ഒരു രാഷ്ട്രീയ തടവുകാരിയുടെ ബാല്യകാലം

ഒരു ഭരണകൂടം അതിൻ്റെ എല്ലാ കപടതകളോടും ക്രൂരതകളോടും കൂടി രാജ്യത്തെ വിമത ശബ്ദങ്ങളെ അടിച്ചമർത്താൻ ആസൂത്രണം ചെയ്ത പദ്ധതിയായ ഭീമ കൊറേഗാവ് കേസിനെ ആഴത്തിൽ പരിശോധിക്കുന്ന പുസ്തകമാണ് നരവംശ ശാസ്ത്രജ്ഞയായ അൽപ ഷായുടെ “The Incarcerations: Bhima Koregaon and the Search for Democracy in India.” BK-16 (ഭീമ കൊറേഗാവ് 16) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഭീമ കൊറേ ഗാവ് കേസിലെ ഓരോ വ്യക്തിയെക്കുറിച്ചും വളരെ വിശദമായിത്തന്നെ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. അതിൽ ഒരാളാണ് ട്രേഡ് യൂണിയൻ പ്രവർത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജ്. കേരളീയ സമൂഹത്തിന് പൊതുവിൽ അപരിചിതയായ സുധാ ഭരദ്വാജിനെ അൽപാ ഷായുടെ പുസ്തകത്തിലൂടെ മനസ്സിലാക്കാം.


അൽപാ ഷാ

#SudhaBharadwaj
Part 4

താറാവുകള്‍ക്ക് തീറ്റ കൊടുക്കാന്‍ പഴകിയ റൊട്ടിയുമായി കാം നദിയിലൂടെ ഗ്രാന്റ്ചെസ്റ്റര്‍ മെഡോസിലേക്ക് കുതിക്കുന്ന, സാരിയുടുത്ത, അമ്മയെ സുധ ഓര്‍ക്കുന്നു. അവരുടെ വീട് സംഗീതത്താല്‍ നിറഞ്ഞിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ഇന്ത്യന്‍ ക്ലാസിക്കല്‍ ആലാപന പാരമ്പര്യത്തിലെ പ്രമുഖനായ അബ്ദുള്‍ കരീം ഖാന്റെ കിരാന ഘരാനയില്‍ കൃഷ്ണ പരിശീലനം നേടി, കൂടാതെ രാഗാലാപനത്തില്‍ വൈദഗ്ദ്ധ്യം നേടുകയും ചെയ്തിരുന്നു. സുധ വയലിനും റെക്കോര്‍ഡറും പഠിച്ചു, 1969ല്‍ ഓക്സ്ഫോര്‍ഡിലെ പി.എച്ച്.ഡി കഴിഞ്ഞ് പ്രഭാത് പട്നായിക് കേംബ്രിഡ്ജില്‍ സാമ്പത്തികശാസ്ത്രം പഠിപ്പിക്കാന്‍ വന്നപ്പോള്‍ പ്രഭാതും ഉത്സ പട്നായിക്കും താമസിച്ചിരുന്ന ടെറസ്ഡ് വീടിന്റെ ബേസ്മെന്റിലെ ഫ്‌ളാറ്റില്‍ അവശേഷിപ്പിച്ച പഴയ ഗ്രാന്‍ഡ് പിയാനോ വായിക്കുകയും ചെയ്തു. അവധി ദിവസങ്ങളില്‍ ഇറ്റാലിയന്‍ ഗ്രാമപ്രദേശങ്ങളിലെ സ്രാഫയുടെ സുഹൃത്തുക്കള്‍ നല്‍കിയ വീടുകളില്‍ താമസിച്ചു.

ഒരു റെസ്റ്റോറന്റില്‍ രുചികരമായ പാസ്ത കഴിച്ചതിന് ശേഷം അമ്മ ബില്ല് ചോദിച്ചത് സുധ ഓര്‍ത്തു. അവര്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് വെയിറ്റര്‍ പറഞ്ഞു. ഇറ്റലിക്കാര്‍ക്ക് പാസ്തയായിരുന്നു ആദ്യ വിഭവം, പ്രധാന വിഭവമായ ‘സെക്കണ്ടി’ ഇനിയും വരാനിരിക്കുന്നതേയുണ്ടായിരുന്നൂള്ളൂ.

