ഡോക്ടർ നിരപരാധിയാണെന്ന് തെളിയാൻ പിന്നെയും ഒരുപാട്‌ നാൾ വേണ്ടി വന്നു, അതൊന്നും വലിയ ചർച്ചയുമായില്ല).

ഓറഞ്ച്‌ നിറമുള്ള പാസ്പോർട്ടിനെക്കുറിച്ചാണു പുതിയ പ്രവാസി ആശങ്കകൾ. ഗൾഫിൽ ജോലി തേടുന്ന പത്താം ക്ലാസ്‌ യോഗ്യത ഇല്ലാത്ത, പരമോന്നത പദവികളില്ലാത്ത, എല്ലാവർക്കും ഓറഞ്ച്‌ നിറമുള്ള ചട്ട വിവേചനമാണ് എന്നാണു പരാതി. എന്തിനാണ് ഇങ്ങനെ നിറം മാറ്റുന്നത്‌ എന്നോ അഡ്രസ്‌ ഒഴിവാക്കുന്നത്‌ എന്നോ ആർക്കും നിശ്ചയമില്ല.

ആശങ്കകൾ പരിഹരിക്കാൻ ഒരൊറ്റ വഴിയേ മുന്നിലുള്ളൂ. ഗൾഫിൽ ജോലി തേടി പോകുന്ന മുസ്‌ലിങ്ങളെ ഉദ്ദേശിച്ചാണു നിറം മാറ്റം എന്ന് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക. അതോടെ പൊതുസമൂഹം നിശ്ശബ്ദമാകും.

പാസ്പോർട്ട്‌ കളർ മാത്രമല്ല, ആധാർ കാർഡിനെക്കുറിച്ച സെക്യൂരിറ്റി പ്രശ്നങ്ങളും “ജിഹാദികളായ മുസ്‌ലിങ്ങളെ” മോണിറ്റർ ചെയ്യാനാണെന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഇന്ത്യയിൽ ഇപ്പോഴുള്ളൂ !!!

Share Widely

Leave a Reply

Your email address will not be published. Required fields are marked *