ഒരക്ഷരം മിണ്ടാതെ കണ്ടുമുട്ടി രണ്ടു കമിതാക്കൾ

ഹിന്ദി കവിത_ സംഗമം
ഉപാസന ഝാ
പരിഭാഷ_ ആൽബെർട്ടോ കെയ്‌റോ

ചീറിപ്പായുന്ന ഈ ലോകത്തിൽ
ചുവരുകൾ പോലുമറിയാതെ
ഒരുച്ചനേരം, ഒരക്ഷരം മിണ്ടാതെ
കണ്ടുമുട്ടി, രണ്ടു കമിതാക്കൾ

നല്ല പ്രേമം തന്നെ
കണ്ടുകിട്ടാൻ പ്രയാസമുള്ള
ഈ ലോകത്ത്,
അതിലും പ്രയാസമാണ്
പ്രേമിക്കുന്ന രണ്ടുപേർക്ക്
സംഗമിക്കാനുള്ള
ഇടം കിട്ടാൻ !

എന്നിട്ടും അവർ കണ്ടുമുട്ടി
പാതിരായ്ക്ക് ശേഷം
പുലർമഞ്ഞു വീഴും പോലെ,
പേടിച്ചും പരുങ്ങിയും
ശൈത്യം വരുമ്പോലെ
പവിഴമല്ലിപ്പൂ പൊഴിഞ്ഞുവീഴും പോലെ,
നിശ്ശബ്ദം പൊടി നിലത്തുതൂവും പോലെ,
കാറ്റത്ത് മേഘങ്ങളടിഞ്ഞുകൂടും പോലെ,
കൈവെള്ളയിൽ രേഖകൾ
കിളിർത്തുവരും പോലെ
തുലാമാസത്തിൽ പുതുമഴ
പെയ്തിറങ്ങും പോലെ
ശരത്കാലത്തിന്റെ
തുടക്കത്തിലെ രാത്രി പോലെ,
വരണ്ടുണങ്ങിയ തൊണ്ടയിലെ
ദാഹം പോലെ,

നടക്കാതെ പോയ സ്വപ്‌നങ്ങളുടെ ശൂന്യത
ആ ഉച്ചവെയിൽ കൊണ്ട്
നികത്തി അവർ
ഒന്നിച്ചു പൊട്ടിച്ചിരിച്ചു,
ചിരിച്ചുചിരിച്ചു കണ്ണുനിറഞ്ഞു
ഉടലുകൾ പരസ്പരം
കമ്പിളികളായി
ആത്മാവ് ആത്മാവിനെ
കെട്ടിപ്പുണർന്നു
വിരലുകൾ ചൊല്ലിക്കൊണ്ടിരുന്നു
എണ്ണമറ്റ ഗദ്യകവിതകൾ

അവരുടെ ഹൃദയങ്ങളുടെ
ഗാനാലാപനം
ഏത് രാഗത്തിലാണ്
എന്നു വർണ്ണിക്കാനും മാത്രം
വാക്കുകളെവിടെ ഭാഷയിൽ

ചരിത്രത്തിൽ രേഖപ്പെടുത്താൻ
ആവാത്ത ഈ സംഗമങ്ങളെ,
എന്നെന്നേക്കുമായി
ഓർത്തുവെക്കുന്നത്,
നമ്മുടെ കവിതകളാണ് !

Painting_ Sorokin Evgraf Semenovich

Leave a Reply