മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘ്പരിവാര്‍ സോഷ്യല്‍ എഞ്ചിനീയറിംഗ്
കെ സഹദേവന്‍
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍, അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മണിപ്പൂരിലെ സാമൂഹിക സമവാക്യങ്ങള്‍ മനസ്സിലാക്കാതെയുള്ളവയാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പ്രത്യേകിച്ചും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍. നമ്മുടെ മുന്നില്‍ വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന ഒരു ചിത്രം മണിപ്പൂരില്‍ നടക്കുന്ന കലാപം ‘മെയ്‌തേയ് V/s കുകി’ എന്ന നിലയില്‍ രണ്ട് വംശങ്ങള്‍ തമ്മിലുള്ള കുടിപ്പക എന്ന നിലയിലാണ്. യാഥാര്‍ത്ഥ്യവുമായി തെല്ലും പൊരുത്തമില്ലാത്ത ഒന്നാണിത്. രാഷ്ട്രീയവും ഭരണപരവുമായ തീരുമാനങ്ങള്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ മുതലെടുത്ത് രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാരത്തിന്റെ വിഭജന രാഷ്ട്രീയമാണ് ഇത്തരം ലളിത സമവാക്യ രചനയിലൂടെ മറച്ചുവെക്കപ്പെടുന്നത്. ബോധപൂര്‍വ്വമല്ലെങ്കിലും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് കൂടുതല്‍ ധാരണയില്ലാത്ത പലരും ഈ കെണിയില്‍ വീണുപോകുന്നുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ മനസ്സിലാകണമെങ്കില്‍ മെയ്‌തേയ് സമൂഹത്തെക്കുറിച്ച് ചില അടിസ്ഥാന ധാരണകള്‍ ഉണ്ടാകേണ്ടത് പ്രധാനമാണ്.
മെയ്തേയ് ഒരു ഏകരൂപ സമുദായമല്ല
മണിപ്പൂര്‍ സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്‌തേയ് അല്ലെങ്കില്‍ മെയ്തി എന്ന് വിളിക്കപ്പെടുന്ന വിഭാഗം സാമൂഹികമായി ഏകരൂപമായ ഒന്നല്ലെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. വ്യത്യസ്ത മതങ്ങളിലും ജാതികളിലും ആയി വിഭജിച്ചുനില്‍ക്കുന്ന ഒരു സമൂഹമാണത്. ബ്രിട്ടീഷ് ഭരണത്തിന് ശേഷം മെയ്തികള്‍ക്കിടയിലെ പ്രബല വിഭാഗങ്ങള്‍ തങ്ങളെ ഗോത്രസമൂഹമായി പരിഗണിക്കുന്നതിനെ വിലക്കുകയുണ്ടായി. ഇവരില്‍ ഒരു വിഭാഗം വൈഷ്ണവമതം സ്വീകരിച്ച ശേഷം സ്വയം ജാതി ഹിന്ദുക്കളായി പരിഗണിക്കുകയും പരമ്പരാഗത സനാമഹി വിശ്വാസം പിന്തുടരുന്ന മെയ്തി വിഭാഗങ്ങളെ തൊട്ടുകൂടാത്തവരായി കണക്കാക്കുകയും ചെയ്തു. വൈഷ്ണവമതം സ്വീകരിച്ച മെയ്തി വിഭാഗങ്ങള്‍, ഇതര മെയ്തി സമൂഹങ്ങളെ താഴ്ന്നവരായി വിശേഷിപ്പിക്കുന്നതിന് പ്രത്യേക പദംതന്നെ ഉപയോഗിച്ചുവരുന്നുണ്ട്. ഉദാഹരണത്തിന്, ‘അശുദ്ധം’ എന്ന അര്‍ത്ഥത്തില്‍ ‘മംഗ്ബ’, അതേപോലെ.പൊതുവില്‍ മെയ്തി സമൂഹങ്ങള്‍ ആദിവാസി വിഭാഗങ്ങളെ അവഹേളിക്കുന്നതിനായി ‘ഹവോ’ എന്ന വാക്കും ഉപയോഗിച്ചുവരുന്നു. മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ ‘തൊട്ടുകൂടാത്തവരായി’ കണക്കാക്കപ്പെടുന്നവര്‍ പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവരാണ്.
