ഈജിപ്തിലും ഭരണകൂട ഭീകരതയില്‍ ഒരു കലാകാരന്‍റെ രക്തസാക്ഷിത്വം
Shady Habash has died. Shady was the kindest and bravest of people. He never hurt anyone. May God have mercy on him…
_ Ramy Essam, Egyptian Musician
തുര്‍ക്കിയിലെ ഉര്‍ദു ഗാന്‍റെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്‍റെ നീതിരാഹിത്യത്തില്‍ ഹെലിന്‍ ബോലെക്, മുസ്തഫ കൊചെക് എന്നീ ആര്‍ട്ടിസ്റ്റുകള്‍ രക്തസാക്ഷികളായിരുന്നു. ഗ്രൂപ് യോറം എന്ന സംഗീത ബാന്‍ഡിന്റെ അംഗങ്ങളായിരുന്നു അവര്‍. ഗ്രൂപ് യോറത്തിന്‍റെ നിരോധനം പിന്‍വലിക്കാനും തടവറയില്‍ കഴിയുന്ന അംഗങ്ങളെ വിട്ടയക്കാനും സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുമാണ് ഹെലിനും മുസ്തഫയും മുന്നൂറു ദിവസത്തോളം നിരാഹാര സമരം ചെയ്തത്. മുസ്തഫയെ വ്യാജ കേസുകളില്‍ ഉള്‍പ്പെടുത്തിയാണ് ഭരണകൂടം അഴികള്‍ക്കുള്ളിലാക്കിയത്.
ഇവര്‍ ഉന്നയിച്ച രാഷ്ട്രീയാവശ്യങ്ങള്‍ പരിഗണിക്കുകയും ഇവരുടെ ജീവന്‍ രക്ഷിക്കണമെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നെങ്കിലും ഉര്‍ദു ഗാന്‍ അതെല്ലാം അവഗണിച്ചു. നിരാഹാരം കിടന്നു മരിച്ച ഹെലിന്‍റെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും ഉര്‍ദു ഗാന്‍ മാതാവിനെ അനുവദിച്ചില്ല. അവസാനമായി ഹെലിനെ കാണാനെത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും റോഡില്‍ വലിച്ചിച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു. ഹെലിന്‍ ഉന്നയിച്ച അതേ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഗ്രൂപ് യോറത്തിലെ ഗിറ്റാറിസ്റ്റ് ഇബ്രാഹിം കൊചെകും അദ്ദേഹത്തിന്റെ ഭാര്യയും ജയിലില്‍ നിരാഹാര സമരം തുടരുന്നു.
തുര്‍ക്കിയില്‍ നടന്നതിന് തുല്യമായാണ് ഈജിപ്തിലും ഒരു കലാകാരന്റെ ഭരണകൂട കൊലപാതകം നടന്നിരിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസിയുടെ ഭരണകൂട ഭീകരതയില്‍ രക്തസാക്ഷിയായത് യുവ സിനിമാ സംവിധായകനും ഫോട്ടോഗ്രാഫറുമായിരുന്ന ഷാദി ഹബാഷ് ആയിരുന്നു. വെള്ളിയാഴ്ച ജയിലില്‍ കിടന്നു മരിക്കുമ്പോള്‍ ഷാദിക്ക് 24 വയസായിരുന്നു പ്രായം.
പ്രസിഡന്റ് അൽസിസിയെ പരിഹസിക്കുന്ന സംഗീത വീഡിയോ സംവിധാനം ചെയ്തു എന്നാരോപിച്ചാണ് ഷാദിയെ വിലങ്ങുവെച്ചത്. സംഗീതജ്ഞൻ റാമി എസ്സാമിന് വേണ്ടി ബാലാഹ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തതിനായിരുന്നു 2018 മാർച്ചില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുര്‍ക്കിയില്‍ ഹെലിനെയും മുസ്തഫയെയും ഗ്രൂപ്പ് യോറത്തെയും റ്റാര്‍ഗറ്റ് ചെയ്‌തതുപോലെ, ഈ മ്യൂസിക് വീഡിയോയുടെ നിർമ്മാതാക്കളും തീവ്രവാദ സംഘടനയുടെ ഭാഗമാണെന്ന് ഈജിപ്ത് ഗവണ്‍മെന്‍റ് ആരോപിച്ചു. മതനിന്ദ, ഭരണകൂട വിമർശനം തുടങ്ങിയവയായിരുന്നു ചുമത്തിയ കുറ്റങ്ങള്‍. ഷാദി ഒരു തീവ്രവാദ സംഘടനയിലെ അംഗമാണെന്നാണ് ഭരണകൂടം പ്രചരിപ്പിച്ചത്.
വിചാരണ പോലുമില്ലാതെ കെയ്റോയിലെ തോറ ജയിലിലായിരുന്നു ഷാദിയെ രണ്ടുവർഷത്തിലേറെ തടവിലിട്ടത്. കുറച്ചു ദിവസമായി ആരോഗ്യാവസ്ഥ മോശമായിരുന്ന അദ്ദേഹം ജയിലില്‍ വെച്ചാണ് മരിച്ചത്. കോവിഡ്-19നെ തുടര്‍ന്നു മറ്റ് തടവുകാരെ വിട്ടയക്കുന്നപോലെ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന ജനാധിപത്യവാദികളുടെ ആവശ്യമുയരുമ്പോള്‍ ആണ് ഷാദി ഹബാഷ് ജയിലില്‍ കിടന്നു നരകിച്ചു മരിക്കുന്നത്. ലോകമൊട്ടാകെ രാഷ്ട്രീയ തടവുകാരോട് അധികാരികള്‍ പുലര്‍ത്തുന്ന ക്രൂരതയ്ക്ക് ഉദാഹരണമാണ് ഷാദിയുടെ ഭരണകൂട കൊലപാതകം.
തുര്‍ക്കിയിലെയും ഈജിപ്തിലെയും പോലെ ഇന്ത്യയിലും രാഷ്ട്രീയതടവുകാര്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത്. ഇവിടെത്തെ ജയിലുകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന പ്രൊഫസര്‍ സായിബാബ, വരവര റാവു, സുധാ ഭരദ്വാജ്, ഷോമാ സെന്‍, ആനന്ദ് തെല്‍തുംബ്ദെ, ഗര്‍ഭിണിയായ സഫൂറ സര്‍ഗാര്‍ തുടങ്ങിയ മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍ അതൊന്നും കേള്‍ക്കാതെ നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് സര്‍ക്കാര്‍ രാഷ്ട്രീയ- മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും കൊണ്ട് ജയിലുകള്‍ നിറക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലും അതിനുള്ള റെയ്ഡുകളും കസ്റ്റഡികളും ഭരണകൂടം ആരംഭിച്ചിരിക്കുന്നു.
_ മിര്‍സ