ഇളയിടം പറയുന്ന ജനാധിപത്യപാര്‍ട്ടികള്‍ മുസ്‌ലിങ്ങളെ ജനാധിപത്യത്തിന്‍റെ ഭാഗമായി കാണുന്നുണ്ടോ ?

ജനാധിപത്യ പാർട്ടികളാണ് മുസ്‌ലിങ്ങളുടെ പ്രശ്നം പരിഹരിക്കേണ്ടത് എന്ന് പറയുന്ന സുനിൽ പി ഇളയിടത്തോട് ഒന്ന് ചോദിച്ചോട്ടെ, നിങ്ങൾ പറയുന്ന ഈ മുഖ്യധാരാ ജനാധിപത്യ പാർട്ടികൾ മുസ്‌ലിങ്ങളെ ജനാധിപത്യത്തിന്‍റെ ഭാഗമായി കാണുന്നുണ്ടോ ?

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ വരെ കോൺഗ്രസ് പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തുന്നു. അപ്പോൾ ജാനാധിപത്യവാദികളാണോ മുസ്‌ലിങ്ങളെ അപരവൽക്കരിച്ചത്, അതോ മുസ്‌ലിങ്ങള്‍ ജനാധിപത്യത്തെ ആണോ അപരവൽക്കരിച്ചത് ?

ഐ.എൻ.എൽ എന്ന പാർട്ടിയെ കാൽനൂറ്റാണ്ടായി താങ്കൾ സഹയാത്രികനായി സഞ്ചരിക്കുന്ന ഇടതുപക്ഷം എന്തുകൊണ്ട് മുന്നണിയിലെടുക്കാതെ അവഗണിച്ചു മാറ്റി നിർത്തുന്നു ? ഇവിടെ ആരാണ് മുസ്‌ലിങ്ങളെ ജനാധിപത്യത്തിൽ നിന്ന് അപരവൽക്കരിച്ചത് ? ഇടതുപക്ഷമോ, അതോ മുസ്‌ലിം പാർട്ടിയായ ഐ.എൻ.എലോ ?

ഇതാണ് മുഖ്യധാരാ ജനാധിപത്യം എന്ന് പറയുന്ന നിങ്ങളുടെ ഒക്കെ മുസ്‌ലിങ്ങളോടുള്ള സമീപനം. അവിടെ സ്വന്തം നിലക്ക് രാഷ്ട്രീയ പ്ലാറ്റ്‌ഫോമുണ്ടാക്കി ജനാധിപത്യത്തിന്‍റെ ഭാഗമാവാൻ മുസ്‌ലിങ്ങള്‍ ശ്രമിച്ചാൽ അവരും സംഘികളും ഒരു പോലെയാണ് എന്ന സമീകരണം നടത്തുന്നത് ഏത് രാഷ്ട്രീയ മാനദണ്ഡം വെച്ചുകൊണ്ടാണ് എന്ന് കൂടി പറയാൻ താങ്കൾ ബാധ്യസ്ഥനാണ് !
_ നാസര്‍ മാലിക്ക്

Leave a Reply