ഈ പുനരാലോചന ഹിന്ദുത്വശക്തികൾക്കെതിരായ സമരങ്ങളുടെ പരിണതി
രാജ്യദ്രോഹം എന്ന 124A Indian Penal Code വകുപ്പിന്റെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലംതൊട്ടു തുടങ്ങിയ അതിന്റെ ജനാധിപത്യവിരുദ്ധമായ പ്രയോഗയാത്ര ഇന്ന് 2022 മെയ് 11-ന് താത്ക്കാലികമായി തടയപ്പെട്ടിരിക്കുന്നു. ഒന്നര നൂറ്റാണ്ടിനപ്പുറം ഇന്ത്യയെന്ന മതേതര ഭരണഘടനാ റിപ്പബ്ലിക്കിലെ സുപ്രീം കോടതി ഈ കൊളോണിയൽ നിയമം ഉപയോഗിച്ചുകൊണ്ട് ഈ രാജ്യത്തെ പൗരന്മാരെ തടവിലിടുന്നതിന്റെ ഭരണഘടനാസാധുതയെ കുറിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തിയിരിക്കുന്നു. നീതിരാഹിത്യത്തിന്റെ രഥചക്രങ്ങൾക്കിടയിൽ നിന്നും ആധുനിക പൗരന്റെ ജനാധിപത്യ സമരങ്ങൾ മുഷ്ടി ചുരുട്ടി പിടഞ്ഞു വിളിക്കുന്ന മുദ്രാവാക്യങ്ങൾ അകലങ്ങളിൽ നിന്നും മുഴുങ്ങുന്നത് കേൾക്കാതെ വയ്യെന്ന് ചരിത്രം വീണ്ടും ഓർമ്മിപ്പിക്കുന്നു.
തിലകനും ഗാന്ധിയും തൊട്ട് ബിനായക് സെന്നും വിനോദ് ദുവായും ദിശാ രവിയും സമരം ചെയ്‌ത കർഷകരും കൂടംകുളത്തെ മത്സ്യത്തൊഴിലാളികളും ജാർഖണ്ഡിലെയും ഛത്തീസ്‌ഗഢിലെയും ആദിവാസികളും മാധ്യമപ്രവർത്തകരും കാർട്ടൂണിസ്റ്റുകളും മനുഷ്യാവകാശ, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകരുമായി പതിനായിരക്കണക്കിന് മനുഷ്യർക്ക് മേൽ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റമെന്ന സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തൽ നിയമത്തിനു മേൽ ഇന്ത്യൻ ജനാധിപത്യവും സുപ്രീം കോടതിയും നടത്തുന്ന ഈ പുനരാലോചന സമഗ്രാധിപത്യത്തിനെതിരായ, ഫാഷിസ്റ്റ് ഹിന്ദുത്വ ശക്തികൾക്കെതിരായ, ജനാധിപത്യവിരുദ്ധ ഭരണാധികാരികൾക്കെതിരായ സമരങ്ങളുടെ നീണ്ട നാളുകളുടെ പരിണതി കൂടിയാണ്.
2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വന്നതോടെ രാജ്യദ്രോഹത്തിന് ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയം എന്നും സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം എന്നുമുള്ള സമീകരണങ്ങള്‍ കൂടി ലഭിച്ചു. NCRB (National Crime Records Bureau) യുടെ 2019-ലെ കണക്കനുസരിച്ച് മോദി സര്‍ക്കാരിനു കീഴില്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതില്‍ 165 % വര്‍ദ്ധനവാണുണ്ടായത്. UAPA എന്ന മറ്റൊരു ജനാധിപത്യവിരുദ്ധ നിയമം സമാനമായ രീതിയിൽ ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തെ അടിച്ചമർത്താൻ ഉപയോഗിക്കുകയാണ്.
ഒന്നും എക്കാലത്തേക്കുമായി അവസാനിക്കുന്നില്ല എന്നാണ് നാഗരികതകളുടെ മഹാചരിത്രം മനുഷ്യരോട് പറയുന്നത്. കേന്ദ്ര സർക്കാർ 124A സംബന്ധിച്ച പരിഷ്‌ക്കാരങ്ങൾ എന്തൊക്കെയാണ് കൊണ്ടുവരുന്നത് എന്നതനുസരിച്ചായിരിക്കും സുപ്രീം കോടതി ഇനി ഈ വിഷയത്തിൽ നിലപാടെടുക്കുക. അതിലുള്ള ഒരപകടം കൂടുതൽ കർശനമായ മേൽനോട്ടവും പരിശോധനയും വകുപ്പിന്റെ ദുരുപയോഗം തടയാനുള്ള നടപടികൾ കൊണ്ടുവരുന്നു എന്ന പേരിൽ രാജ്യദ്രോഹം എന്ന കുറ്റം നിലനിൽക്കാനുള്ള സാധ്യതയാണ്. ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തി രാജ്യദ്രോഹക്കുറ്റം IPC യിൽ നിന്നും റദ്ദാക്കാൻ സുപ്രീം കോടതി തയ്യാറാകുമോ എന്നത് ഇനിയും കണ്ടറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുമോ എന്നത് മറ്റൊരു വിഷയമാണ്. എന്നാൽ ഒന്നും ഒരിക്കലും പഴയപോലെയായിരിക്കില്ല എന്നത് വീണ്ടും ഓർമ്മിപ്പിക്കുന്നു ഇന്നത്തെ ഉത്തരവ്.
_ പ്രമോദ് പുഴങ്കര