ഹേമന്ത്‌ കർകരെയുടെ രക്തത്തിൽ പങ്കുള്ളവർ


നാസർ മാലിക്

ഹേമന്ത്‌ കർകരെ കൊല്ലപ്പെട്ടത് ആർ.എസ്.എസ് ബന്ധമുള്ള പോലീസുകാരന്റെ വെടിയേറ്റാണെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് വിജയ് വെളിപ്പെടുത്തിയിരിക്കുന്നു. ഇക്കാര്യം അന്നത്തെ കേസിലെ പ്രോസിക്യുട്ടറും ഇപ്പോൾ മഹാരാഷ്ട്രയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഉജ്ജ്വൽ നിഗത്തിന് അറിയാമായിരുന്നുവെന്നും കോടതിയിൽ ഇത് മറച്ചു വെക്കുകയായിരുന്നുവെന്നും വിജയ് തന്നെ പറയുന്നു. ശശി തരൂരും ഈ വാദങ്ങൾ ഏറ്റെടുത്ത് ഇപ്പോൾ രംഗത്ത്‌ വന്നിട്ടുണ്ട്.

ഹേമന്ത്‌ കർകരെയുടെ കൊലപാതകത്തിലെ ദുരൂഹതകൾ അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിലെ ന്യൂനപക്ഷ വകുപ്പ് മന്ത്രി എ ആര്‍ ആന്തുലെ നിരവധി തവണ ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പലവട്ടം സർക്കാരിൽ സമ്മർദ്ദവും ചെലുത്തിയിരുന്നു. എന്നാൽ കോൺഗ്രസ് സർക്കാരും പാർട്ടിയും അദ്ദേഹത്തിന്റെ വാദങ്ങളെ തീർത്തും അവഗണിക്കുകയും പകരം, പ്രോസിക്യൂട്ടർ ഉജ്ജ്വൽ നിഗം ഉൾപ്പെടെയുള്ളവരെ വിശ്വസിക്കുകയുമാണ് ചെയ്തത്. അന്ന് ഇതൊക്കെ അറിയാമായിരുന്ന കോൺഗ്രസ് വക്താക്കൾ എന്തുകൊണ്ട് സംഘി ഉദ്യോഗസ്ഥരെ വിശ്വസിച്ചു എന്നുള്ളതിന് ഉത്തരം പറയേണ്ടത് പാർട്ടി തന്നെയാണ്.

മലേഗാവ്, സംഝോത എക്സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീർ തുടങ്ങിയ നാല് ഇടങ്ങളിൽ സ്വാമി അസീമാനന്ദ – പ്രജ്ഞാസിങ് ഠാക്കൂർ, ലഫ്. കേണൽ ശ്രീകാന്ത്‌ പുരോഹിത് തുടങ്ങിയ വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികൾ നടത്തിയ സ്ഫോടന പരമ്പരകളിൽ അനേകം നിരപരാധികളാണ് കൊല്ലപ്പെട്ടത്. മലേഗാവ് കേസിൽ അടക്കം മഹാരാഷ്ട്ര എടിഎസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത് നിരപരാധികളായ മുസ്‌ലിം യുവാക്കളെ ആയിരുന്നു . ഇവർ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ഹേമന്ത്‌ കർകരെ നിർണ്ണായകമായ നീക്കത്തിലൂടെ യഥാർത്ഥ പ്രതികളായ ഹിന്ദുത്വ തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നത്. അസീമാനന്ദയുടെ 164 മൊഴികൾ ആയിരുന്നു തെളിവുകൾക്ക് ആധാരം. ഇതോടെ നാല് സ്ഫോടനങ്ങൾ അടങ്ങുന്ന പരമ്പരക്ക് പിന്നിൽ വലതുപക്ഷ ഹിന്ദുത്വ ശക്തികൾ ആണെന്ന് ലോകം അറിഞ്ഞു.

പ്രജ്ഞാസിങ്, കേണൽ പുരോഹിത് തുടങ്ങിയ ഹിന്ദുത്വ തീവ്രവാദികൾ അറസ്റ്റിലായതോടെ അന്വേഷണം ചെന്നെത്തിയത് മുതിർന്ന ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിലേക്ക് കൂടിയായിരുന്നു. ഈ ഘട്ടത്തിലാണ് കർകരെ കൊല്ലപ്പെടുന്നത്. മലേഗാവ് കേസിന്റെ തുടക്കത്തിൽ അറസ്റ്റിലായ മുസ്‌ലിങ്ങളുടെ മേലുള്ള കുറ്റപത്രം യഥാർത്ഥ പ്രതികൾ അറസ്റ്റിലായിട്ടും റദ്ദാക്കിയില്ല എന്നത് ഈ കേസിലെ ഒരു വിചിത്ര നടപടി ആയിരുന്നു. ഒരേ കേസിൽ രണ്ടു തരം പ്രതികൾ എന്ന നിലക്ക് ആയിരുന്നു കാര്യങ്ങളുടെ പോക്ക്‌. അതുകൊണ്ട് ഇ കേസുകളിൽ അറസ്റ്റിലായ നിരപരാധികളായ മുസ്‌ലിങ്ങൾക്ക് വീണ്ടും വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നു.

