കൊല്ലപ്പെടുന്ന മുസ്‌ലിമിനെ കുറിച്ച് പറയാതിരിക്കാന്‍ ശ്രദ്ധിച്ച ‘യഥാർത്ഥ ഹിന്ദു’വിന്‍റെ സൂക്ഷ്മത

കൊല്ലപ്പെടുന്ന മുസ്‌ലിമിനെ കുറിച്ച് പറയാതിരിക്കാന്‍ ശ്രദ്ധിച്ച ‘യഥാർത്ഥ ഹിന്ദു’വിന്‍റെ സൂക്ഷ്മത

“എനിക്ക് പ്രധാനമന്ത്രിയോടോ ബി.ജെ.പിയോടോ ആർ.എസ്.എസിനോടോ ദേഷ്യമോ വെറുപ്പോ ഉണ്ടെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടാവും. ഹൃദയത്തിൽ തട്ടി ഞാൻ പറയട്ടെ, അങ്ങനെയല്ല. മറിച്ച് അവരാണ് എനിക്ക് കോൺഗ്രസ്സിന്‍റെ അർത്ഥവും ഹിന്ദുസ്ഥാനി ആയിരിക്കുന്നതിന്‍റെ അർത്ഥവും മനസ്സിലാക്കി തന്നത്. ഹിന്ദുസ്ഥാനിയെന്നാൽ മറ്റുള്ളവരെ അധിക്ഷേപിക്കൽ അല്ല, അവരോടും സ്നേഹമുണ്ടായിരിക്കുക എന്നതാണ്. നിങ്ങളാണെനിക്ക് ശിവജിയുടെ പ്രസക്തിയും എന്‍റെ ധർമ്മവും പഠിപ്പിച്ചത്.

ഞാൻ ഹിന്ദു ആയിരിക്കുന്നതിന്‍റെ അർത്ഥം പഠിപ്പിച്ചത്. ഒരു യഥാർത്ഥ ഹിന്ദു എന്തായിരിക്കണം എന്ന് എന്നെ പഠിപ്പിച്ചത്. നിങ്ങളെന്നെ പപ്പുവെന്നു വിളിച്ചൊക്കെ അധിക്ഷേപിക്കുന്നുണ്ടാവാം, വെറുപ്പും ദേഷ്യവും പ്രകടിപ്പിക്കുന്നുണ്ടാവാം. പക്ഷേ എനിക്ക് നിങ്ങളോട് അശേഷം ദേഷ്യമോ വിദ്വേഷമോ ഇല്ല. കാരണം ഞാൻ കോൺഗ്രസാണ്. കോൺഗ്രസ്സിന്‍റെ സങ്കല്‍പമാണിത്. അത് നിങ്ങളിൽ എല്ലാവരിലുമുണ്ട്. ആ സങ്കൽപം നിങ്ങളുടെ ഉള്ളിൽ നിന്നും ഞാൻ പുറത്തെടുക്കും.”

പാർലിമെന്‍റിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി തന്‍റെ പ്രസംഗം വൈകാരികമായി അവസാനിപ്പിക്കുന്ന ഭാഗമാണ്. ഗുജറാത്ത് തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എന്നതുപോലെ മോഡിയുടെ, ആർ.എസ്.എസിന്‍റെ, അക്രമ രാഷ്ട്രീയത്തിനെ കുറിച്ച് പറയുമ്പോൾ “മുസ്‌ലിം” എന്ന വാക്ക് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിച്ച അതേ സൂക്ഷ്മതയോടെ ആയിരുന്നു രാഹുലിന്‍റെ വൈകാരിക പ്രസംഗം.

അനന്തരം, രാഹുൽ മോഡിയുടെ സീറ്റിലേക്ക് ചെന്ന് അയാളെ ആലിംഗനം ചെയ്യുന്നു. ദേഷ്യമോ വിദ്വേഷമോ ഇല്ലാത്ത യഥാർത്ഥ ഹിന്ദു എന്താണ് എന്ന് കാണിച്ചു കൊടുക്കുന്നു. തിരിച്ചുപോകുന്ന രാഹുലിനെ മോഡി വിളിച്ച് കൈകൊടുത്തു അഭിനന്ദിക്കുന്നു.

‘ഹിന്ദു’ എന്ന വികാരത്തിൽ കൊല്ലപ്പെടുന്ന സമുദായമായ മുസ്‌ലിങ്ങള്‍ക്ക് മാത്രമല്ല, നോട്ടു നിരോധനം അടക്കം രാജ്യത്തെ ജനജീവിതത്തെ അട്ടിമറിച്ച തീരുമാനങ്ങളിൽ മരണപ്പട്ടവർക്കും ജീവിതം നഷ്ടപ്പെട്ടവർക്കും ഉള്ള ദേഷ്യത്തെ, വൈരാഗ്യത്തെ കൂടിയാണ് രാഹുൽ എന്ന “യഥാർത്ഥ ഹിന്ദു” മോഡിയെ കെട്ടിപിടിച്ച് ഇല്ലാതാക്കാൻ നോക്കിയത്. ‘മുസ്‌ലിം പ്രീണന ആരോപണം’ ഒഴിവാക്കി, “ഹിന്ദു” വൈകാരികത എന്ന മൂലധനം ലാക്കാക്കുന്നതിനിടയിൽ.

ഒന്നുറപ്പാണ്. “ഹിന്ദു” ആരാണ്, എന്താണ് എന്നതാണ് ഇനിയുള്ള രാഷ്ട്രീയത്തിന്‍റെ, തെരഞ്ഞെടുപ്പുകളുടെ പ്രമേയം.
_ അബ്ദുല്‍ കരീം യു കെ

Share Is Caring
  • 75
    Shares

Leave a Reply

Your email address will not be published. Required fields are marked *