രോഹിത് വെമുല അംബേദ്ക്കറിൽ മാത്രം ഒതുങ്ങി നിന്നില്ല

വർത്തമാനകാല രാഷ്ട്രീയത്തിന്റെ അധികാരത്തെയും അതിനു പിന്നിലെ വംശീയ രാഷ്ട്രീയത്തെയും തുറന്നെതിർത്ത രോഹിതിന്റെ രക്തസാക്ഷിത്വം ഭരണകൂടത്തെ മാത്രമല്ല വിറളിപിടിപ്പിച്ചത്, പാർലമെൻ്ററി ഇടതുപക്ഷത്തെ കൂടിയാണ്…

അംബേദ്കർ വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തനം പരിമിതമായ ഒരു ഇടത്തിൽ ഒതുങ്ങി നിൽക്കുന്നില്ല എന്നത് കൊണ്ടു കൂടിയാണ രോഹിത് അടക്കമുള്ള വിദ്യാർത്ഥികൾ മുസഫർ നഗർ കലാപത്തെ തുറന്നു കാണിക്കുന്ന സമരത്തിൽ പങ്ക് ചേർന്നത്. ഇത് കേവലം ഇരകളോടുള്ള ഐക്യപ്പെടൽ അല്ല. പകരം വർത്തമാനകാല രാഷ്ട്രീയത്തിന്റെ അധികാരത്തെയും അതിനു പിന്നിലെ വംശീയ രാഷ്ട്രീയത്തെയും തുറന്നെതിർക്കുക എന്ന തികച്ചും മാനുഷികവും (കേവല മനുഷ്യ സംഗമവാദം അല്ല) സാമൂഹികമായ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.

എന്നാൽ അത്തരം ഒരു രാഷ്ട്രീയത്തെ ഇന്നത്തെ ഭരണകൂടത്തിന് അംഗീകരിക്കാൻ കഴിയില്ല. അവരെ സംബന്ധിച്ചിടത്തോളം ഇത്തരം രാഷ്ട്രീയവും അതിനെ പിന്തുണക്കുന്നവരും ഒഴിവാക്കപ്പെടേണ്ടവരാണ്. ഇതിൽ ഏറ്റവും പ്രധാനം രോഹിത് അടക്കമുള്ള വിദ്യാർത്ഥികളെ രാജ്യദ്രോഹികളാക്കുന്ന ഭരണകൂട രാഷ്ട്രീയവും അതിൻ്റെ പ്രയോക്താക്കളായ എ.ബി.വി.പിയുടെ നിലപാടുകളുമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

രോഹിതിന്റെ രക്തസാക്ഷിത്വം ഭരണകൂടത്തെ മാത്രമല്ല വിറളിപിടിപ്പിച്ചത്. പാർലമെൻ്ററി ഇടതുപക്ഷത്തെ കൂടിയാണ്. ഭരണകൂടം ഭയന്നത് ദലിത്, ആദിവാസി, മുസ്ളീം വിദ്യാർത്ഥി കൂട്ടായ്മയെ ആണെങ്കിൽ, പാർലമെൻ്ററി ഇടതുപക്ഷത്തിൻ്റെ പ്രതിസന്ധി, ഇത്തരം ജനാധിപത്യ വേദികൾ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യങ്ങൾ ആണ്. അവിടെ പ്രസ്ഥാനമോ പാർലമെൻ്ററി അധികാരത്തിൻ്റെ അപ്പകഷ്ണത്തിനു വേണ്ടിയുള്ള വടംവലിയോ അല്ല അവരുടെ പ്രശ്നം, മറിച്ച് അധികാരത്തിനെതിരായ നിലപാട് കൂടിയാണ് ഇത്തരം സമരങ്ങൾ.
_ വിമോചന ധാര മാസികയിൽ പ്രസിദ്ധീകരിച്ച ”രോഹിതിന്റെ രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയവും” എന്ന ലേഖനത്തിൽ നിന്നും. 2017 ഫെബ്രുവരി

Leave a Reply