ബൊളീവിയയുടെ സ്വത്വവും സംസ്കാരവും മുറുകെ പിടിക്കുന്നവർ
“വരൾച്ചയെ നേരിടാനാവാതെ നാടുവിട്ടു പോയവരുണ്ട്. അവരുടെ തകർന്ന വീടുകളും തരിശായ കൃഷിയിടങ്ങളും അവശേഷിച്ചവരുടെ പ്രാർത്ഥനകളും ദൃശ്യതലത്തിലുണ്ട്. മൃഗബലിയുണ്ട്. കാത്തിരിപ്പുണ്ട്. കഴുകൻ വന്നിറങ്ങുന്ന മരണദൂതിന്റെ ഞെട്ടലുകളുണ്ട്. രോഗങ്ങളും ഏകാന്ത വിഹ്വലതകളുമുണ്ട്. എല്ലാ വൈവിദ്ധ്യങ്ങളെയും ഒന്നാക്കുന്ന നവനാഗരികതകളെ വെല്ലുവിളിക്കുന്ന അനേകവൈചിത്ര്യങ്ങളുടെ നിശ്ചയ ദാർഢ്യമുണ്ട്…”
_ ആസാദ്
അലജാന്റ്റോ ലോയ്സാ ഗ്രിസി ബൊളീവിയയിലെ മാന്ത്രികനായ ഒരു ഛായാഗ്രാഹകനാണ്. പുറം പകർത്തുന്ന പതിവിനപ്പുറം അകം പകർത്തുന്ന സംവിധാന പ്രഭാവത്തിലേക്ക് അയാൾ തട്ടുമാറി. നമ്മുടെ വീട് ( Utama) എന്ന വിസ്മയ സിനിമ പിറവിയെടുത്തു.
ബൊളീവിയൻ ജീവിതം സമരനിർഭരമാണ്. മഴ കിട്ടാതാവുന്നു. കടുത്ത വരൾച്ചയിൽ മണ്ണ് നനവറ്റു കിടന്നു. കിണറുകൾ കുഴിച്ചും മറ്റും വെള്ളം എത്തിക്കാമെന്ന സർക്കാർ വാഗ്ദാനം നിറവേറ്റപ്പെട്ടില്ല. ഒട്ടേറെ പേർ മറ്റിടങ്ങളിലേക്ക് കുടിയേറി. അഭയാർത്ഥികളുടെ ഒഴുക്കുണ്ടായി. ചിലരാവട്ടെ ജനിച്ചു വളർന്ന നാടുപേക്ഷിക്കാൻ തയ്യാറായില്ല. സ്വത്വ നഷ്ടത്തെ അവർ ഭയന്നു. പുതിയ നാഗരികതയുടെ മോഹവാഗ്ദാനങ്ങളോട് അകലം പാലിച്ചു. മഴയ്ക്കുള്ള പ്രാർത്ഥനയും ആചാരാനുഷ്ഠാനങ്ങളും സമർപ്പണവും തുടർന്നു. ഈ ത്യാഗപൂർണമായ സഹനം തന്നെയാണ് ജീവിതമെന്ന് വിശ്വസിച്ചു.
കാലാവസ്ഥാവ്യതിയാനം ഏൽപ്പിച്ച ആഘാതമാണ് പ്രമേയം. പക്ഷേ, അതിന്റെ യുക്തിവിചാരങ്ങളിലേക്കു സിനിമ പ്രവേശിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം എന്നു ഉച്ചരിക്കുന്നുമില്ല. വളർത്തുലാമകളെ മേയ്ക്കാൻ പ്രഭാതത്തിലിറങ്ങുന്ന വിർജീനിയോയുടെയും കുടുംബിനിയായ സിസായുടെയും കഥയാണിത്. മുഖം നിറയെ ചുളിവുകളുള്ള വൃദ്ധ ദമ്പതികൾ. മക്കൾ നഗരത്തിലേക്കു താമസം മാറിയെങ്കിലും ഗ്രാമം വിട്ടുപോകാൻ അവർ തയ്യാറായില്ല. തരിശിൽ ലാമകളെ മേയ്ക്കാനിറങ്ങുന്ന വൃദ്ധനും ജലമന്വേഷിച്ചു പാത്രവുമായി അലയുന്ന വൃദ്ധയും തങ്ങളുടെ നിയോഗത്തെ ആത്മാവിൽ ഏറ്റുവാങ്ങുകയാണ്. ദേശത്തിന്റെ സ്വത്വവും സംസ്കാരവും അവരിൽ പ്രകാശിക്കുന്നു.