കേംബ്രിഡ്ജില്‍ സുധ തന്റെ ഇംഗ്ലീഷ് സുഹൃത്തുക്കളോടൊപ്പം ഉറങ്ങി, സെന്റ് ആന്‍ഡ്രൂസ് സ്ട്രീറ്റിലെ റീഗല്‍ സിനിമയില്‍ One Hundred and One Dalmatians കണ്ടു, ബാലെ പഠിച്ചു. മീറ്റിംഗുകള്‍ ഉള്ളപ്പോള്‍ അമ്മ അവളെ ലൈബ്രറിയില്‍ കൊണ്ടുചെന്നു വിട്ടു. അവള്‍ കേംബ്രിഡ്ജ് സിറ്റി ലൈബ്രറിയിലെ പുസ്തകങ്ങള്‍ നിറഞ്ഞ ഷെല്‍ഫുകള്‍ക്കിടയിലൂടെ സഞ്ചരിച്ചു.

”അമ്മയുടെ പുസ്തകത്തിന്റെ പ്രൂഫുകള്‍ തിരുത്തിയത് ഞാന്‍ ഓര്‍ക്കുന്നു,” സുധ പറഞ്ഞു. ”ആ പ്രൂഫുകള്‍ എല്ലാം തറയില്‍ ചിതറിക്കിടക്കുകയായിരുന്നു. കുറച്ചു കാലത്തേക്ക് ഞങ്ങള്‍ നദിക്കരയിലുള്ള ഒരു വലിയ വീട്ടിലേക്ക് മാറി. എന്റെ അമ്മ പറയും, ”ശരി, ഈ പേജില്‍ നീ ഇത് അടയാളപ്പെടുത്തണം.” ചിലപ്പോഴൊക്കെ എന്റെ അറിവ് പ്രദര്‍ശിപ്പിക്കാറുള്ളത് ഞാന്‍ ഓര്‍ക്കുന്നു. ഒരു ദിവസം ഞങ്ങള്‍ മാര്‍ക്കറ്റില്‍ പോയി, എന്തോ ചൂണ്ടിക്കാണിച്ച് ഞാന്‍ അമ്മയോട് ചോദിച്ചു, ”അതിന്റെ ഷാഡോ പ്രൈസ് എന്താണ്?” സുധ ചിരിച്ചു. ”ഷാഡോ പ്രൈസ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു! ഞാന്‍ അകാലത്തില്‍ പ്രായമായ കുട്ടിയായിരുന്നു, പക്ഷേ ഇത്തരം കാര്യങ്ങളിൽ പങ്കെടുക്കുന്നതില്‍ വളരെ സന്തോഷമുണ്ടായിരുന്നു.

ന്യൂഹാം റോഡിലെ വീടിന്റെ തടി വാതിലിലൂടെ ഒരു ഇടുങ്ങിയ ഇടവഴിയും നന്നായി സൂക്ഷിച്ചിരിക്കുന്ന പച്ചപ്പ് നിറഞ്ഞ പാര്‍ക്കും കടന്ന് ന്യൂഹാം ക്രോഫ്റ്റ് പ്രൈമറി സ്‌കൂളിലേക്കുള്ള പടികള്‍ ഇറങ്ങി ഓടുകയായിരുന്നു സുധയുടെ ദിനചര്യ. ടീച്ചര്‍മാര്‍ ദയയുള്ളവരായിരുന്നു, അവര്‍ അവളുടെ പേര് ‘സുദാ ബഡ് വ’ എന്ന് തെറ്റായി ഉച്ചരിച്ചിരുന്നുവെങ്കിലും, കുട്ടികള്‍ ചിലപ്പോള്‍ അവളെ തൊട്ടുനോക്കുകയും വിരലുകളില്‍ നക്കി, ”അയ്യോ, നിന്നെ ചോക്കലേറ്റ് കൊണ്ട് നിര്‍മ്മിച്ചതാണല്ലോ?!” എന്ന് പറയുമായിരുന്നുവെങ്കിലും പഠനം രസകരമായിരുന്നു.


