സ്വന്തം മലമായിരുന്നു, അലീ എന്റെ കാവല്‍ക്കാരന്‍…

സമകാലിക കശ്മീരി കവിതയിലെ പുതുതലമുറ എഴുത്തുകാരില്‍ ഏറ്റവും പ്രശസ്തനായ മുഹമ്മദ് അലിയുടെ അഭിമാനിക്കാന്‍ ഒന്നുമില്ല എന്ന ആത്മകഥയിലെ ഒരു ഭാഗത്തിന്റെ സ്വതന്ത്ര ആഖ്യാനം.

മുഹമ്മദ് അലി 1982ല്‍ ജമ്മു കശ്മീരിലെ കപ്‌വാര ജില്ലയിലെ കുനാന്‍ പോഷ്പോറ എന്ന ഗ്രാമത്തില്‍ ജനിച്ചു. കുനാന്‍ പോഷ്‌പോറ സംഭവം നടക്കുമ്പോള്‍ അലിക്ക് പത്തു വയസ്സായിരുന്നു. സംഭവ സമയത്ത് അദ്ദേഹത്തിന്റെ പിതാവ് അന്തനാഗ് ജില്ലയിലെ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. മാതാവ് റാബിയ പില്‍ക്കാലത്ത് ഈ സംഭവം മകനോട് വിവരിച്ചിട്ടുള്ളതാണ്.
_ റെനി ഐലിൻ

അഭിമാനിക്കാന്‍ ഒന്നുമില്ല

അലി,
പത്തുവയസ്സുള്ള നീ അന്ന്
എന്നെ നോക്കി വാവിട്ടുകരഞ്ഞുകൊണ്ട്
അകന്നുപോവുന്നത് മുകള്‍ നിലയിലെ
ജനാലയിലൂടെ എനിക്ക് കാണാമായിരുന്നു.
നിന്നെയും എന്റെ അച്ഛനെയും മൂന്ന് ആങ്ങളമാരെയും
അവര്‍ ചോദ്യം ചെയ്യാനെന്ന പേരില്‍
കൊണ്ടുപോവുകയായിരുന്നു.
നിങ്ങളെ മാത്രമല്ല
കുനാനിലെയും പോഷ്പോറയിലെയും
മുഴുവന്‍ ആണുങ്ങളെയും
ആ രാത്രി അവര്‍ ആട്ടിത്തെളിച്ചുകൊണ്ടുപോയി.

അലി,
22 വര്‍ഷങ്ങള്‍ കഴിഞ്ഞു
നിനക്കറിയാമല്ലോ
നമുക്ക് നീതി ലഭിച്ചില്ല.
അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന്
ഇന്ത്യന്‍ ഭരണകൂടവും മാധ്യമങ്ങളും
ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നു.
എല്ലാ അന്വേഷണങ്ങളും റദ്ദാക്കി.
അതൊരു കെട്ടുകഥയാണെന്ന്
പ്രഖ്യാപിച്ചു.

അലി,
ആ രാത്രി ഇന്ത്യന്‍ പട്ടാളം
ആണുങ്ങളെയെല്ലാം കൊണ്ടുപോയ ശേഷം
തിരിച്ചുവന്നു
പാതിരയായിട്ടുണ്ട്.
വീടുകളില്‍ നിന്ന് ഭയത്തിന്റെ അടിത്തട്ടില്‍ നിന്നു മാത്രം
പുറപ്പെടുന്ന ആ പ്രത്യേക ശബ്ദത്തില്‍
നിലവിളികള്‍ ഉയര്‍ന്നു.
തോക്കിന്‍ മുനയില്‍
പതിമൂന്ന് വയസ്സു മുതല്‍
എണ്‍പതു വയസ്സു വരെയുള്ള സ്ത്രീകളെ
ബലാത്സംഗം ചെയ്തു.
പിറ്റേ ദിവസം രാവിലെ
ഒന്‍പതുമണി വരെ നീണ്ടു നിന്നു അത്…

അലി,
അഭിമാനിക്കാന്‍ ഒന്നുമില്ലെങ്കിലും
നിന്റെ അമ്മ അന്ന് രക്ഷപ്പെട്ടു.
നീയടക്കമുള്ള ആണുങ്ങളെ
അന്ന് പിടിച്ചുകൊണ്ടുപോവുമ്പോള്‍
ഞാന്‍ മുകള്‍ നിലയിലായിരുന്നല്ലോ
എല്ലാ വീടുകളില്‍ നിന്നും സ്ത്രീകളുടെ
അലമുറകള്‍ കേട്ടുതുടങ്ങി

പട്ടാളക്കാരുടെ അലര്‍ച്ചകളും ബൂട്ടൊച്ചകളും
കുറച്ചുപട്ടാളക്കാര്‍ നമ്മുടെ വീട്ടിലും കയറി
അവര്‍ എല്ലാ മുറികളിലും കയറി
പരിശോധിക്കാന്‍ തുടങ്ങി
കോണിപ്പടി കയറി ഒരാള്‍
മുകളിലേക്ക് വരുന്ന ശബ്ദവും കേട്ടു.

ഭയത്താല്‍ ബോധശൂന്യയാവുമെന്ന്
എനിക്കു തോന്നി.
അറിയാതെ എന്റെ ഉടുതുണിയിലാകെ
മലം വിസര്‍ജ്ജിച്ചു.
ഞാനെന്റെ മലം രണ്ടു കൈകളിലുമെടുത്ത്
മുഖത്തും മുടിയിലും മുലകളിലും
എന്നല്ല ,ശരീരമാകെ പുരട്ടി.
എന്തിനാണ് ഞാനങ്ങനെ ചെയ്യുന്നതെന്ന്
എനിക്കറിയില്ലായിരുന്നു.
കോണിപ്പടി കയറിവന്ന ആ പട്ടാളക്കാരനും
അവന്റെ പിന്നാലെ വന്ന മറ്റുള്ളവരും
മേലാകെ തീട്ടം പുരണ്ട എന്നെ കണ്ട്
കാര്‍ക്കിച്ചു തുപ്പി മൂക്കുപൊത്തി
അതിവേഗം ഇറങ്ങിപ്പോയി.
സ്വന്തം മലമായിരുന്നു
അലീ എന്റെ കാവല്‍ക്കാരന്‍

നൂറുകണക്കിന് സ്ത്രീകള്‍ക്ക്
അവരുടെ മാനം നഷ്ടപ്പെട്ടപ്പോള്‍
നിന്റെ അമ്മ രക്ഷപ്പെട്ടുവെന്നതില്‍
അഭിമാനിക്കാന്‍ ഒന്നുമില്ല അലി
അഭിമാനിക്കാന്‍ ഒന്നുമില്ല.
_ മുഹമ്മദ് അലി, കശ്‌മീർ

Leave a Reply