അദാനിയും ആര്‍.എസ്.എസും വനവാസി കല്യാണും
“അദാനി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ആര്‍എസ്എസിന് കീഴിലുള്ള ‘ഏകല്‍ വിദ്യാലയ’യുമായി ചേര്‍ന്നിട്ടാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദിവാസികള്‍ക്കിടയില്‍ ഹിന്ദുത്വ പ്രചരണത്തിനുള്ള ഏറ്റവും വലിയ നെറ്റ്‌വർക്കാണിത്…”
കെ സഹദേവന്‍
അഴിമതി, വംശീയത, ചാരിറ്റി. ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നതില്‍ ഈ മൂന്ന് ഘടകങ്ങളും ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്നതായി കാണാം. തന്റെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ജനകീയ പ്രതിഷേധങ്ങളെ ഒതുക്കാന്‍ കാരുണ്യ പ്രവര്‍ത്തനത്തെ ഉപയോഗപ്പെടുത്തുന്നതില്‍ അദാനിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഇത്തരം കാരുണ്യപ്രവര്‍ത്തന പരിപാടികളെല്ലാം തന്നെ ആത്യന്തികമായി സംഘ്പരിവാര്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതായി മാറ്റുന്നതിലും ബദ്ധശ്രദ്ധനാണ് ഗൗതം അദാനി.
ജാര്‍ഖണ്ഡിലെ ഗൊഡ്ഡ ജില്ല, ബംഗ്ലാദേശിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ്. ഗൊഡ്ഡയിലെ അദാനിയുടെ നിര്‍ദിഷ്ട 1.6GW പവര്‍ സ്റ്റേഷന്‍ പ്രതിവര്‍ഷം 5 മുതല്‍ 6 ദശലക്ഷം ടണ്‍ വരെ കല്‍ക്കരി വേണ്ടിവരും. ആസ്ട്രേലിയയിലെ കാര്‍മൈക്കല്‍ ഖനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയായിരിക്കും ഇവിടെ ഉപയോഗപ്പെടുത്തുക. തുറമുഖത്ത് നിന്ന് 700 കി.മീ അകലെയുള്ള, കല്‍ക്കരി ഖനനമേഖലയോട് അധികം ദൂരെയല്ലാത്ത, ഇറക്കുമതി കല്‍ക്കരി ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കുക എന്നത് നയമായി സ്വീകരിപ്പെട്ട പശ്ചാത്തലത്തിലാണ് അദാനിക്ക് വേണ്ടി ഇത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കിയെന്നത് മനസ്സിലാക്കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞ കാരണങ്ങളൊക്കെത്തന്നെ വൈദ്യുതിയുടെ വില വര്‍ദ്ധിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.
2015 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശന വേളയില്‍ ബംഗ്ലാദേശും ഇന്ത്യയും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുകയുണ്ടായി. ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന്, അദാനി പവര്‍ ലിമിറ്റഡ് ബംഗ്ലാദേശ് ഗവണ്‍മെന്റുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചു. അദാനിയുടെ ഗൊഡ്ഡ പവര്‍ സ്റ്റേഷന്‍ വികസിപ്പിക്കാനും ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ വൈദ്യുതിയും അദാനിക്ക് അനുകൂലമായ വ്യവസ്ഥകളില്‍ ബംഗ്ലാദേശിലേക്ക് വിതരണം ചെയ്യാനും ആയിരുന്നു കരാര്‍.
2017-ല്‍ പദ്ധതിക്കുള്ള പാരിസ്ഥിതിക അംഗീകാരം നല്‍കപ്പെട്ടു. എന്നാല്‍ ചൈനീസ് എഞ്ചിനീയറിംഗ് സ്ഥാപനമായ സെപ്കോ-ത്രീ (SEPCO-3) 2019 സെപ്റ്റംബറില്‍ ഗൊഡ്ഡ പവര്‍ സ്റ്റേഷന്റെ നിര്‍മ്മാണം ഏറ്റെടുക്കുന്നതുവരെ നിര്‍മ്മാണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഗൊഡ്ഡ പവര്‍ സ്റ്റേഷനിലെ ജലാവശ്യം നിറവേറ്റാന്‍ ഗംഗാ നദിയില്‍ നിന്ന് 100 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നതിന് പാരിസ്ഥിതിക അനുമതി (Environmental Clearance) നല്‍കി. ഈ അംഗീകാരം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഗൊഡ്ഡ പവര്‍ സ്റ്റേഷന് വേണ്ടി 10 വില്ലേജുകളിലായി 1,214 ഏക്കര്‍ ഭൂമിയാണ് അദാനിക്ക് ആവശ്യമുള്ളത്. ഭൂമിയുടെ ഭൂരിഭാഗവും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ആയിരക്കണക്കിന് ആളുകള്‍ വസിക്കുന്നതുമാണ്. തദ്ദേശീയ സാന്താള്‍ ഗോത്രജനത വസിക്കുന്ന പ്രദേശമാണ് കുടിയൊഴിപ്പിക്കപ്പെടുന്നതില്‍ ഭൂരിഭാഗവും.