ഡിജിറ്റൽ വിപ്ലവത്തിന്റെ കാലമാണ്. നഗരത്തിൽനിന്നു വരുന്ന കൊച്ചുമകൻ അവരെ നഗരത്തിലേക്കു വിളിക്കുന്നു. എന്തിനാണ് അവർ ഇങ്ങനെ ബുദ്ധിമുട്ടുന്നതെന്ന് അത്ഭുതപ്പെടുന്നു. അയാൾക്കു മനസ്സിലാവാത്ത ഒരു ജീവിതാദർശം അവരുടെ സഹനത്തിലുണ്ട്. ലാമകളുമായി പ്രഭാതത്തിലിറങ്ങുന്ന വൃദ്ധന്റെ ചുമച്ചുചുമച്ചുള്ള നടത്തവും മരണത്തെ സ്വാഭാവികമായി കാണുന്ന അസാധാരണത്വവും കൊച്ചുമകന് ജീവിതത്തെക്കുറിച്ചുള്ള പുതിയ അറിവു നൽകുന്നു.
പുതിയ നാഗരികത ബൊളീവിയയുടെ വൈവിദ്ധ്യങ്ങളെ നശിപ്പിച്ചുവെന്ന് ബെൻ നിക്കോൾസണ് നൽകിയ ഇന്റർവ്യുവിൽ അലജാന്റ്റോ പറയുന്നുണ്ട്. സംസ്കാരത്തിന്റെയും ഭാഷയുടെയും അടരുകൾ നഷ്ടമാവുന്നു. ലോകമെങ്ങും ഒന്നിപ്പിക്കുന്ന ഏകഭാഷയിലേക്കു നഗരം മനുഷ്യകുലത്തെ വെട്ടിച്ചുരുക്കാൻ ഉത്സാഹിക്കുകയാണ്. പ്ലാനറ്റാ ബൊളീവിയ എന്ന പേരിൽ പരിസ്ഥിതിസംബന്ധമായ ഡോക്യുമെന്ററി ഫിലിം എടുക്കാൻ നടത്തിയ യാത്രയാണ് അലജാന്റ്റോയെയെ മാറ്റിമറിച്ചത്. പാരിസ്ഥിതിക ആഘാതങ്ങളെ നേരിടുന്ന ജനസമൂഹങ്ങളോടു സംസാരിക്കാനും അവരെ സിനിമയുടെ ഭാഗമാക്കാനും സംവിധായകനു കഴിഞ്ഞു.
വരൾച്ചയെ നേരിടാനാവാതെ നാടുവിട്ടു പോയവരുണ്ട്. അവരുടെ തകർന്ന വീടുകളും തരിശായ കൃഷിയിടങ്ങളും അവശേഷിച്ചവരുടെ പ്രാർത്ഥനകളും ദൃശ്യതലത്തിലുണ്ട്. മൃഗബലിയുണ്ട്. കാത്തിരിപ്പുണ്ട്. കഴുകൻ വന്നിറങ്ങുന്ന മരണദൂതിന്റെ ഞെട്ടലുകളുണ്ട്. രോഗങ്ങളും ഏകാന്ത വിഹ്വലതകളുമുണ്ട്. എല്ലാ വൈവിദ്ധ്യങ്ങളെയും ഒന്നാക്കുന്ന നവനാഗരികതകളെ വെല്ലുവിളിക്കുന്ന അനേകവൈചിത്ര്യങ്ങളുടെ നിശ്ചയ ദാർഢ്യമുണ്ട്. കഥാപാത്രങ്ങളെ കണ്ടെത്തിയ ഗ്രിസിയുടെ വൈഭവത്തെ നമിക്കണം! അടിസ്ഥാനപരമായി ഒരു ഫോട്ടോഗ്രാഫറാണ് അലജാന്റ്റിയോ. സിനിമയുടെ ഫ്രെയിമുകളെല്ലാം സാങ്കേതികമികവാർന്നതും മനോഹരങ്ങളുമാണ്. കാണാതെ വിടരുത് ഈ ചലച്ചിത്രം.
_ ആസാദ്
11 ഡിസംബർ 2022