മണിപ്പൂരിന്റെ ഭൂവിസ്തൃതിയില്‍ 90% മലയോര മേഖലയാണ്. 10%ത്തോളം മാത്രമേ താഴ്‌വാരങ്ങളിലെ സമതലപ്രദേശങ്ങളായുള്ളൂ. ഏതാണ്ടെല്ലാ മെയ്തി സമുദായങ്ങളും താമസിക്കുന്നത് സമതലപ്രദേശങ്ങളിലാണ്. മെയ്‌തേയ് സമുദായത്തില്‍ സാമ്പത്തികമായും സാമൂഹികപദവികളാലും ഉയര്‍ന്നുനില്‍ക്കുന്നത് വളരെച്ചെറിയൊരു ന്യൂനപക്ഷം മാത്രമാണ്.
മെയ്‌തേയ് ബ്രാഹ്‌മണര്‍-മെയ്‌തേയ് രാജ്കുമാര്‍
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയ ശേഷം, മെയ്‌തേയ് സമുദായത്തിലെ വിവിധ വിഭാഗങ്ങളെ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ (ഒബിസി) ഉള്‍പ്പെടുത്തുകയുണ്ടായി. മെയ്‌തേയ് ബ്രാഹ്‌മണര്‍ (ബാമോണ്‍സ്), മെയ്‌തേയ് രാജ്കുമാര്‍ എന്നിങ്ങനെയുള്ള മെയ്‌തേയ് സമുദായത്തിലെ പ്രബല വിഭാഗങ്ങളില്‍ പെട്ടവരും കേന്ദ്ര ഒബിസി പട്ടികയില്‍ ഉള്‍പ്പെടുന്നു. ക്രീമിലെയര്‍ അല്ലാത്ത ഒബിസികളാണെങ്കില്‍ മാത്രമേ അവര്‍ക്ക് സംവരണം ലഭിക്കൂ. നിലവിലെ സംവരണ സ്‌കീം അനുസരിച്ച്, മെയ്‌തേയ് സമുദായത്തിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലികളിലും ജനറല്‍, ഒബിസി, എസ്സി സീറ്റുകളിലേക്ക് പ്രവേശനമുണ്ട്.
നിലവില്‍, സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 3.78% വരുന്ന മെയ്‌തേയ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് സംസ്ഥാനതല ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളിലും 2% സംവരണം അനുവദിച്ചിട്ടുണ്ട്. മെയ്‌തേയ് പട്ടികജാതി സമുദായത്തെ എസ്ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അവര്‍ മാത്രം അനുഭവിക്കുന്ന 2% സംവരണം എല്ലാ എസ്ടികള്‍ക്കും പ്രബല ജാതിയായ മെയ്തികള്‍ക്കും അനുവദിച്ച സംവരണത്തില്‍ ലയിപ്പിക്കും. അങ്ങനെ, പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ അവരുടെ അവസരങ്ങള്‍ ശതമാനക്കണക്കില്‍ നഷ്ടപ്പെടും. നിലവില്‍ എസ്ടികള്‍ക്കും പട്ടികജാതിക്കാര്‍ക്കും അവരോട് മത്സരിക്കാന്‍ കഴിയാത്തതിനാല്‍ എസ്ടി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പ്രബല ജാതിയായ മെയ്തികള്‍ അനുഭവിക്കും. വാസ്തവത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് മെയ്തി പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ ഉത്കണ്ഠ നിലനില്‍ക്കുന്നുണ്ടെന്നതാണ് വസ്തുത.
