ഗസ്സയും ബസ്തറും | സീമ ആസാദ് | Part 2
ഉത്തർപ്രദേശിലെ എഴുത്തുകാരിയും കവിയും ആക്ടിവിസ്റ്റും Dastak എന്ന മാസികയുടെ എഡിറ്ററുമാണ് സീമ ആസാദ്. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL) സെക്രട്ടറിയായിരുന്നു. ആദിവാസി, ദലിത്, മുസ്ലിം തുടങ്ങിയ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ കുറിച്ചും കർഷകരെ കുറിച്ചും എഴുതുന്ന സീമ ആസാദിനെ മാവോയിസ്റ്റ് എന്നാരോപിച്ചു 2010ൽ കോൺഗ്രസ് സർക്കാരും 2023ൽ ബിജെപി സർക്കാരും യുഎപിഎ ചുമത്തി വേട്ടയാടി. പലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന അധിനിവേശ ആക്രമണവും ഇന്ത്യയിലെ വനമേഖലകളിൽ ആദിവാസികൾക്കെതിരെ സർക്കാർ നടത്തുന്ന ആക്രമണവും ആണ് കവിതയുടെ പശ്ചാത്തലം. ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകളിൽ വിഭവക്കൊള്ള നടത്തുന്ന അതിസമ്പന്നരായ കോർപ്പറേറ്റുകൾക്കെതിരെ സമരം ചെയ്യുന്ന ആദിവാസികളെ ഡ്രോൺ ഉപയോഗിച്ച് വ്യോമാക്രമണം വരെ നടത്തിയാണ് സർക്കാർ നേരിടുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് സർക്കാരിന്റെ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. സ്വന്തം ഭൂമിയും കാടും നദികളും ജീവനും കവർന്നെടുക്കപ്പെടുന്ന അവസ്ഥയിൽ ആദിവാസികളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്.
ഗസ്സയും ബസ്തറും
സീമ ആസാദ്
വിവർത്തനം_ കെ മുരളി
കവിത – Part 2
നമ്മൾ
പുതുവത്സരാശംസകൾ കൈമാറിയ അന്നാണ്
ബസ്തറിലെ മംഗ്ലിയെ കൊന്നത്.
അന്ന്
മംഗ്ലിയുടെ അമ്മ
കാടിനെ കാക്കാൻ
കാട്ടിൽ തന്നെയായിരുന്നു,
അമ്മയെ ഒട്ടിപ്പിടിച്ചുകിടന്ന്
മുലകുടിക്കുന്ന
ആറുമാസം പ്രായമുള്ള മംഗ്ലി,
ആ കിടപ്പിൽ കിടന്നാണത്രെ
‘രാജ്യദ്രോഹ യുദ്ധത്തിന് ഗൂഡാലോചന’ നടത്തിയത്.
അമ്മേടെ കൈയ്യും തുളച്ചുവന്ന ഉണ്ട
മംഗ്ലിക്ക് കൊണ്ടു.
‘ ഏറ്റുമുട്ട’ലിൽ അവളുടെ കഥയും തീർന്നു.
ഗസ്സയിലെ ആഫ്താബ്
പിറന്നുവീണ ഉടനെ
ബോംബിന് ഇരയായി
അൽ ശിഫ ആശുപത്രിയിൽ,
മുലപ്പാലിൻ്റെ രുചിപോലുമറിയാതെ,
ഗസ്സയിൽ ജനിക്കുന്നതുതന്നെ
ഇസ്രേലി രാഷ്ട്രത്തിനെതിരെ
ഗൂഢാലോചനയല്ലെ.
രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ
രണ്ട് തരം മരണം
ബസ്തിറിലെ മംഗ്ലി
ഗസ്സയിലെ ആഫ്താബ്,
പക്ഷെ കൊലയാളികൾ ഒന്നുതന്നെ
കൊലയായുധങ്ങളുടെ പണിശാലയും ഒന്നുതന്നെ
കൊല്ലാനുള്ള
കാരണവും ഉദ്ദേശ്യവും
ഒന്നുതന്നെ.
അതുകൊണ്ട്,
ഗസ്സയും ബസ്തറും
ഒന്നുതന്നെ.
ഗസ്സക്കാരുടെയും ബസ്തറുകാരുടെയും
പോരാട്ടവും
ഒന്നുതന്നെ.
_ സീമ ആസാദ്
വിവർത്തനം_ കെ മുരളി
ഗസ്സയും ബസ്തറും | സീമ ആസാദ് | Part 1
Follow us on | Facebook | Instagram | Telegram | Twitter | Threads