സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കിൽ നമ്മൾ അൻസാർ നദ്വിയോട് ചോദിക്കണം
സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കിൽ ഒരിക്കലെങ്കിലും ജയിലിൽ കിടക്കണം. മതിൽക്കെട്ടിനകത്തു നിന്ന് പുറത്തു വന്ന് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ അതിലുളളവർ എന്തു മാത്രം കൊതിക്കുന്നുണ്ടെന്നറിയാമോ ? തിരിച്ചു പോവേണ്ടി വരുമെന്നറിയാമായിട്ടും ഒരു പരോൾ കിട്ടുന്നവന്റെ സന്തേഷം ഒരു Happiness indexനും അളക്കാനാവുകയില്ല.
11 വർഷവും 6 മാസവും നാലോ അഞ്ചോ ദിവസവും ജയിലിൽ കഴിഞ്ഞതിനു ശേഷം കുറച്ചു ദിവസത്തേക്കാണെങ്കിലും അൻസാർ നദ്വി സ്വതന്ത്രനാവുകയാണ്.
ഓർക്കാൻ ഒരുപാടുണ്ട് കാര്യങ്ങൾ. വിവാഹം കഴിഞ്ഞ് 28ാം ദിവസം, പുതുപ്പെണ്ണിനോട് യാത്ര പറഞ്ഞിറങ്ങി, മടക്കയാത്രക്കുള്ള ടിക്കറ്റുമായി, സുഹൃത്തിന്റെ സഹോദരനെ കാണാനായി ഇൻഡോറിലേക്ക് പോയതായിരുന്നു അൻസാർ. രാത്രി, ഉറങ്ങിക്കിടക്കുമ്പോൾ റൂമിൽ നിന്നും പോലീസ് പിടിച്ചു കൊണ്ടുപോയ അൻസാറിന് 11 വർഷങ്ങൾക്കു ശേഷം ബാക്കിയുള്ളത് കൈനിറയെ കേസുകളാണ്.
2008 മാർച്ച് 26നായിരുന്നു ആ അറസ്റ് നടന്നത്. മുൻപുണ്ടായിരുന്ന പാനായിക്കുളം കേസിനു പുറമേ, പഴയതും പുതിയതുമായ പല കേസുകളിലും പ്രതി ചേർക്കപ്പെട്ടു. ഹുബ്ലി, വാഗമൺ സംഭവങ്ങളിൽ അൻസാറിന്റെ പേര് ഏച്ചുകെട്ടി. ജയിലിലായിരിക്കെ 2008 ജൂലൈയിൽ നടന്ന അഹമ്മദാബാദിലെ തുടർ ബോംബ് സ്ഫോടനങ്ങളിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി 35 കേസുകളിൽ പ്രതിയാക്കി.
താമസ സ്ഥലത്തുനിന്നും ഉറക്കച്ചടവോടെ പിടി കൂടിയതിന് കിട്ടിയ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് ഭോപാലിലെ അതിസുരക്ഷാ ജയിലിലാണ് അൻസാർ ഇപ്പോഴുള്ളത്. ജയിലിലായിരിക്കെ നടന്ന ഗുജറാത്തിലെ സ്ഫോടന പരമ്പരയുടെ വിചാരണ ഇനിയും എവിടെയുമെത്തിയിട്ടില്ല.
വർഷം പതിനൊന്നര കഴിഞ്ഞിരിക്കുന്നു. കാത്തിരുന്നവരിൽ ഉപ്പ റസാഖ് സാഹിബ് പോരാട്ട വഴിയിൽ ഇടറി വീണ് അല്ലാഹുവിലേക്ക് യാത്രയായി. ബാക്കിയുള്ളവരെ കാണാൻ അൻസാർ എത്തുന്നത് മധുരപ്പൊതിയുമായല്ല; തന്റെ ജീവിത സമ്പാദ്യത്തിൽ ബാക്കിയായ കേസുകെട്ടുകളുടെ ഭാരവുമായാണ്.
വിലപിടിപ്പുള്ളതാണ് അൻസാറിന് കിട്ടിയ 35 ദിവസങ്ങൾ. 5 ലക്ഷമാണ് കോടതി അതിന് വിലയിട്ടിരിക്കുന്നത്. അതായത്, ഒരു ദിവസത്തിന് 15,000 രൂപ. അപ്പോൾ മിനിറ്റിന് തന്നെ വരും ഏതാണ്ട് 10 രൂപയോളം മൂല്യം.
സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കിൽ നമ്മൾ അൻസാർ നദ്വിയോട് ചോദിക്കണം. പതിനൊന്നര വർഷം. ഇതിനിടയിൽ 2 വർഷം മാത്രമാണ് മതിൽക്കെട്ടിന് പുറത്തെ ലോകം കാണാനായത്. അതും കേരളത്തിലായിരിക്കെ, പാനായിക്കുളം കേസിന്റെ വിചാരണ വേളയിൽ. ബാക്കി കോടതികളെല്ലാം ഒന്നുകിൽ ജയിലിനുള്ളിൽ; അല്ലെങ്കിൽ വീഡിയോ കോൺഫ്രൻസ് വഴി. ഇതിനിടയിൽ 2 കേസുകൾ വെറുതെ വിട്ടു, ഹുബ്ലിയും പാനായിക്കുളവും. രണ്ടു കേസുകളിലും കോടതി പറഞ്ഞത് കേസ് കെട്ടിച്ചമച്ചതാണെന്ന്.
ഇതുംകൂടി പറയാതെ കുറിപ്പ് അവസാനിപ്പിക്കാൻ വയ്യ. ഈ 2 വർഷം, ദിനപത്രങ്ങൾ കണ്ടിട്ടേയില്ല. മനുഷ്യരെ കാണുന്നത് അപൂർവവും. സൂര്യപ്രകാശം കാണാനായി അനുവദിച്ചിരിക്കുന്നത് ദിനേന ഒരു മണിക്കൂർ.
അൻസാർ വരും; ഷിബ് ലിയും ശാദുലിയും സക്കരിയയും. അവർ നമുക്ക് പറഞ്ഞു തരും, സ്വാതന്ത്ര്യത്തെക്കുറിച്ചല്ല; നാമൊക്കെ നഷ്ടപ്പെടുത്തിയ സമയത്തെക്കുറിച്ച്.
_ റാസിക് റഹീം