BUY NOW

‘അത് താച്ചറിന് മുമ്പുള്ള കാലമായിരുന്നു, ഞങ്ങള്‍ക്ക് സ്‌കൂളില്‍ പാലും ഉച്ചഭക്ഷണവും സൗജന്യമായി ലഭിച്ചിരുന്നു. ആരെങ്കിലും പാല്‍ കുടിച്ചില്ലെങ്കില്‍ ടീച്ചര്‍മാര്‍ എന്റെ നേരെ തിരിഞ്ഞ് പറയും, ”ഇന്ത്യയില്‍ എത്രയോ പാവപ്പെട്ട കുട്ടികളുണ്ട്, അത് സത്യമല്ലേ സുദാ?” ഇതില്‍ സന്തോഷിക്കണോ അതോ ദേഷ്യപ്പെടണോ എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ എനിക്ക് പ്രത്യേകിച്ച് വിവേചനമൊന്നും തോന്നിയില്ല. മൊത്തത്തില്‍ എനിക്ക് സന്തോഷകരമായ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു, സുധ പറഞ്ഞു.

എന്നാല്‍ അക്കാലത്ത് കേംബ്രിഡ്ജ് അക്കാദമിക് ജീവിതം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ദുഷ്‌കരവും അസമത്വം നിറഞ്ഞതുമായിരുന്നു. കൃഷ്ണ രോഗിയും വിവാഹമോചിതയുമായിരുന്നു. കൂട്ടത്തില്‍ വംശീയ വിദ്വേഷത്തിന്റെ അന്തരീക്ഷം കൂടി കലര്‍ന്നപ്പോള്‍ അമ്മയ്ക്കും മകള്‍ക്കും വീട്ടിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദമേറി.

”ഒരു ദിവസം മുന്‍വാതിലിന്റെ താക്കോല്‍ നഷ്ടപ്പെട്ടു,” സുധ പറഞ്ഞു. ”അന്ന് കേംബ്രിഡ്ജില്‍ അത് വളരെ സുരക്ഷിതമായിരുന്നു, അമ്മ അത് വാതിലിന് മുന്നിലെ പായയുടെ അടിയില്‍ സൂക്ഷിക്കുമായിരുന്നു.. കുറച്ച് ദിവസം മുമ്പ് ഫോണ്‍ റിംഗ് ചെയ്തു, ഞാന്‍ അത് എടുത്തപ്പോള്‍, ആരോ പറയുന്നത് കേട്ടു, ”പാകിസ്ഥാനി വീട്ടില്‍ പോകൂ, എന്തിനാണ് നിങ്ങള്‍ ഇവിടെ തങ്ങുന്നത്?” മറ്റൊരു ദിവസം അത് തികച്ചും ഭീഷണിപ്പെടുത്തുന്ന, ലൈംഗികത നിറഞ്ഞ തരത്തിലുള്ള സംസാരങ്ങളായിരുന്നു. ഞാന്‍ വെറുമൊരു കുട്ടിയായിരുന്നു. തിരിച്ചുപോകാന്‍ സമയമായെന്ന് അമ്മയ്ക്ക് തോന്നിയ ഘടകങ്ങളിലൊന്ന് അതാണെന്ന് ഞാന്‍ കരുതുന്നു.

1972-ല്‍ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലെ വാടക ഫ്ളാറ്റിലേക്ക് വണ്ടി കയറിയപ്പോള്‍ കാറിന്റെ ചില്ലിലൂടെ വെളിപ്പെട്ട ബാല്യകാല കാഴ്ചയില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല സുധ കണ്ടത്. മെലിഞ്ഞ, നഗ്‌നരായ കുട്ടികള്‍, ശൈത്യകാലത്തിന്റെ മധ്യത്തില്‍, കുളിക്കാനായി ഒരു ഗട്ടറിലേക്ക് ചാടുന്നു.

അവര്‍ തണുത്ത് മരവിച്ചുപോകുമെന്ന് ഞാന്‍ ഭയപ്പെട്ടു, പക്ഷേ ഞങ്ങളെ സ്വീകരിക്കാന്‍ വന്ന എന്റെ അമ്മാവന്‍ എന്നെ ആശ്വസിപ്പിച്ചു. ”ഇല്ല, ഇല്ല, അവര്‍ക്ക് ഇത് ശീലമാണ്”. ഇത് എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ചില ആളുകള്‍ ദരിദ്രരായിരുന്നു എന്ന ആശയം എന്നെ വല്ലാതെ അസ്വസ്ഥയാക്കി.

