വാഗമണ്‍ കേസ്; ചില കാണാപ്പുറങ്ങള്‍

സിമി എന്നാ സംഘടന നിരോധിക്കുന്നതിന് മുന്‍പ് എത്ര ബസ് കത്തിച്ചു ? എത്ര രാഷ്ട്രീയ എതിരാളികളെ കൊന്നു ? ആര്‍ക്കെങ്കിലും അറിയുമോ ? അങ്ങനെയൊന്ന് സംഭവിച്ചട്ടില്ല എന്ന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ്.

പക്ഷെ, നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ രീതിയില്‍, അങ്ങനെ സര്‍വ്വ രീതിയിലുമുള്ള ഭരണഘടനാ കീഴ്വഴക്കങ്ങളും ലംഘിച്ചുള്ള രീതിയിലാണ് സിമി നിരോധിക്കപ്പെട്ടത്. പക്ഷെ, നിരോധിക്കപ്പെട്ടപ്പോള്‍ ഇന്ന്‍ ലോകത്തെ ഏറ്റവും വലിയ “ഭീകര സംഘടനയായി”.

സിമിക്കെതിരെ ചുമത്തിയ കേസുകളില്‍ പലതും യാതൊരു തെളിവുമില്ലാത്ത കെട്ടിചമച്ച കേസുകളാണ് എന്നതിന് മികച്ച ഉദാഹരണമാണ് ഹൂബ്ലി കേസ്. പരസ്യമായി പോസ്റ്റര്‍ ഒട്ടിച്ചു ഓഡിറ്റോറിയം ബുക്ക് ചെയ്ത് നടത്തിയ പൊതുയോഗം ഗൂഡാലോചനയായി പരിണമിച്ചത് മറ്റൊരു ‘സിമി അത്ഭുത കഥയായി’.

വാഗമണ്‍ കേസ് അന്വേഷിച്ചതും കണ്ടെത്തിയതും മുന്‍ എ.ബി.വി.പി നേതാവും ബി.ജെ.പി അനുഭാവിയുമായ ആര്‍.കെ കൃഷ്ണകുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. അന്വേഷണം എന്ന പേരില്‍ കൃഷ്ണകുമാര്‍ നടത്തിയ ഗൂഡാലോചനയാണ് വാഗമണ്‍ കേസ്.

കേരളത്തില്‍ സിമി കേസുകളുടെ അറസ്റ്റിന് തൊട്ടു മുന്‍പ് വന്‍സാര എന്ന വ്യാജ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയത് ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊരു സംഗതിയാണ്. 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ സിമിയുടെ യോഗം വാഗമണ്ണില്‍ നടന്നുവെന്ന്‍ 2008 ജൂണ്‍ 19ന് സ്പെഷ്യല്‍ ബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

2009 ഡിസംബര്‍ 24ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു. 2011ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്‍.ഐ.എ സ്പെഷ്യല്‍ കോടതിക്കുള്ളില്‍ നടക്കുന്ന എല്ലാ കളികളും ഈ കേസിലും നടന്നു. ആരോപിക്കപ്പെട്ട ഗൂഡാലോചന കുറ്റം ഒഴികെ ബാക്കിയൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. തൊണ്ടിമുതലുകള്‍ ഹാജരാക്കാനും കഴിഞ്ഞില്ല.

ഒരു ലോഡ്ജ് നടത്തിപ്പുകാരനും ഒപ്പം റിസോര്‍ട്ട് ജീവനക്കാരനും ആയിരുന്നു പ്രധാന സാക്ഷികള്‍. മേല്‍പ്പറഞ്ഞ രണ്ടുപേരുടെയും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് 18 പേരെ ശിക്ഷിച്ചത്. ഇതേ സാക്ഷികള്‍ തന്നെ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അഹമ്മദാബാദില്‍ പോയി സ്ഫോടന കേസുകളിലും സാക്ഷി പറഞ്ഞിരുന്നു.

വാഗമണ്‍ കേസില്‍ ഇവിടെയില്ലാത്ത പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രസ്തുത സാക്ഷികള്‍ തിരിച്ചറിഞ്ഞത്. പാനായികുളത്ത് ഗൂഢാലോചന നടത്തി, വാഗമണ്ണില്‍ പരിശീലിച്ച്, അഹമ്മദാബാദില്‍ നടപ്പിലാക്കി എന്നതാണ് പോലീസ് ഭാഷ്യം. കൃഷ്ണകുമാര്‍ എന്ന പോലീസുദ്യോഗസ്ഥന്‍ ജീപ്പോടിച്ച് പോകുമ്പോള്‍ ഒരു പാറപ്പുറത്ത് ”സിമി” എന്നെഴുതിയിരിക്കുന്നത് കണ്ടു. അങ്ങനെ അന്വേഷണമാരംഭിച്ചു. (ഹോ എന്തൊരു ഭയങ്കര ഡിറ്റക്ടീവ് നോവല്‍ !)

വാഗമണ്‍ കേസിലുള്ള ഒട്ടുമുക്കാല്‍ ആളുകളെയും ഇന്‍ഡോര്‍ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡോര്‍ ഗൂഢാലോചന കേസില്‍ ആദ്യം കുറെപേരെ വിചാരണ ചെയ്തു. കുറ്റപത്രം രണ്ടാക്കി ആദ്യം 6 പേരുടെ വിചാരണ നടത്തി. 3 പേരെ വെറുതെ വിട്ടു, 3 പേരെ ശിക്ഷിച്ചു.

പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ വളരെ ദുര്‍ബലവും തെളിയിക്കാന്‍ കഴിയാത്തതുകൊണ്ടും ആദ്യഘട്ടത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് കുറഞ്ഞ തടവുശിക്ഷ മാത്രമേ ലഭിച്ചുള്ളൂ. എന്നാല്‍, ഇത് മനസിലാക്കിയ പോലീസും എന്‍.ഐ.എ അധികാരികളും രണ്ടാംഘട്ട വിചാരണ നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി, ചിലര്‍ക്ക് 25 വര്‍ഷം മുതല്‍ രണ്ടും മൂന്നും ജീവപര്യന്തം വരെ ശിക്ഷിച്ചു. ഒരു അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാന്‍ ഒന്നര വര്‍ഷം വരെ കാത്തിരിക്കുന്ന സംഭവമുണ്ടായി.

സിമി കേസുകളിലെ വിചാരണാ രീതികളുടെ കള്ളക്കളികളികള്‍ക്ക് ഒരു ഉദാഹരണമാണ് മുകളില്‍ പറഞ്ഞത്. വാഗമണ്ണിലെ കേസില്‍ പ്രോസിക്യൂഷന്‍റെ രാജ്യദ്രോഹം, രാജ്യത്തിനെതിരെ യുദ്ധം എന്നിവയെല്ലാം കോടതിയില്‍ പരാജയപ്പെട്ടു. കേസിലെ രണ്ടു പ്രതികളായ അബ്ദുല്‍ സത്താര്‍, മുഹമ്മദ് അസിഫ് എന്നിവരെ നേരിട്ട് ഹാജരാക്കിയപ്പോള്‍, ബാക്കിയുള്ളവരെ ഇന്ത്യയിലെ വിവിധ ജയിലുകളില്‍ നിന്ന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നടത്തിയാണ് ശിക്ഷിച്ചത്. (ഇത്രയും കഷ്ടപ്പെട്ട്  കോടതിയൊന്നും വേണ്ടായിരുന്നു, എല്ലാം വീഡിയോ വഴി ആയാല്‍ നികുതിപണം ലാഭിക്കാമായിരുന്നു.)

എന്‍.ഐ.എ അന്വേഷിച്ച കേസില്‍ ആദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വിചാരണ നടത്തി ശിക്ഷിച്ച കേസെന്ന പ്രത്യേകത ഇതിനുണ്ട്. നേരത്തെ സൂചിപ്പിച്ച രണ്ടു സാക്ഷികളും ഒരുപോലെ തിരിച്ചറഞ്ഞവരെ മാത്രമാണ് ഇവിടെ ശിക്ഷിച്ചത്. എന്നാല്‍, ഇതേ സാക്ഷികള്‍ അഹമ്മദാബാദില്‍ പോയപ്പോള്‍ പരാജയപ്പെടുകയായിരുന്നു. ഇവിടെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ കൊടുത്ത ലിസ്റ്റ് അനുസരിച്ചാണ് സാക്ഷികള്‍ കലാപരിപാടി നടത്തിയത്.

കേസില്‍ വെറുതെ വിട്ട 17 പേരില്‍ ഡോക്ടര്‍ അസിഫ് മാത്രമാണ് മോചിതനാകുന്നത്. ഒരു ബൈക്ക് മോഷണകേസ് ചാര്‍ത്തപ്പെട്ട് പിന്നീട് ഹൂബ്ളി കേസില്‍ പ്രതിയാക്കപ്പെട്ട് അതിനുശേഷം വാഗമണ്‍ കേസിലും പ്രതിചേര്‍ക്കപ്പെട്ട അസിഫിന് തന്‍റെ ജീവിതത്തില്‍ ആകെ മൊത്തം 10 വര്‍ഷവും മൂന്ന് മാസവും തടവറയില്‍ ചെലവഴിക്കേണ്ടി വന്നു.

സിമി പ്രവര്‍ത്തകരുടെ പേരില്‍ യു.എ.പി.എ പ്രകാരമാണ് എല്ലാ കേസുകളും ചുമത്തപ്പെട്ടത്‌. അടച്ചിട്ട കോടതി മുറികളും ചാര്‍ത്തപ്പെട്ട ഭീകര നിയമങ്ങളും സംഭവത്തെ കുറിച്ച് കേട്ടറിവില്ലാത്ത വിലക്കെടുത്ത സാക്ഷികളുമെല്ലാം ചേര്‍ന്ന് മുസ്‌ലിം യുവാക്കളുടെ ജീവിതം ഇല്ലാതാക്കി. ഭരണകൂടം ഒരു വിഭാഗത്തെ വംശീയമായി തന്നെ വേട്ടയാടി ആസൂത്രിതമായി ഇല്ലാതാക്കുമ്പോള്‍ ജനാധിപത്യത്തിന്‍റെയും നീതിന്യായ വ്യവസ്ഥയുടെയും അന്തസത്തയും നിലനില്‍പ്പും തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
_ റെനി ഐലിന്‍

Related Articles
നൂറുകണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന തങ്ങള്‍പ്പാറയില്‍ വെടിക്കോപ്പുകൾകൊണ്ട് ഭീകര പരിശീലനം നടന്നുവെന്ന് ഭരണകൂടവും മാധ്യമങ്ങളും പറഞ്ഞാല്‍ നാം വിശ്വസിക്കണോ?

ഗീതാ മിത്തൽ ട്രിബ്യുണൽ റിപ്പോർട്ടില്‍ സിമി നടത്തിയ ഭീകരപ്രവർത്തനത്തിന് ഒരു തെളിവുമില്ല ! മുസ്‌ലിംവേട്ട അവസാനിക്കുന്നുമില്ല !

Share Widely
  • 197
    Shares

Leave a Reply

Your email address will not be published. Required fields are marked *