സൈന്യത്തിനൊപ്പം ആര്‍.എസ്.എസെന്നല്ല, ആരും മാര്‍ച്ച് ചെയ്തിട്ടില്ല; ബി.ആര്‍.പി ഭാസ്കര്‍

റിപ്പബ്ലിക് ദിനത്തില്‍ പരേഡ് നടത്തിയിട്ടുണ്ടെന്നാണ് ആര്‍.എസ്.എസിന്‍റെ അവകാശവാദം. പ്രധാനമന്ത്രി ആയിരുന്ന ജവാഹര്‍ലാല്‍ നെഹ്രു ആര്‍.എസ്.എസിനെ റിപ്പബ്ലിക് ദിന പരേഡിന് ക്ഷണിച്ചിട്ടുണ്ടെന്നയിരുന്നു പ്രചരണം.

ഫെബ്രുവരി 12 ന് മനോരമയില്‍ ‘ഓർമയുണ്ടോ, റിപ്പബ്ലിക് ദിനത്തിൽ സൈന്യത്തിനൊപ്പം ആര്‍.എസ്.എസ്  മാർച്ച് ചെയ്തിട്ടുണ്ട്’ എന്ന തലക്കെട്ടില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖന്‍റെതായി വന്ന ഒരു പ്രസ്താവന ഇങ്ങനെ ആയിരുന്നു,  ”ഇന്ത്യ- ചൈന യുദ്ധ സമയത്ത് ഡൽഹിയിലെ ട്രാഫിക് നിയന്ത്രിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ആര്‍.എസ്.എസിനെ നിയോഗിച്ചത് ജവഹർലാൽ നെഹ്റു ആയിരുന്നെന്ന കാര്യം സി.പി.എം മനപൂർവ്വം വിസ്മരിക്കുന്നതാണ്. ഇതിന്‍റെ പ്രത്യുപകാരം എന്ന നിലയിൽ റിപ്പബ്ലിക് ദിന പരേഡിൽ ആര്‍.എസ്.എസ് ഇന്ത്യൻ സൈന്യത്തിനൊപ്പം മാർച്ച് ചെയ്തിട്ടുണ്ടെന്ന കാര്യം പിണറായി വിജയന് അറിയുമോ ?”

എന്നാല്‍, ആര്‍.എസ്.എസിന്‍റെയും കുമ്മനം രാജശേഖന്‍റെയും ഈ അവകാശവാദത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കര്‍.  കുമ്മനം പറയുന്നത് വിഡ്ഢിത്തമാണെന്നും  സൈന്യത്തിനൊപ്പം ആര്‍.എസ്.എസെന്നല്ല, ആരും മാര്‍ച്ച് ചെയ്തിട്ടില്ലെന്നുമാണ് ബി.ആര്‍.പി ഭാസ്കര്‍ പറയുന്നത്. തന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം ആര്‍.എസ്.എസിന്‍റെയും കുമ്മനത്തിന്‍റെയും അവകാശവാദങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്.

വാസ്തവം എന്തെന്ന് ബി.ആര്‍.പി ഭാസ്കറിന്‍റെ വാക്കുകളില്‍;

”കുമ്മനം പറയുന്നത് വിഡ്ഢിത്തമാണ്. സൈന്യത്തിനൊപ്പം ആര്‍.എസ്.എസെന്നല്ല, ആരും മാര്‍ച്ച് ചെയ്തിട്ടില്ല. വിവിധ സേനാ വിഭാഗങ്ങളുടെ മാര്‍ച്ച് കഴിഞ്ഞ് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ചില സൈനികേതര വിഭാഗങ്ങളെ പരേഡില്‍ ഉള്‍പ്പെടുത്താറുണ്ട്. സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളും ഉണ്ടാകും.

ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് യുദ്ധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ബഹുജന പിന്തുണ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഇന്ദിരാ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ഒരു സിറ്റിസന്‍സ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം അടുത്ത റിപബ്ലിക് ദിന പരേഡിനുള്ള തയ്യാറെടുപ്പ് നടന്നപ്പോള്‍ ഈ കമ്മിറ്റി അതിന്‍റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്ക് പരേഡില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കി.

ആര്‍.എസ്.എസുകാര്‍ പങ്കെടുത്തെന്നു പറയുന്നത് ആ വിഭാഗത്തിലാണ്. ആ കൊല്ലത്തെ പരേഡ് കണ്ട ഒരാളെന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും, ആ പൊതുജന പങ്കാളിത്ത പരീക്ഷണം ഒരു വന്‍ പരാജയമായിരുന്നെന്ന്. സേനാ-അര്‍ദ്ധസേനാ വിഭാഗങ്ങളുടെ ചിട്ടയായ മാര്‍ച്ചോടെ തുടങ്ങിയ പരേഡ് അശിക്ഷിതരായ ജനങ്ങളുടെ സാന്നിധ്യം കൊണ്ട് അലങ്കോലത്തില്‍ അവസാനിച്ചു.”

അതുകൊണ്ടുതന്നെ പരേഡിലെ പൊതുജന പങ്കാളിത്തം അതോടെ ഉപേക്ഷിക്കപ്പെട്ടു. പൊതുജന വിഭാഗത്തിന്‍റെ ഭാഗമായി അന്ന് പരേഡില്‍ പങ്കെടുത്തതിന്‍റെ അടിസ്ഥാനത്തില്‍ സൈന്യത്തിനോപ്പം മാര്‍ച്ച് ചെയ്തു എന്ന് പറയുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ ഫ്ലോട്ടില്‍ ഉണ്ടായിരുന്നവര്‍ ഞങ്ങളും കരസേനയ്ക്കും നാവികസേനയ്ക്കും വ്യോമസേനയ്ക്കുമൊപ്പം മാര്‍ച്ച് ചെയ്തു എന്ന് അവകാശപ്പെടുന്നതുപോലെയാണ്.

Share Widely
  • 1.3K
    Shares

Leave a Reply

Your email address will not be published. Required fields are marked *