ഉരുളക്കിഴങ്ങ്; കൃഷി രീതി

മണ്ണിനടിയിൽ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ് (Potato), ഒരു വ്യക്തി ഒരു വർഷം ശരാശരി 103 കിലോഗ്രാം ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നുണ്ട് എന്നാണ് കണക്ക്.

ലോകത്തിൽ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ഒരു കിഴുങ്ങു വര്‍ഗമാണ് ഉരുളക്കിഴങ്ങ്. ഇത് കൃഷി ചെയ്യുന്നതിനായി കേടില്ലാത്ത കിളിര്‍ത്ത മുള വന്ന കിഴങ്ങുകള്‍ തെരഞ്ഞെടുക്കണം. ഈ മുളയുള്ള വിത്തുകൾ കടകളിൽ നിന്ന് നോക്കി വാങ്ങാവുന്നതാണ്.

ഇനി മുളയുള്ള ഉരുളക്കിഴങ്ങ് കിട്ടിയില്ലെങ്കില്‍ കൃഷി ചെയ്യാന്‍ ആവശ്യമായ കുറച്ച് നല്ല ഉരുളകിഴങ്ങുകൾ എടുത്ത് ഒരു ഇരുട്ട് മുറിയിൽ ചണ ചാക്ക് കൊണ്ട് മൂടി വെച്ചാല്‍ മതി. ഇങ്ങനെ 20 ദിവസം വെച്ചാല്‍ ഉരുളക്കിഴങ്ങില്‍ മുള വരും. ഈ കിഴങ്ങുകൾ ഇനി നാലായി മുറിക്കുക. ഓരോ കഷ്ണത്തിലും ഒരു മുളയെങ്കിലും ഉണ്ടാകും വിധത്തില്‍ വേണം മുറിക്കാന്‍.

കൃഷി രീതി
ആഗസ്റ്റ്,​ സെപ്തംബർ, ഒക്ടോബർ എന്നീ മാസങ്ങളാണ് ഉരുളക്കിഴങ്ങ് നടാൻ പറ്റിയ ഉചിതമായ സമയം. നല്ലവണ്ണം കിളച്ച് വൃത്തിയാക്കിയ മണ്ണിൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ അടിവളമായി ചേര്‍ത്ത് നേരത്തെ മുറിച്ചു വെച്ചിരിക്കുന്ന കിഴങ്ങ് കഷണങ്ങൾ ഒാരോന്നായി മുള മുകളിലേക്ക് ഇരിക്കുംവിധത്തില്‍ കൃത്യമായ ഒരകലത്തിൽ നടണം. പ്രത്യേകം ശ്രദ്ധിക്കുക, ഉരുളക്കിഴങ്ങ് ഒരിക്കലും അടുപ്പിച്ച് നടരുത്.

ഇങ്ങനെ വിത്തു കിഴങ്ങുകള്‍ നട്ട് 30 ദിവസത്തിന് ശേഷം ചുവട്ടിൽ മണ്ണ് കൂട്ടണം.  തുടര്‍ന്ന്  70 ദിവസത്തിന് ശേഷവും ചുവട്ടിൽ മണ്ണ് കൂട്ടണം.  ഉരുളക്കിഴങ്ങിന്‍റെ വേരുകൾ അധികം ആഴത്തിലേക്ക് വളരില്ല. അതിനാല്‍ സ്ഥിരമായി നന അത്യാവശ്യമാണ്. വേപ്പിൻ പിണ്ണാക്ക് ചേർത്താൽ നിമാ വിരകളെ അകറ്റാവുന്നതാണ്.

മാത്രമല്ല, ചാരം കൂടുതലായി കൊടുക്കുകയും രണ്ടാഴ്ച കൂടുമ്പോൾ ജൈവവളങ്ങൾ കൊടുക്കുകയും വേണം. നല്ലവണ്ണം വളർന്ന് ചെടിയുടെ തടങ്ങൾ മുഴുവന്‍ പച്ചപ്പായാല്‍ തടത്തിൽ രണ്ടിഞ്ച് കനത്തിൽ മേൽ മണ്ണ് കയറ്റികൊടുക്കാം.

മൂന്ന് മാസമാകുമ്പോള്‍ വേപ്പെണ്ണ മിശ്രിതം മുൻകൂറായി തളിച്ചാല്‍ ഇല മുറിക്കുന്ന പുഴുക്കളുടെ ആക്രമണം തടയാം. ഓരോയിനം ഉരുളക്കിഴങ്ങിന്‍റെയും പ്രത്യേകത അനുസരിച്ച് എണ്‍പത് മുതൽ 120 ദിവസം വരെയെടുക്കും വിളവെടുപ്പിന്.

Share Widely
  • 36
    Shares

Leave a Reply

Your email address will not be published. Required fields are marked *