ഥാക്കൂറുകളെ ഭരണസംവിധാനങ്ങൾ സംരക്ഷിക്കുന്നു; ജേണലിസ്റ്റ്സ് ഫോർ ഫ്രീഡം
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, ക്യാംപസ് ഫ്രണ്ട് നേതാക്കളായ ആതിഖ്ഉര്‍ റഹ്മാന്‍, മസൂദ് ഖാന്‍, ആലം എന്നിവരെ ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎയും രാജ്യദ്രോഹ കുറ്റവും ഐടി ആക്റ്റിലെ വകുപ്പുകളും ചുമത്തി. ഇവരുടെ ഫോണുകള്‍ക്കും ലാപ്‌ടോപിനുമൊപ്പം ‘ജസ്റ്റിസ് ഫോര്‍ ഹത്രസ് വിക്റ്റിം’ എന്ന പേരിലുള്ള ലഘുലേഖയും പിടിച്ചെടുത്തതായി എഫ്‌ഐആര്‍. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ട് എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തെ തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ്.
മനീഷ വാല്‍മീകിയുടെ ബലാത്സംഗ കൊലപാതകത്തെത്തുടര്‍ന്ന് ഇവര്‍ ജാതീയവും വര്‍ഗീയവുമായ കലാപങ്ങള്‍ ആസൂത്രണം ചെയ്തു എന്നതാണ് പ്രധാന ആരോപണം. കലാപം ആസൂത്രണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളത് എന്ന് യുപി പൊലീസ് ആരോപിക്കുന്ന വെബ്‌സൈറ്റിന് പിന്നില്‍ ഇവരാണെന്നും എഫ്‌ഐആര്‍ ആരോപിക്കുന്നു. അതിനായി ഫണ്ട് ശേഖരിക്കാനായി വെബ്‌സൈറ്റ് ഉപയോഗിച്ചു എന്ന കുറ്റവും പൊലീസ് ആരോപിക്കുന്നു.
പൗരര്‍ എന്ന നിലയിലും തൊഴില്‍ ആവശ്യത്തിനായി പോകുകയുമായിരുന്ന മുസ്ലിങ്ങളെ അറസ്റ്റ് ചെയ്യുമ്പോള്‍ പീഡകരായ ഥാക്കൂറുകള്‍ ഭരണസംവിധാനങ്ങളാല്‍ സംരക്ഷിക്കപ്പെടുകയാണ്, ദലിതര്‍ക്കെതിരെ അനീതി തുടരുകയും ചെയ്യുന്നു.
ഹത്രസ് കേസില്‍ നടന്ന സ്വാഭാവിക പ്രക്ഷോഭങ്ങളെ ഗൂഢാലോചനാ സിദ്ധാന്തമുപയോഗിച്ച് ഭരണകൂടം സ്വന്തം കുറ്റകൃത്യങ്ങളെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായി ശബ്ദിക്കുക.
_ ജേണലിസ്റ്റ്സ് ഫോർ ഫ്രീഡം