ഭൂരിഭാഗം മെയ്‌തേയ്കളും ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. അവര്‍ക്ക് സംസ്ഥാന തല ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളിലും 17% സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, മെയ്‌തേയ് ബ്രാഹ്‌മണ, രാജ്കുമാര്‍ കമ്മ്യൂണിറ്റികളില്‍ ഗണ്യമായ എണ്ണം ഉള്‍പ്പെടുന്ന ഒബിസികളിലെ ക്രീമി ലെയര്‍ വിഭാഗത്തിന് സംവരണ സ്ഥാനങ്ങള്‍ക്കും സീറ്റുകള്‍ക്കും അര്‍ഹതയില്ല. എന്നാല്‍, എസ്ടി പട്ടികയില്‍ ഉള്‍പ്പെടുന്നതോടെ അവര്‍ക്ക് എസ്ടി വിഭാഗത്തില്‍ സംവരണം ലഭിക്കും. അങ്ങനെ, ഒബിസി ജനസംഖ്യയുടെ ഉയര്‍ന്ന വിഭാഗമായ ഒബിസികളിലെ ക്രീമി ലെയര്‍ വിഭാഗത്തിനും എസ്ടി വിഭാഗത്തിന് കീഴില്‍ സംവരണം ലഭിക്കും. ഈ സാഹചര്യം ഒബിസികളിലെ നോണ്‍-ക്രീമി ലെയര്‍ ലോവര്‍ സെഗ്മെന്റിന്റെ നഷ്ടത്തിന് തുല്യമാണ്. മൊത്തത്തില്‍, ഒബിസികളിലെയും പട്ടികജാതികളിലെയും നോണ്‍-ക്രീമിലെയര്‍ വിഭാഗങ്ങളുടെ ചെലവില്‍ ഒബിസികളിലെ ഉയര്‍ന്നവിഭാഗം നേട്ടംകൊയ്യും.
നിലവില്‍, മെയ്‌തേയ് കമ്മ്യൂണിറ്റിയിലെ പ്രബല വിഭാഗങ്ങള്‍-നേരത്തെ സൂചിപ്പിച്ച വൈഷ്ണവ മതം സ്വീകരിച്ച ജാതി ഹിന്ദുക്കള്‍- സ്‌പോര്‍ട്‌സ്, രാഷ്ട്രീയം, ബിസിനസ്സ്, സര്‍ക്കാര്‍ ജോലികള്‍, സൈനികം എന്നീ മേഖലകളില്‍ ആധിപത്യം പുലര്‍ത്തി വരികയാണ്. ഇത് രാഷ്ട്രീയ വരേണ്യവര്‍ഗമെന്ന നിലയിലും പ്രബലമായ സാമ്പത്തിക വര്‍ഗമെന്ന നിലയിലും അവരുടെ പദവിയെ സ്ഥിരപ്പെടുത്തുന്നു. ഈ വിഭാഗത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക എന്നതിനര്‍ത്ഥം അവരുടെ സാമൂഹിക അധികാരം എക്കാലത്തും ഉറപ്പിച്ചുനിര്‍ത്തുക എന്നതായിരിക്കും. വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍ എന്നീ മേഖലയില്‍ കാര്യമായ അഭാവമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് കൂടുതല്‍ ഗുരുതരമായ സാമൂഹിക വിഭജനത്തിന് കാരണമാകും.
സമതല പ്രദേശങ്ങളിലെ ഉയര്‍ന്ന ജനസംഖ്യയ്ക്ക് പ്രധാന കാരണം, ഭൂമിയുടെ ഉത്പാദനക്ഷമതയിലെ വര്‍ദ്ധനവും റിയല്‍ എസ്റ്റേറ്റ് സാധ്യതകളുമാണ്. മലയോര മേഖലയില്‍ ഭൂമി വാങ്ങിക്കാനുള്ള അവകാശം ലഭ്യമാക്കുക എന്നത് സാധാണക്കാരായ മെയ്‌തേയ്കളുടെ ആവശ്യമായിട്ടല്ല ഉയരുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രധാനമായും കൃഷിയെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും ആശ്രയിക്കുന്ന മെയ്‌തേയ് സമുദായത്തിലെ ഭൂരിഭാഗത്തിനും മലമ്പ്രദേശങ്ങളിലെ ഭൂമി വളരെയധികം ഉപയോഗപ്രദമാകാന്‍ സാധ്യതയില്ല. ഇതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകുന്നത് വന്‍കിട എസ്റ്റേറ്റ് മുതലാളികള്‍ക്ക് മാത്രമായിരിക്കും.