ജാര്‍ഖണ്ഡ് ജന്‍ അധികാര്‍ മഹാസഭയുടെ (ജെജെഎഎം) റിപ്പോര്‍ട്ട് പ്രകാരം 2018 ഒക്ടോബറോടെ മാലി, ഗംഗ്ത, മോട്ടിയ, പട്വ എന്നീ നാല് ഗ്രാമങ്ങളില്‍ നിന്നായി അദാനി 500 ഏക്കര്‍ ഭൂമി സ്വന്തമാക്കി. 40 ഓളം കുടുംബങ്ങളെയാണ് ഈ ഭൂമി ഏറ്റെടുക്കല്‍ ബാധിച്ചത്. മുഴുവന്‍ ഏറ്റെടുക്കല്‍ പ്രക്രിയയും ‘നിയമവിരുദ്ധവും ക്രമക്കേടുകളും’ നിറഞ്ഞതാണെന്ന് ആരോപിച്ചുകൊണ്ട് ഗ്രാമീണര്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ ഭൂമി കൈമാറ്റം ചെയ്യുന്നതിനെ എതിര്‍ക്കുന്ന ഗ്രാമീണരെ പദ്ധതിയുടെ പൊതു ഹിയറിംഗില്‍ നിന്ന് നിര്‍ബന്ധിതമായി മാറ്റിനിര്‍ത്തുകയും ഭൂമി ജനങ്ങളുടെ സമ്മതമില്ലാതെ കമ്പനി അധികൃതര്‍ വേലികെട്ടുകയും ചെയ്തു. അദാനിയുടെ മണ്ണുമാന്തി യന്ത്രങ്ങള്‍ തെങ്ങുകള്‍ പിഴുതെറിയുകയും നെല്‍പ്പാടങ്ങള്‍ നികത്തുകയും ചെയ്തപ്പോള്‍ അവര്‍ക്കൊപ്പം പോലീസും ചേര്‍ന്നു. തങ്ങളുടെ ഭൂമി കയ്യേറരുതെന്ന് അദാനി ഉദ്യോഗസ്ഥനോട് കേണപേക്ഷിക്കുന്ന സീതാ മുര്‍മുവിന്റെയും മറ്റ് ഗ്രാമീണ സ്ത്രീകളുടെയും അസ്വസ്ഥജനകമായ വീഡിയോ അക്കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത് ഓര്‍ക്കുക. ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധിച്ച പ്രദേശവാസികള്‍ ക്രൂരമായ അടിച്ചമര്‍ത്തലുകളും അക്രമങ്ങളും നേരിട്ടു. ഗൊഡ്ഡയില്‍ ഭൂമി ഏറ്റെടുക്കാന്‍ അദാനിയും ഭരണകൂടവും ഒത്തുചേര്‍ന്ന രീതി, ഇന്ത്യയിലെ ഗോത്രജനതയുടെ ഭൂവധികാരങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഈ സന്ദര്‍ഭത്തിലാണ് ഗൗതം അദാനിയുടെ പത്‌നി പ്രീതി അദാനി നേതൃത്വം കൊടുക്കുന്ന അദാനി ഫൗണ്ടേഷന്‍ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഗൊഡ്ഡയിലേക്ക് കടന്നുവരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സ്ത്രീകള്‍ക്ക് വ്യാവസായിക പരിശീലനം നല്‍കുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാനുള്ള പദ്ധതിക്ക് ഝാര്‍ഘണ്ട് സര്‍ക്കാരുമായി MoU ഒപ്പുവെച്ചിരിക്കുകയാണ് അദാനി ഫൗണ്ടേഷന്‍. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും അദാനി ഫൗണ്ടേഷന്‍ ഇടപെട്ടിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അദാനി ഫൗണ്ടേഷന് ഝാര്‍ഘണ്ഡ് ഭരിക്കുന്ന ഹേമന്ദ് സൊറേന്‍ സര്‍ക്കാര്‍ 2022 ജനുവരി മാസം അവാര്‍ഡ് നല്‍കിയ കാര്യവും ഓര്‍മ്മിക്കുക.
