ഇതൊക്കെ സംഭവിക്കുന്ന ഒരു രാജ്യത്താണ്‌ നമ്മളൊക്കെ ജീവിക്കുന്നത്‌

സോനുവിന്‌ വയസ്‌ പതിനേഴ്‌, പതിനാറ്‌ വയസുള്ള തന്റെ പഴയ സഹപാഠിയായ ദലിത്‌ പെണ്‍കുട്ടിയൊടൊപ്പം പുറത്ത്‌ പോകുന്നു. ഒരു പിസയും കോളയും കഴിക്കുന്നു. നടക്കാന്‍ പോകുന്നു. രാത്രി നടന്നു പോകുന്ന അവരെ നാട്ടുകാരില്‍ ചിലര്‍ തടയുന്നു. പോലീസിലേല്‍പ്പിക്കുന്നു.

പോലീസ്‌ പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചു വരുത്തുന്നു. ഒരു പരാതി എഴുതി തയ്യാറാക്കി ഒപ്പിടീക്കുന്നു. എഫ്‌.ഐ.ആര്‍ പ്രകാരം, സോനു മൈനറായ ദലിത്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി. ബലം പ്രയോഗിച്ച്‌ മതം മാറ്റാന്‍ ശ്രമിച്ചു എന്നാണ്‌ കേസ്‌.

നടന്നതെന്താണെന്ന്‌ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന്‌ മുന്നില്‍ മൊഴി കൊടുത്തിട്ടുണ്ട്‌. പക്ഷേ സോനു ഇപ്പോള്‍ ജയിലിലാണ്‌. സോനുവും മൈനറാണ്‌ എന്ന്‌ തെളിയിക്കാന്‍ അവന്റെ മാതാപിതാക്കളുടെ കയ്യില്‍ രേഖകളില്ല.

സോനുവിന്റെ ശരിക്കും പേര്‌ സാഖിബ്‌ എന്നാണ്‌. ഈ സംഭവം നടക്കുന്ന സംസ്ഥാനം ഏതാണെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇതൊക്കെ സംഭവിക്കുന്ന ഒരു രാജ്യത്താണ്‌ നമ്മളൊക്കെ ജീവിക്കുന്നത്‌. ഒരു പത്ത്‌ കൊല്ലം മുമ്പ്‌ മുകളില്‍ പറഞ്ഞ ഒരു സംഭവം നമുക്ക്‌ ചിന്തിക്കാന്‍ കഴിയുമായിരുന്നോ?

ഇങ്ങനെയൊരു രാജ്യത്ത്‌ ജീവിച്ച്‌, നാമിപ്പോള്‍ സംസാരിക്കുന്ന കാര്യങ്ങള്‍, ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, നമ്മുടെ എതിരാളികളാരാണ്‌, നമ്മളെന്താണ്‌ ചെയ്യേണ്ടത്‌, നമ്മുടെ മുന്‍ഗണനാ ക്രമങ്ങളെന്താണ്‌ എന്നൊക്കെ ഞാനും നിങ്ങളുമൊക്കെ ഒന്നാലോചിച്ച്‌ നോക്കുന്നത്‌ നല്ലതാണ്‌.
_ എസ് എ അജിംസ്

Photo_ സോനുവിൻ്റെ മാതാവ് സൻജീദ, Courtesy Praveen Jain, The Print

Like This Page Click Here

Telegram
Twitter