ഒരു പൊലീസ് അനുഭവം പറയാം

2006ലാണ് പാനായിക്കുളം കേസ് സംഭവിക്കുന്നത്. രണ്ട് മാസത്തിനു ശേഷം ജയിൽ മോചിതനാവുകയും ചെയ്തു. ‘ടെറർ ബ്രാന്റി’ലായിരുന്നു പിന്നത്തെ ജീവിതം. കേരളത്തിൽ എന്തു ‘ഭീകരകൃത്യം’ സംഭവിച്ചാലും ഉത്തരം പറയേണ്ടവരിൽ അങ്ങനെ ഞാനും ഉൾപ്പെട്ടു. അത്തരം കേസുകളുടെ ചാകരയായിരുന്നു ആ സീസൺ. മിഠായി തെരുവിലെ തീപിടുത്തം മുതൽ എറണാകുളം കളക്ട്രേറ്റിൽ നടന്ന സ്ഫോടനത്തിൽ വരെ ഉത്തരം പറയാനായി പോലീസ് എന്നെയും വിളിപ്പിച്ചു.

വർഷം 2010. കോട്ടയത്തെ DCRB (District Crime Records Bureau) യിൽ നിന്നും ഒരു ഫോൺകോൾ. ഏറ്റവും അടുത്ത ദിവസം കളക്ട്രേറ്റിലുള്ള അവരുടെ ഓഫീസിലേക്കൊന്നു വരണം. വിളിച്ചിട്ടു വേണം വരാൻ. തൊട്ടടുത്ത ദിവസം, ഒരു സുഹൃത്തിനെയും കൂട്ടി കോട്ടയത്തേക്ക് ഞാൻ പോയി.

എത്തിയപ്പോൾ തന്നെ ഔപചാരികത ഒന്നുമില്ലാതെ അകത്തേക്ക് വിളിച്ചു. എന്റെ വരവ് കാത്തിരുന്നതു പോലെ ഓഫീസർ സ്വയം പരിചയപ്പെടുത്തി: “ഞാൻ Dysp കണ്ണൻ.” പാനായിക്കുളം കേസിന്റെ വിവരങ്ങൾ എന്നോട് ചോദിച്ചു.

ശേഷം വാഗമൺ സിമി ക്യാംപിനെ കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചു. പത്രത്തിലൂടെ വായിച്ചിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു. “നീ അതിലുണ്ടായിരുന്നോ” എന്നായി അടുത്ത ചോദ്യം. ഞാൻ പറഞ്ഞു: “ഇല്ല” ഞെട്ടിക്കുന്നതായിരുന്നു തുടർന്നുള്ള ചോദ്യം:

“തനിക്കത് ഏറ്റെടുക്കാൻ പറ്റുമോ?”

ഉള്ളിൽ ഇരമ്പി വന്ന ഭയം ഉള്ളിലൊതുക്കി പാതി തമാശയോടെ ഞാൻ പറഞ്ഞു:

“സാർ, ഏറ്റെടുക്കുന്നതിന് എനിക്ക് ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. പക്ഷെ, നാട്ടുകാര് സമ്മതിക്കണമെന്നില്ല. ക്യാംപ് നടന്നെന്ന് നിങ്ങള് പറയുന്ന ദിവസങ്ങളിലൊന്നിലാണ് എന്റെ വാപ്പ മരിച്ചത്.”

വിളിക്കുമ്പോൾ വരണം എന്ന നിർദ്ദേശത്തോടെ സംസാരം അവിടെ അവസാനിച്ചു.

അപകടം മണത്തതുകൊണ്ട് ഉടൻതന്നെ പാനായിക്കുളം കേസിലെ അഭിഭാഷകനും സുഹൃത്തുമായ അഡ്വ. ഷാനവാസിനെ വിളിച്ച് കാര്യം ധരിപ്പിച്ചു. അന്നു വൈകുന്നേരം ഷാനവാസ് വക്കീൽ വിളിച്ചു :

“അൽപം ജാഗ്രത വേണം. കഴിയുമെങ്കിൽ നാളെത്തന്നെ ഒരു പത്രസമ്മേളനം വിളിക്കണം” ഞാൻ ചോദിച്ചു:

“നിങ്ങൾ കൂടെയുണ്ടാവുമോ?”

“ആവശ്യമെങ്കിൽ ഞാനും വരാം.”

പിറ്റേ ദിവസം എറണാകുളം പ്രസ് ക്ലബിൽ, അഭിഭാഷകരോടൊപ്പം പത്രസമ്മേളനം നടന്നു. അതിനടുത്തദിവസം പ്രാധാന്യത്തോടെ തന്നെ ആ വാർത്ത അച്ചടിച്ചുവന്നു. അന്ന് വൈകുന്നേരം Dysp കണ്ണൻ എന്നെ നേരിട്ടു വിളിച്ചിട്ടു പറഞ്ഞു:

“വല്ലാത്തൊരു കെണിയിലാണ് റാസിക് നീ ഞങ്ങളെ പെടുത്തിയത്.”

ഉള്ളിൽ ചിരിയോടെ, “പേടിച്ചിട്ടാണ് സാർ” എന്ന മറുപടിയോടെ ഞാൻ ഫോൺ വെച്ചു.

(പാലത്തായി കേസിൽ പോലീസിന്റെ നിഷ്പക്ഷത വാദിക്കുന്നവർക്കായി സമർപ്പണം)
_ റാസിഖ് എ റഹീം

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail