തേനിയിലെ കാട്ടുതീ കവര്‍ന്ന പ്രണയം

യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന ദിവ്യയും വിവേകും അവരുടെ പുതിയ യാത്രയെകുറിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. അവര്‍ കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയും എടുത്തു, ഷെയര്‍ ചെയ്തു. എന്നാല്‍, ആ യാത്രാ വഴികളില്‍ മരണം പതുങ്ങിയിരുന്നിരുന്നു.

വിവേകിന്‍റെ ബാല്യകാല സഖിയായിരുന്നു ദിവ്യ. മുതിര്‍ന്നപ്പോള്‍ അവര്‍ക്കിടയില്‍ വളര്‍ന്ന പ്രണയത്തെ വീട്ടുകാർ എതിർത്തു. അപ്പോള്‍ കൂട്ടുകാരായ തമിഴ് ശെൽവനും കണ്ണനുമാണ് ഒപ്പം നിന്നത്. മൂന്ന് മാസം മുമ്പാണ് കൂട്ടുകാരുടെ സഹായത്തോടെ ദിവ്യയുടെയും വിവേകിന്‍റെയും വിവാഹം നടന്നത്.

ദുബായില്‍ എഞ്ചിനീയറായിരുന്ന വിവേക് കഴിഞ്ഞ ദിവസം നാട്ടിലെത്തുകയും ദിവ്യയെ ദുബായിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടത്തുകയുമായിരുന്നു. പ്രണയ വിവാഹത്തിന്‍റെ നൂറാം ദിവസം ഇരുവരും ഈറോഡിലെ ക്ഷേത്രത്തില്‍ പോവുകയും തുടര്‍ന്ന്,  കുരങ്ങിണി മലയിലേക്കുള്ള സാഹസിക യാത്രക്ക് പുറപ്പെടുകയും ചെയ്തു.

പ്രതിസന്ധികളില്‍ കൂടെനിന്ന കൂട്ടുകാരായിരുന്നു വിവേകിനും ദിവ്യക്കും എല്ലാം. തേനിയിലെ ട്രക്കിങ് കൂട്ടുകാരോടൊത്തുള്ള ഒരു കൂടിചേരലായായിരുന്നു അവർക്ക്. കാടിനുള്ളില്‍ കൊളുക്കുമലയില്‍ തങ്ങിയതിനുശേഷം ഞായറാഴ്ച ഉച്ചയോടെ മലയിറങ്ങുമ്പോഴാണ് കാട്ടുതീ പടര്‍ന്നത്. ചെങ്കുത്തായ വനത്തില്‍ കാറ്റ് വീശിയതും തീയാളി പടര്‍ന്നു.

ദിവ്യക്കും വിവേകിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ദിവ്യയുടെ വസ്ത്രങ്ങള്‍ പൂര്‍ണമായും കത്തിയെരിഞ്ഞപ്പോള്‍ വിവേക് തന്‍റെ പകുതി കത്തിയ വസ്ത്രം അവള്‍ക്ക് നല്‍കിയിരുന്നു. ഇരുവരും രക്ഷപ്പെട്ടില്ല, കാട്ടുതീ അവരെ പൂര്‍ണ്ണമായും വിഴുങ്ങി.

കുട്ടിക്കാലം മുതല്‍ ദിവ്യക്കും വിവേകിനുമൊപ്പം കളിച്ചുവളര്‍ന്ന, അവരുടെ പ്രണയത്തിന് കാവലായ ആത്മമിത്രം കണ്ണനും കാട്ടുതീയില്‍ ഗുരുതരമായി പൊള്ളലേറ്റിരുന്നു. താന്‍ ജീവനുതുല്യം സ്നേഹിച്ച പ്രിയമിത്രങ്ങള്‍ കാട്ടുതീയില്‍ വെന്തമര്‍ന്നത് അവന്‍ അറിഞ്ഞിട്ടുണ്ടാവില്ല.

Share Widely

Leave a Reply

Your email address will not be published. Required fields are marked *