ശബരിമലയിലെ കാവി ഭീകരതയെ തീവ്രവാദം, ഭീകരവാദം എന്ന് പരാമർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ശബരി മലയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ റിവ്യൂ കമന്ററി പറയാന്‍ മാത്രമേ അദ്ദേഹത്തിന് കഴിയുന്നുള്ളൂ. ഭീകരത, തീവ്രവാദം തുടങ്ങിയ വാക്കുകളൊക്കെ പോകട്ടെ, അക്രമികള്‍ എന്നുപോലും ഉപയോഗിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. സംഘ് പരിവാര്‍, സംഘ് പ്രവര്‍ത്തകര്‍, സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ എന്നിങ്ങനെയാണ് അഭിസംബോധന.

പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള വനിതകളെ തടയുമെന്നു പ്രഖ്യാപിച്ച സംഘ് പരിവാര്‍ അങ്ങനെയല്ലാത്തവരെ പോലും തടയുന്നു എന്നൊക്കെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മാധ്യമങ്ങളോട് പരാതി പറയുന്നത് എന്തുവലിയ ദുരന്തമാണ് !

എന്താണ് ശബരിമലയില്‍ നടക്കുന്നത്, എന്തുകൊണ്ടാണ് ഇതുവരെ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കഴിയാതിരുന്നത്, പൊലീസ് സേന പോലും തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നതിനു പിന്നിലെന്താണ്, അതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു, പുത്തരിക്കണ്ടം വീരസ്യവും ഗ്രൗണ്ട് റിയാലിറ്റിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ… തുടങ്ങിയ നിരവധി അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിവും ഡേറ്റയും ഉത്തരവാദിത്തവുമുള്ള വ്യക്തിയാണ് സങ്കടപ്പെട്ടു കൊണ്ടിരിക്കുന്നത്.

അംഗീകരിക്കാന്‍ കഴിയില്ല, വെച്ചുപൊറുപ്പിക്കില്ല, സമ്മതിക്കില്ല എന്നൊക്കെ പറയുന്നുവെന്നല്ലാതെ അക്രമത്തെ എങ്ങനെ നേരിട്ടുവെന്നോ അതിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യുമെന്നു പോലുമോ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന്‍ പറയുന്നില്ല. സ്വന്തം സര്‍ക്കാറിനു കീഴിലുള്ള ദേവസ്വം ബോര്‍ഡ് ‘നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നൊക്കെ വിനയാന്വിതനായി പറയുന്ന ഈ പാവത്തെയാണോ നിങ്ങള്‍ ഇരട്ടച്ചങ്കനെന്നൊക്കെ വിശേഷിപ്പിച്ചിരുന്നത് ?
_ മുഹമ്മദ് ഷാഫി

Leave a Reply