കേംബ്രിഡ്ജ് കാലം സുധ ഭരദ്വാജില്‍ സമത്വത്തെക്കുറിച്ചുള്ള ബോധ്യം വളര്‍ത്തിയെടുത്തു. ന്യൂഹാം ക്രോഫ്റ്റ് പ്രൈമറി സ്‌കൂളില്‍ നിന്ന് ഡല്‍ഹിയിലെ ലേഡി ഇര്‍വിന്‍ സ്‌കൂളിലേക്ക് എത്തിയപ്പോള്‍ അവളുടെ ആഢംഭരം കലര്‍ന്ന ഇംഗ്ലീഷ് ഉച്ചാരണത്തില്‍ മറ്റുള്ളവരേക്കാള്‍ ഉയരാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല. ഹിന്ദിയില്‍ അല്‍പ്പ സ്വല്‍പം പ്രാവീണ്യം നേടുന്നതുവരെ സംസാരിക്കില്ലെന്ന് സുധ തീരുമാനിച്ചു. യൂണിഫോം ഇല്ലാത്തതില്‍ അസ്വസ്ഥത തോന്നിയ സുധ തനിക്കായി ഒരെണ്ണം ഉണ്ടാക്കി. ”ആരൊക്കെ പണക്കാരാണെന്നും അല്ലെന്നും പെട്ടെന്ന് തന്നെ കണ്ടെത്താനാകുമെന്നതിനാല്‍ ഇത് അത്ര ശരിയല്ലെന്ന് എനിക്ക് തോന്നി”.

ഏഴാം ക്ലാസില്‍, പതിമൂന്നാം വയസ്സില്‍, ഡിക്കന്‍സിന്റെ വിക്ടോറിയന്‍ ഇംഗ്ലണ്ടിലെയും പ്രേംചന്ദിന്റെ ഉത്തര്‍പ്രദേശിലെയും ലോകങ്ങളിലേക്ക് സുധ എത്തിപ്പെടുകയായിരുന്നു. ഡല്‍ഹിയുടെ തെക്കേ അറ്റത്തുള്ള അക്കേഷ്യ വനത്തിനും കുറ്റിച്ചെടികള്‍ക്കും ഇടയില്‍ പുതുതായി സ്ഥാപിച്ച ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ലിബറല്‍ ആര്‍ട്സ് കാമ്പസിലെ പ്രൊഫസര്‍മാരുടെ വീടുകളടങ്ങിയ ചത്വരത്തിലേക്ക് അമ്മയും മകളും താമസത്തിനെത്തി. അവിടെ, അതിശയകരമായ സൂര്യാസ്തമയങ്ങള്‍ക്കിടയില്‍, ഗംഭീരമായ കുത്തബ് മിനാറില്‍ നിന്നും എപ്പോഴും മാറിമാറി വീശിക്കൊണ്ടിരിക്കുന്ന വെളിച്ചത്തിന്റെ പശ്ചാത്തലത്തില്‍, ഹയനകളുടെ ചിരിയും കുറുനരികളുടെ അലര്‍ച്ചയും കൊണ്ട് മുഖരിതമായ രാത്രികളില്‍ സജീവമായ ഒരു ക്യാമ്പസ് അന്തരീക്ഷം വളര്‍ന്നു.