കോര്‍പ്പറേറ്റുകള്‍ക്കും മുതലാളിമാര്‍ക്കും മാത്രമേ ഭൂമി മൊത്തമായി ഏറ്റെടുക്കാന്‍ കഴിയൂ. പക്ഷേ, താഴ്വരയിലെ ഭൂമിയിലല്ല, മലനിരകളിലെ ഇതുവരെ ലഭ്യമല്ലാത്ത വിഭവസമൃദ്ധമായ വനഭൂമിയിലാണ് അവരുടെ കണ്ണുകള്‍ ഉടക്കിനില്‍ക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് താല്‍പ്പര്യമുള്ള പരമ്പരാഗത ആദിവാസി ഭൂമികള്‍ക്ക് മേല്‍ രൂക്ഷമായ ഭീഷണി ഉയര്‍ന്നുവരുന്നതിന്റെ പശ്ചാത്തലമിതാണ്. ഈയൊരു കോര്‍പ്പറേറ്റ് താല്‍പ്പര്യത്തെ മറച്ചുവെച്ചുകൊണ്ട്, സാമ്പത്തികവും രാഷ്ട്രീയവുമായി സ്വാധീനമുള്ള ചെറിയൊരു വിഭാഗം മെയ്തി വിഭാഗങ്ങളെ മുന്‍നിര്‍ത്തി നടത്തുന്ന രാഷ്ട്രീയക്കളികളാണ് മണിപ്പൂരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആദിവാസി ഭൂമിയിലേക്ക് കോര്‍പ്പറേറ്റ് പ്രവേശനം സാധ്യമാക്കുന്നതിനുള്ള നിയമനിര്‍മ്മാണ ശ്രമങ്ങള്‍ പോലും മണിപ്പൂര്‍ നിയമസഭയില്‍ മുമ്പ് നടന്നിട്ടുണ്ടെന്ന് ഓര്‍ക്കുക.
വിഭജന രാഷ്ട്രീയത്തിലൂടെ സമുദായങ്ങള്‍ക്കിടയിലെ ഭിന്നത മുതലെടുത്ത് സാധാരണക്കാരുടെ ഭൂമിയും ഉപജീവനവും കൊള്ളയടിക്കാനും, ഏതാനും ഉന്നതരുടെ വളര്‍ച്ച വേഗത്തിലാക്കാനുള്ള രാഷ്ട്രീയ പ്രക്രിയകള്‍ രൂപകല്‍പ്പന ചെയ്യുന്നതിലാണ് ഭരണത്തിലെ ഉന്നതരുടെ മുഴുവന്‍ ശ്രമവും. മണിപ്പൂരില്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന അസ്വസ്ഥതകള്‍ പിന്നിലെ യഥാര്‍ത്ഥ കാരണമിതാണ്.
മെയ്‌തേയ് വിഭാഗത്തിലെ പ്രബലരായ ചെറുന്യൂനപക്ഷത്തിന്റെ ആവശ്യത്തെ പൊതുവില്‍ മെയ്‌തേയ് സമൂഹത്തിന്റെ വിഷയമായി അവതരിപ്പിക്കുകയും ഗോത്ര വിഭാഗങ്ങളോടുള്ള വിദ്വേഷമായി അത് മാറ്റുകയും ചെയ്യുന്ന സോഷ്യല്‍ എഞ്ചിനീയറിംഗിലൂടെ കലാപത്തെ ജ്വലിപ്പിച്ചുനിര്‍ത്താന്‍ ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന സംഘ്പരിവാര്‍ സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
#മണിപ്പൂർ; കൂടുതൽ അറിയാൻ | ലേഖനങ്ങൾ
Follow us on | Facebook | Instagram | Telegram | Twitter | Threads