ആ ലക്ഷം വീട് കോളനിയിൽ വിറങ്ങലിച്ചിരിക്കുന്ന മനുഷ്യരെ ഞങ്ങൾ കണ്ടു
ശ്രീജ നെയ്യാറ്റിൻകര
ഇന്നുച്ച വരെ ആ വീട്ടിലായിരുന്നു ഞാനും അംബേദ്കറൈറ്റ് തൊമ്മിക്കുഞ്ഞ് രമ്യയും. നിമിഷവേഗത്തിൽ അനാഥരാക്കപ്പെട്ട ആ രണ്ട് കുട്ടികൾക്കരികിൽ. മൂത്ത കുട്ടി തളർന്നു കിടക്കുന്നു. ഇളയ കുട്ടി പൊള്ളിയടർന്ന കയ്യും അതിനേക്കാൾ പൊള്ളിയടർന്ന മനസുമായി കരയാൻ പോലും കഴിയാതെ തങ്ങൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അനീതിയെ കുറിച്ച് വരുന്നവരോടൊക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നു.
ഒരു സ്ത്രീ തന്റെ സ്വാധീനം ഉപയോഗിച്ച് ലക്ഷം വീട് കോളനിയിലെ ഭൂമി കൈക്കലാക്കുന്നു. ആ ഭൂമിയിൽ വീടില്ലാത്ത രാജന്റെ കുടുംബം കുടിൽ കെട്ടി താമസമാരംഭിക്കുന്നു. നിരന്തരമായുള്ള കേസുകൾക്കൊടുവിൽ സ്ത്രീ കോടതിയിൽ നിന്ന് കുടിയൊഴിപ്പിക്കാനുള്ള ഓർഡർ വാങ്ങിയെടുക്കുന്നു. കുടിയൊഴിപ്പിക്കാനായെത്തിയ നെയ്യാറ്റിൻകര പോലീസിനോട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന രാജൻ അര മണിക്കൂർ സമയം ചോദിക്കുന്നു. ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കാതെ നടപടികളിലേക്ക് കടന്ന പോലീസിന്റെ മുന്നിൽ പോലീസിനെ പിന്തിരിപ്പിക്കാനായി മാത്രം രാജൻ തന്റേയും ഭാര്യയുടേയും മേൽ പെട്രോൾ ഒഴിക്കുന്നു. ലൈറ്റർ കത്തിക്കാൻ ശ്രമിച്ച രാജനെ തടയുന്ന പോലീസിനോട് അടുത്തേക്ക് വരരുത് എന്നും, വന്നാൽ തീ കൊളുത്തുമെന്നും രാജൻ പറയുന്നു. പിന്തിരിയേണ്ടതിന് പകരം പോലീസ് രംഗം വഷളാക്കുന്നു. പെട്രോളിൽ മുങ്ങിയ രണ്ടു ശരീരങ്ങൾ പച്ചയ്ക്കു കത്തുന്നു. രണ്ട് മക്കളെ അനാഥരാക്കി മാതാപിതാക്കൾ മരിക്കുന്നു.
കേരള പോലീസിന്റെ ധാർഷ്ട്യത്തിന്റെ ഇരകളാണ് വെന്തു മരിച്ച ആ രണ്ടു മനുഷ്യരും അനാഥരാക്കപ്പെട്ട രണ്ടു മക്കളും. പക്ഷേ, ഇപ്പോഴും ആ പോലീസുകാർ സർവ്വീസിലുണ്ട്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ലക്ഷം വീട് കോളനികളിലെ ഓരോ മനുഷ്യരും അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളിൽ ഒന്ന് മാത്രമാണിത്. പുറമ്പോക്ക് ഭൂമിയിലേക്ക് മനുഷ്യരെ വലിച്ചറിയുന്നതിന്റെ ഉത്തരവാദികൾ ഭരണവർഗ പാർട്ടികളാണ്. അഥവാ ഉത്തരവാദിത്തം മാറി മാറി ഭരിക്കുന്ന ഭരണകൂടങ്ങൾക്കെന്ന് സാരം. ഓരോ സംഭവങ്ങളിലും ഇരയാക്കപ്പെടുന്ന മനുഷ്യർക്ക് വേണ്ടി പ്രഖ്യാപനങ്ങൾ നടത്തുന്ന ഭരണകൂടം അടിസ്ഥാന പ്രശ്നങ്ങളെ രാഷ്ട്രീയമായി പരിഹരിക്കുന്നതേയില്ല. ഇനിയൊരു കുടുംബത്തിനും ഈ ഗതി വരാതിരിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കുകയാണ് ഭരണകൂടം ആദ്യം ചെയ്യേണ്ടത്. അഥവാ പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം ഉണ്ടാകണം.
നെയ്യാറ്റിൻകരയിലെ പോങ്ങിൽ നേട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ ആ കുടിലിന് മുന്നിൽ വിറങ്ങലിച്ചിരിക്കുന്ന കുറേ മനുഷ്യരെ ഞങ്ങൾ കണ്ടു. മുറ്റത്ത് മകനെ അടക്കിയിരിക്കുന്ന പച്ചമണ്ണിലേക്ക് നോക്കി മരവിച്ചിരിക്കുന്ന പെറ്റ വയറിനെ. അമ്മയുടെ തൊട്ടരികിൽ നെടുവീർപ്പുകളുമായിരിക്കുന്ന സഹോദരിയെ. മകളുടെ ജീവനറ്റ ശരീരം കൊണ്ട് വരുന്നതും കാത്ത് നിലതെറ്റിയത് പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരച്ഛനെ.
അവരാരും കരയുന്നില്ല. ലക്ഷം വീട് കോളനികളിലെ മനുഷ്യരുടെ കണ്ണീരൊക്കെ എന്നേ വറ്റിപ്പോയിരിക്കുന്നു.
ആ മക്കൾക്ക് നീതി കിട്ടും വരെ കൂടെയുണ്ടാകും… അവർക്കേറ്റ മാനസികാഘാതങ്ങളിൽ നിന്ന് അവരെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടത്താനുള്ള ബാധ്യത നമുക്കെല്ലാവർക്കും ഉണ്ട് മറക്കരുത്…