കോൺഗ്രസിന് ശേഷം ബിജെപി ഭരണത്തിൽ പ്രജ്ഞാ സിങ് കുറ്റവിമുക്തമായി പുറത്തുവന്നു. കേസിൽ ശക്തമായ നിലപാട്‌ എടുത്ത പ്രോസിക്യൂട്ടർ രോഹിണി സാലിൻ വെളുപ്പെടുത്തിയത് പ്രജ്ഞാസിങ് അടക്കമുള്ളവരെ രക്ഷിക്കാൻ വേണ്ടിയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത്‌ നിന്ന് മാറ്റിയത് എന്നാണ്.

ആർ.എസ്.എസ് ഉൾപ്പെടെയുള്ള ഹിന്ദുത്വവാദികൾ ഇത്തരത്തിൽ സ്ഫോടനങ്ങൾ നടത്തുകയും ദേശ സുരക്ഷ ഭീഷണിയിൽ ആണെന്ന് പ്രചരണം നടത്തിയുമാണ് നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത്. പകൽ പോലെ കാര്യങ്ങൾ വ്യക്തമായിരുന്നെങ്കിലും ഹിന്ദുത്വവാദികൾക്ക് മുന്നിൽ കോൺഗ്രസിന് മുട്ടിടിച്ചു, അതും അന്ന് കേന്ദ്രത്തിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരമുള്ളപ്പോൾ ആണെന്ന് കൂടി ഓർക്കണം.

എന്നാൽ ഇപ്പോൾ അതേ കോൺഗ്രസ് തന്നെ അന്ന് നടന്ന കാര്യങ്ങൾ ഏറ്റു പറയുന്നു. അന്ന് കോൺഗ്രസ് ഏ ആർ ആന്തുലെയെ ആക്രമിച്ചത് ആർക്ക് വേണ്ടിയായിരുന്നു? അന്ന് വേണ്ടവിധം ഈ കേസുകൾ കൈകാര്യം ചെയ്തിരുന്നെകിൽ ഹിന്ദുത്വ ഭീകരതയുടെ മുഖം പുറത്തു വരുമായിരുന്നില്ലേ? നിയമപരമായി തന്നെ ഹിന്ദുത്വവാദികളെ ശിക്ഷിക്കാൻ അവസരം വന്നിട്ടും ആർക്കുവേണ്ടിയായിരുന്നു കോൺഗ്രസ് പുറംതിരിഞ്ഞു നിന്നത്?

ഹിന്ദുത്വ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കേണ്ടതിനു പകരം, മുസ്‌ലിങ്ങൾ ഉൾപ്പടെയുള്ള അടിച്ചമർത്തപ്പെട്ടവർക്ക് കോൺഗ്രസിന്റെയും മൻമോഹൻ സിംഗിന്റെയും സർക്കാർ ഒരു പ്രത്യേക സമ്മാനം കൂടി നൽകി. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവാദികളെ നേരിടാൻ എന്ന പേരിലാണ് യുഎപിഎ നിയമം കോൺഗ്രസ് ഭേദഗതി ചെയ്യുന്നത്. എൻഐഎ എന്ന അന്വേഷണ ഏജൻസി രൂപീകരിക്കുന്നതും ബിജെപിയുടെ സമ്മർദ്ദ ഫലമായിട്ടായിരുന്നു. തുടർന്ന്, യുഎപിഎയും എൻഐഎയും ഉപയോഗിച്ചായിരുന്നു ഇന്ത്യയിലെമ്പാടും മുസ്‌ലിങ്ങൾ വേട്ടയാടപ്പെട്ടത്.

ഇതിൽ അതിവിചിത്രമായ ഒരു കാര്യം കൂടിയുണ്ട്, പ്രജ്ഞാ സിങ് ഇന്ന് യുഎപിഎ എന്ന നിയമത്തെയും എൻഐഎ എന്ന ഏജൻസിയെയും നിയന്ത്രിക്കുന്ന പാർലമെന്റിലെ പ്രതിരോധ സമിതി അംഗം കൂടിയാണ്. അങ്ങിനെ നമ്മുടെ മതേതര ജനാധിപത്യ ഇന്ത്യ എത്ര സുന്ദരമായാണ് അല്ലെ മുന്നോട്ട് പോവുന്നത്. നീണ്ട എഴുത്തിന് ഇടക്ക് ഒരു കാര്യം മറന്ന് പോയി,

അവസാന ബസ്സ്‌ എപ്പോഴാണ്? അത് പോയോ?
_ നാസർ മാലിക്

Follow us on | Facebook | Instagram Telegram | Twitter | Threads