പരമ്പരാഗതമല്ലാത്ത പ്രണയത്തിന്റെ കിക്കോഫ്
2022 ഫിഫ വേൾഡ് കപ്പ് ഖത്തർ എഡിഷനിൽ രാഷ്ട്രീയമായി ഐക്യദാർഢ്യം തോന്നുന്നത് ഫ്രാൻസിന്റെ കളിക്കാരൻ എംബാപ്പെയോടാണ്. അത് ഏതൊരു പ്രണയത്തിലുമുള്ള സാംസ്കാരിക വ്യവഹാരത്തിലെ രാഷ്ട്രീയമാണ് കാരണം. എംബാപ്പെയുടെ പ്രണയരാഷ്ട്രീയം ലൈംഗിക ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയാന്തസിനെ മാനിക്കുന്നതും വൈകാരിക ജീവിതത്തെ ഉയരത്തിൽ സ്ഥാപിക്കുന്നതുമാണ്. മുൻപൊക്കെ സ്റ്റാർ പ്ലെയേഴ്സിനെ അനുധാവനം ചെയ്യുന്ന കാമുകിമാർ മലയാളപത്രങ്ങളിലെ കളിയെഴുത്തുകാർക്ക് ഏറെ പഥ്യമുള്ള സ്റ്റോറിയായിരുന്നു. കളിക്കാരൻ തന്റെ ശരീരത്തിൽ കാമുകിയുടെ പേര് പച്ചകുത്തിയതിന്റെ വിശേഷങ്ങൾ അവർ ഒളിഞ്ഞുനോട്ടത്തിന്റെ മുറുകിയ വീണക്കമ്പി അയഞ്ഞു പോകാതെ റിപ്പോർട്ട് ചെയ്യുമായിരുന്നു. എന്നാൽ എംബാപ്പെയുടേയും ഇനെസിന്റെയും പ്രണയം മലയാളത്തിൽ അച്ചുനിരത്തപ്പെട്ടതായി അറിയില്ല. നമ്മുടെ കുടുംബം, പ്രണയം, സ്നേഹം, ലൈംഗികത, സ്ത്രീ-പുരുഷ ദ്വന്ദ്വം എന്നിവയെ അഴിച്ചുപണിയാൻ ആ വാർത്ത കാരണമായേക്കുമെന്ന് ഭയക്കുന്നുണ്ടാവുമോ? ക്വീർ പൊളിറ്റിക്സ് അതിശക്തമായി തങ്ങളെ വെളിപ്പെടുത്തുന്ന കേരളത്തിൽ!
1990ൽ പാരീസിൽ ജനിച്ച അൾജീറിയൻ വേരുകളുള്ള ഇനെസ് റൗവ് എന്ന ട്രാൻസ്ജെൻഡർ മോഡലാണ് എംബാപ്പെയുടെ പ്രണയിനി. ഇറ്റാലിയൻ വെബ്സൈറ്റ് ‘കൊറിയർ ഡെല്ലോ സ്പോർട്ടി’ലാണ് ഇതുസംബന്ധിച്ച ആദ്യ സ്ഥിരീകരണവാർത്ത വന്നത്. ഇനെസും എംബാപ്പെയും കാൻ ചലച്ചിത്ര മേളയിൽ ഒന്നിച്ചു പ്രത്യക്ഷപ്പെട്ടു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ ആ പ്രണയവിശേഷം തരംഗമായി. പതിനാറുവയസ് വരെ ആൺകുട്ടിയായി ജീവിച്ച ഇനെസിനെ തുടർകാലം സ്ത്രീയായി കഴിയാൻ ബ്രിട്ടീഷ് മോഡൽ കരോളിൻ കോസിയുടെ ജീവിതകഥയും പ്രേരിപ്പിച്ചു. ‘പ്ലേ ബോയ്’ മാഗസിന്റെ കവറിൽ പ്രത്യക്ഷപ്പെട്ട ആദ്യ ട്രാൻസ്ജെൻഡർ സ്ത്രീയാണ് ഇനെസ് റൗവ്.