അദാനി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ആര്‍എസ്എസിന് കീഴിലുള്ള ‘ഏകല്‍ വിദ്യാലയ’യുമായി ചേര്‍ന്നിട്ടാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദിവാസികള്‍ക്കിടയില്‍ ഹിന്ദുത്വ പ്രചരണത്തിനുള്ള ഏറ്റവും വലിയ നെറ്റ്‌വർക്കാണിത്. ഏകല്‍ വിദ്യാലയങ്ങളില്‍ ഹൈന്ദവ പാരമ്പര്യം, ആചാരം, ഹിന്ദു രാജാക്കന്മാരുടെ വീരകഥകള്‍, യോഗ എന്നിവയാണ് പ്രധാനമായും പഠിപ്പിക്കുന്നത്. ഗൊഡ്ഡ ജില്ലയിലെ വിദൂര ആദിവാസി ഗ്രാമങ്ങളിലെ 120ഓളം ഏകല്‍ വിദ്യാലയങ്ങള്‍ക്ക് അദാനി ഫൗണ്ടേഷന്‍ സഹായം നല്‍കുന്നുണ്ട്. ആര്‍എസ്എസിന്റെ കീഴില്‍ അര ഡസനോളം സംഘടനകള്‍ ആദിവാസി മേഖലകളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. 1. വനവാസി കല്യാണ്‍ ആശ്രം, 2. ഏകല്‍ വിദ്യാലയ, 3. സേവാ ഭാരതി, 4. വിവേകാനന്ദ കേന്ദ്ര, 5. ഭാരത് കല്യാണ്‍ പ്രതിഷ്ഠാന്‍, 6. ഫ്രണ്ട്‌സ് ഓഫ് ട്രൈബല്‍ സൊസൈറ്റി തുടങ്ങിയവയാണവ. ഈ സംഘടനകളെല്ലാം തന്നെ അദാനി അടക്കമുള്ളവരുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (CSR) ഫണ്ടില്‍ നിന്നുള്ള സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ്. ഹിന്ദു ദേശീയവാദത്തിന് അടിത്തറപാകും വിധം ആദിവാസി സമൂഹത്തെ സജ്ജരാക്കി നിര്‍ത്തുക, ആദിവാസി മേഖലകളിലെ സ്വാധീനം തെരഞ്ഞെടുപ്പുകളില്‍ വോട്ടാക്കി മാറ്റുക, വംശീയ വിദ്വേഷങ്ങളും സംഘര്‍ഷങ്ങളും മൂര്‍ച്ഛിപ്പിച്ച് നിര്‍ത്തുക എന്നിവയാണ് മേല്‍പ്പറഞ്ഞ സംഘടനകളുടെ ജോലി.
അദാനി അടക്കമുള്ള വന്‍കിട ബിസിനസ് ഗ്രൂപ്പുകളുടെ നിക്ഷേപ താല്‍പ്പര്യങ്ങള്‍ ഇന്ത്യന്‍ കാടകങ്ങളില്‍ ഉടക്കിക്കിടക്കുന്നുണ്ടെന്നതും അവയ്‌ക്കെതിരായ പ്രതിഷേധങ്ങളെ തണുപ്പിച്ച് നിര്‍ത്തുക എന്നതാണ് ഈ സംഘടനകളുടെ മറ്റൊരു സുപ്രധാന ഉത്തരവാദിത്തം എന്നതും കാണാവുന്നതാണ്. എന്നാല്‍, ഗോണ്ടല്‍പൂരിലും, ഛത്തീസ്ഗഢിലെ ഹാസ്‌ദേവ് അരിന്ദയിലും, മധ്യപ്രദേശിലെ ചിന്ത്‌വാരയിലും അടക്കം ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ അദാനി, വേദാന്ത, ജിന്‍ഡാല്‍, ടാറ്റ എന്നീ കോര്‍പ്പറേറ്റുകള്‍ക്കെതിരായി അതിശക്തമായ ചെറുത്തുനില്‍പ്പുകളാണ് ഗോത്ര ജനത നടത്തിക്കൊണ്ടിരിക്കുന്നത്. (ഇന്ത്യയിലെ ആദിവാസി മേഖലകളിലെ കോര്‍പ്പറേറ്റ് ഇടപെടലുകളെക്കുറിച്ചും അവയ്‌ക്കെതിരായ ഗോത്ര ജനതയുടെ ചെറുത്തുനില്‍പ്പുകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ‘ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത്’, കെ.സഹദേവന്‍, വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ് എന്ന പുസ്തകം വായിക്കാം.)
ഭരണഘടനയുടെ കീഴില്‍ പ്രത്യേക മേഖലകളായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളുടെയും തദ്ദേശീയ ആദിവാസി അവകാശ ലംഘനങ്ങളുടെയും വ്യാപ്തി ഇതര ആദിവാസി മേഖലഖലിലും നമുക്ക് കണ്ടെത്താന്‍ കഴിയും. ഛത്തീസ്ഗഢിലെ ഹാസ്‌ദേവ് അരിന്ദയിലേക്ക് നമുക്കൊന്ന് പോകാം. അദാനിക്കെതിരെ ഗോണ്ട് ആദിവാസികള്‍ നടത്തുന്ന ശക്തമായ ചെറുത്തുനില്‍പ്പുകള്‍ അവിടെ നമുക്ക് കാണാം.
(തുടരും)