BUY NOW

ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയായ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള ആ സര്‍വ്വകലാശാല സാമൂഹിക ശാസ്ത്രത്തിലും അപ്ലൈഡ് സയന്‍സിലും രാജ്യത്തെ മികച്ച വകുപ്പുകളുള്ള ഒരു പ്രധാന ഗവേഷണ കേന്ദ്രമായി പിന്നീട് മാറുകയുണ്ടായി. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടുകളെ ശക്തമായി സ്വാധീനിച്ച, യുകെ, യുഎസ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വരെ ആകര്‍ഷിച്ച, തീവ്രവും സജീവവുമായ രാഷ്ട്രീയ ജീവിതത്തിലൂടെ വളരെ പുരോഗമനപരമായ കാമ്പസ് എന്ന നിലയില്‍ അത് അന്തര്‍ദ്ദേശീയ തലത്തില്‍ അറിയപ്പെട്ടു. ഫെമിനിസം, ന്യൂനപക്ഷ കാഴ്ചപ്പാടുകള്‍, സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങള്‍ എന്നിവ പ്രഭാഷണ വേദികളില്‍ മാത്രമല്ല, ക്യാമ്പസ് ഗ്രൗണ്ടുകളിലും ഹോസ്റ്റലുകളിലും ചായക്കടകളിലും ശക്തമായി ചര്‍ച്ച ചെയ്യപ്പെട്ടു. ലോകമെമ്പാടുമുള്ള വിവിധ തരത്തിലുള്ള അനീതികള്‍ക്കെതിരെയുള്ള പന്തംകൊളുത്തി പ്രതിഷേധങ്ങളും സാംസ്‌കാരിക പരിപാടികളും രാത്രി വൈകിയും നടത്തപ്പെട്ടു. ഭയത്തിന്റെ ഒരു തരിപോലുമില്ലാതെ. സുധയുടെ അമ്മയുടെ വീടും വകുപ്പും ഈ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു.

പ്രൊഫസര്‍ കൃഷ്ണ ഭരദ്വാജ് 1973-ല്‍ ജെഎന്‍യുവില്‍ സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് സ്റ്റഡീസ് ആന്റ് പ്ലാനിംഗ് സ്ഥാപിച്ചു. സാമ്പത്തിക ശാസ്ത്ര പഠനത്തോടൊപ്പം, വികസന നയങ്ങളുടെ പ്രായോഗിക വെല്ലുവിളികള്‍, ചരിത്രാനുഭവങ്ങളുടെ സ്വാധീനം, സാമൂഹിക ഘടനയുടെ സ്വാധീനം എന്നീ മേഖലകളില്‍ രാജ്യത്തെ അറിയപ്പെടുന്ന ചില പണ്ഡിതന്മാരെയും പ്രായോഗമതികളെയും അവര്‍ ഇതിലൂടെ പരിപോഷിപ്പിച്ചു.

”അത് മുഖ്യധാരക്ക് പുറത്ത്, അംഗീകൃത ബോധ്യങ്ങള്‍ക്ക് നിരക്കാത്ത ഒന്നായിരുന്നു” പ്രൊഫസര്‍ പ്രഭാത് പട്‌നായിക് പറഞ്ഞു. അത് വിവേകമതിയും പ്രയോജനവാദിയുമായ വ്യക്തിയിധിഷ്ഠിതമായ നിയോ ക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിത്തറയെ വെല്ലുവിളിച്ചു; പകരം അധികാരം, സ്ഥാപനങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. കേംബ്രിഡ്ജില്‍ നിന്ന് ജെഎന്‍യുവിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് പട്നായിക്കുകള്‍ (പ്രഭാത്, ഉത്സ) പരസ്പരം സംസാരിച്ചു, ”കൃഷ്ണയെപ്പോലെ ഞങ്ങള്‍ക്ക് മറ്റൊരിടത്തും ഒരു ഡിപ്പാര്‍ട്ട്മെന്റ് മേധാവി കിട്ടുമായിരുന്നില്ല.’ പ്രൊഫസര്‍ കൃഷ്ണ ഭരദ്വാജ് തത്വദീക്ഷയുള്ള, ഒരു തരത്തിലും ഫ്യൂഡലല്ലാത്തെ, അങ്ങേയറ്റം ബുദ്ധിമതിയായ വ്യക്തിയായിരുന്നു. അവര്‍ക്ക് ഒരു തരത്തിലുള്ള അരക്ഷിതബോധവും ഇല്ലായിരുന്നു. മറ്റുള്ളവരോട് അങ്ങേയറ്റം ഉദാരമായി പെരുമാറാനും പോകുന്നിടത്തെല്ലാം ബഹുമാനം നേടാനും ഇത് അവരെ സഹായിച്ചു.
_ പരിഭാഷ: കെ സഹദേവൻ


BUY NOW

ഈ ലേഖനത്തിന്റെ ആദ്യഭാഗങ്ങൾ

Follow us on | Facebook | Instagram Telegram | Twitter | Threads