പ്രണയിതാക്കൾക്ക് ആശംസകൾ, ഫുട്ബോൾ രാഷ്ട്രീയവുമാണ്
ഈയുള്ളവനു കട്ടച്ചങ്ങാത്തമുള്ള ഒരു ട്രാൻസ്ജെൻഡർ കൂട്ടുകാരിയുണ്ട്. അവർ മനഃശാസ്ത്ര ചികിത്സയും ഹോർമോൺ ചികിത്സയും പിന്നീട് വിവിധഘട്ടങ്ങളിലൂടെ കടന്നുപോയ ശസ്ത്രക്രിയയുടെ മരണസമാനമായ വേദനയുടെയും മൃത്യുഭീതിയുടേയും സാഹചര്യങ്ങളിൽ അവർക്കൊപ്പം വൈകാരിക പിന്തുണയാകാൻ അവർ എന്നോട് പുലർത്തിയ ദയാവായ്പിനാലും പരിഗണനയാലും കഴിഞ്ഞിട്ടുണ്ട്. വേദനയുടെ ആശുപത്രിക്കിടക്കയിൽ നിന്ന് തന്റെ ആന്തരിക സ്ത്രീയെ തടവിലാക്കിയ ആണുടൽത്തുറുങ്ക് ഭേദിച്ച് താൻ ഇച്ഛാനുസരണം സ്ത്രീയാകുന്ന ‘ജൽസ ‘ ചടങ്ങിലേക്ക് അവർ എന്നെ നിർബ്ബന്ധമായി ക്ഷണിക്കുമ്പോൾ ഞാൻ ആ ശബ്ദത്തിൽ കിലുങ്ങുന്ന കൊലുസിനെ ചൂണ്ടിക്കാണിച്ചു.
അവൾ പ്രണയിക്കട്ടെ
പ്രണയം ഒരു സാംസ്കാരിക-രാഷ്ട്രീയ വ്യവഹാരവുമാണ്. പുരുഷമേധാവിത്വ പ്രവണതയെ ചെറുക്കുമ്പോഴും നമ്മൾ ലക്ഷണയുക്തരായ പാട്രിയാർക്കി പുരുഷബിംബങ്ങളെയാണ് സ്നേഹിക്കാനും ഒപ്പം പ്രദർശിപ്പിക്കാനും തിരഞ്ഞെടുക്കുക. അവിടെ ജാതിയിൽ താഴ്ന്ന, തൊഴിലിൽ താഴ്ന്ന, പെണ്ണാച്ചികളായ, വികലാംഗരായ, ബധിരമൂകരായ, സൗന്ദര്യമില്ലാത്ത പുരുഷന്മാരെ സ്വീകരിക്കുക എന്ന സമരം ഒഴിവാക്കും. നടൻ മമ്മൂട്ടി മമ്മുക്കയായതും ഇന്ദ്രൻസ് ഇപ്പോഴും ഇന്ദ്രൻസായി തുടരുന്നതും ഓർക്കുക. നമ്മുടെ ഉത്തരാധുനികോത്തര നവോത്ഥാന പുരുഷ സിംഹങ്ങളും പ്രണയമെന്ന സാംസ്കാരിക വ്യവഹാരത്തിൽ ഭാഗഭാക്കാവുമ്പോൾ ഉടൽ രാഷ്ട്രീയമെടുത്ത് പാരണയിൽ തിരുകുന്നു. എംബാപ്പെ സ്കോർ ചെയ്ത ഗോളിനും അതിലേക്ക് ഗൗരവതരമായ പാസ് നൽകിയ ഇനെസിനും എന്റെ കൈയ്യടി.
_ അജിത് എം പച്ചനാടൻ
Photos Courtesy_ BackGrid and Various media