കുറ്റപത്രമില്ലാതെ ഏറ്റവും കൂടുതൽ കാലം തടവിൽ വെക്കുന്ന നിയമം
ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരെ കുറ്റപത്രം ഫയൽ ചെയ്യാതെ തടവിൽ വെക്കാവുന്ന പരമാവധി കാലം ഏറ്റവും ദീർഘം ഒരു പക്ഷെ ഇന്ത്യയായിരിക്കും. അമേരിക്കയിൽ ഭീകര പ്രവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുന്നവരെ 2 ദിവസത്തിലധികം കുറ്റപത്രമില്ലാതെ തടവിലിടാനാവില്ല. കാനഡയിൽ അത് ഒരു ദിവസമാണ്. റഷ്യയിൽ പരമാവധി അനുവദനീയമായ കാലാവധി 5 ദിവസമാണ്. ഫ്രാൻസിൽ 6ഉം അയർലണ്ടിൽ 7ഉം ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. തുർക്കിയിലാക്കട്ടെ അത് ഏഴര ദിവസമാണ്.
2004ലെ യു.എ.പി.എ ഭേദഗതി ചെയ്തപ്പോൾ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള പരമാവധി കാലാവധി 90 ദിവസമായിരുന്നു. 2008 ൽ വീണ്ടും യു.എ.പി.എ നിയമം വീണ്ടും ഭേദഗതി ചെയ്തപ്പോൾ 90 എന്നത് ഇരട്ടിപ്പിച്ചു 180 ദിവസംആക്കി. നിലവിൽ 180 ദിവസമാണ് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരെ കുറ്റപത്രമില്ലാതെ തടവിൽ വെക്കാവുന്നത്. 2008 ൽ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ സി.പി.എമ്മിനു വേണ്ടി സംസാരിച്ച സീതാറാം യെച്ചൂരി കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടുന്നതിനെ എതിർത്തു കൊണ്ട് മേൽപ്പറഞ്ഞ രാജ്യങ്ങളിലെ കുറ്റപത്ര സമർപ്പണ കാലാവധി ചൂണ്ടി കാണിച്ചു കൊണ്ട് ഭേദഗതി അന്യായമാണെന്ന് വാദിച്ചിരുന്നു.
ഇതേ സി.പി.എമ്മാണ് ഇപ്പോൾ യു.എ.പി.എ നിയമം ഉപയോഗയോഗ്യമാണെന്നും ചില സന്ദർഭങ്ങിലെ ദുരുപയോഗമാണ് പ്രശ്നമെന്നും പറയുന്നത്. ഈ രാഷ്ട്രീയ അവസരവാദത്തെ മറികടക്കാതെ ജനവിരുദ്ധ ഭീകര നിയമങ്ങൾക്കെതിരെ പ്രതിരോധം സാധ്യമല്ല.
ഇനി നേരത്തെ പറഞ്ഞ കുറ്റപത്രം സമർപ്പിക്കാനുള്ള പരമാവധി കാലാവധിയായ 180 ദിവസത്തിന് ശേഷവും ആളുകളെ തടവിലിടാനുള്ള പഴുത് ഭരണകൂടം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ‘ഭാഗിക കുറ്റപത്രം’ ആണ് അത്. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടൊ എന്ന് ചോദിച്ചാൽ ഉണ്ട്. എന്നാൽ അന്വേഷണം തുടരുകയും ചെയ്യാം. അങ്ങനെ കുറ്റപത്രമില്ലാതെ പരമാവധി 180 ദിവസത്തെ തടവ് എന്നത് വിചാരണ തീർന്ന് കുറ്റവിമുക്തനാക്കപ്പെടുന്നതു വരേയോ അല്ലെങ്കിൽ ശിക്ഷ കഴിയുന്നത് വരേയോ നീളും.
_ അഡ്വ തുഷാര്‍ നിര്‍മ്മല്‍ സാരഥി