മുറ്റത്ത് ചുവന്ന മാതള നാരങ്ങകള്‍ നിറഞ്ഞ ഒരു മരമുണ്ടെങ്കില്‍

മുറ്റത്ത് കായ്ച്ചു ചുവന്നു കിടക്കുന്ന മാതള നാരങ്ങകള്‍ നിറഞ്ഞ ഒരു മരമുണ്ടെങ്കില്‍ എന്തു ഭംഗിയായിരിക്കും. ഭംഗിമാത്രമോ, മാതളം വെറുമൊരു നാരങ്ങ മാത്രമല്ല, ഓഷധം കൂടിയാണ്.
അത് അവസാനം പറയാം.

മഹാരാഷ്‌ട്ര, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, ബീഹാര്‍, ഗുജറാത്ത്‌, കര്‍ണാടക തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ്‌ ഏറ്റവും കൂടുതലായി മാതളം കൃഷി ചെയ്യുന്നത്.

ഊഷരമായ തരിശുനിലങ്ങള്‍ കൂടാതെ, നല്ല നീര്‍വാര്‍ച്ചയുള്ള ഏതുമണ്ണിലും മാതളം കൃഷി ചെയ്യാം. വരള്‍ച്ചയെ അതീജീവിക്കാന്‍ ശേഷിയുള്ളതാണ് മാതളം. വരണ്ട കാലാവസ്‌ഥയാണ്‌ വളര്‍ച്ചക്കു ഏറ്റവും അനുയോജ്യം. കേരളത്തിലെ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലുള്ളതുകൊണ്ടു
വാണിജ്യാടിസ്ഥാനത്തില്‍ കൃഷിക്ക് പരിമിതിയുണ്ട്.

ആഗ്രഹമുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ മാതളം നമ്മുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്യാം.
ഗണേഷ്‌, മൃദുല, മസ്‌കറ്റ്‌, ജ്യോതി, റൂബി, ധോല്‍ക്കസ ഭഗവ്‌ തുടങ്ങിയ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങള്‍ വാങ്ങിവേണം നടാന്‍.

മഴക്കാലത്തിന്റെ തുടക്കത്തില്‍ തൈ നടാം. പതിവെച്ചുണ്ടാക്കിയ തൈകളോ ടിഷ്യുകള്‍ച്ചര്‍ തൈകളോ ഉപയോഗിക്കാം. നിലം 2-3 തവണ ഉഴുതു തയ്യാറാക്കണം. 5- 5 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാവുന്നണാണ്. കൊമ്പുകോതല്‍ നടത്തുന്നുവെങ്കില്‍ 4-4 മീറ്റര്‍ അകലത്തിലും നടണം.
രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ തൈകള്‍ നടണം. തുടക്കത്തില്‍ തൈകള്‍ തുടര്‍ച്ചയായി നനക്കണം, കൊമ്പുകോതല്‍ അനിവാര്യമാണ്‌. നാലു വര്‍ഷമാകുമ്പോള്‍ മരങ്ങള്‍ കായ്‌ച്ചു തുടങ്ങും. ജനുവരി – ഫെബ്രുവരി, ജൂണ്‍ – ജൂലൈ, സെപ്‌തംബര്‍ – ഒക്‌ടോബര്‍, എന്നീ മാസങ്ങളില്‍ മാതളം പൂക്കും.

മരങ്ങള്‍ പൂവിട്ട് 5-6 മാസത്തിനുള്ളില്‍ വിളവെടുക്കാം. കായ്‌കള്‍ മൂപ്പെത്തിയാലുടനെ വിളവെടുക്കണം. അല്ലെങ്കില്‍ മാതളം വിണ്ടുകീറാന്‍ സാധ്യതയുണ്ട്.
കേരളത്തിന്‍റെ കാലാവസ്‌ഥയി‍ല്‍ ഇല പൊഴിയുമെങ്കിലും 2 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ മാതളം വളരും. മുപ്പെത്തുന്ന നാരങ്ങക്ക് ചുവപ്പ്,‍ മഞ്ഞ നിറം കാണും.

പവിഴംപോലുള്ള മാതള നാരകത്തിന്റെ ചുവന്ന അല്ലികളില്‍ പ്രോട്ടീന്‍, ജീവകം B1, B2, B3, B5, B6, B9, ജീവകം C, കാത്സ്യം , ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസിയം, സിങ്ക്, നാരുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.

മാതളത്തിന്‍റെ തൊലി, കായ്‌, ഇല, പൂവ് എന്നിവ എല്ലാം തന്നെ ഔഷധ ഗുണമുള്ളതാണ്. തളര്‍ച്ച, വിരശല്ല്യം എന്നിവ ഒഴിവാക്കാനും ദഹനശക്തി വര്‍ധിപ്പിക്കാനും മാതളം കഴിക്കാം. കൂടാതെ കൊളസ്ട്രോള്‍, ബ്ളഡ് പ്രഷര്‍ എന്നിവ കുറക്കാനും മാതളത്തിന് കഴിയും. പല്ലുകളുടെ സംരക്ഷണത്തിനും മാതളം ഉത്തമമാണ്.

ശരീരത്തെ കാന്‍സറില്‍ നിന്നും സംരക്ഷിക്കുന്നതിനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മാതളം കഴിക്കുന്നത് നല്ലതാണ്.

_Courtesy

Share Widely
  • 286
    Shares

Leave a Reply

Your email address will not be published. Required fields are marked *