സുധാ ഭരദ്വാജ്; കൂട്ടില്‍ നിന്നും തടവറയിലേക്ക്
ഒരു ഭരണകൂടം അതിൻ്റെ എല്ലാ കപടതകളോടും ക്രൂരതകളോടും കൂടി രാജ്യത്തെ വിമത ശബ്ദങ്ങളെ അടിച്ചമർത്താൻ ആസൂത്രണം ചെയ്ത പദ്ധതിയായ ഭീമ കൊറേഗാവ് കേസിനെ ആഴത്തിൽ പരിശോധിക്കുന്ന പുസ്തകമാണ് നരവംശ ശാസ്ത്രജ്ഞയായ അൽപ ഷായുടെ “The Incarcerations: Bhima Koregaon and the Search for Democracy in India.” BK-16 (ഭീമ കൊറേഗാവ് 16) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഭീമ കൊറേ ഗാവ് കേസിലെ ഓരോ വ്യക്തിയെക്കുറിച്ചും വളരെ വിശദമായിത്തന്നെ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. അതിൽ ഒരാളാണ് ട്രേഡ് യൂണിയൻ പ്രവർത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജ്. കേരളീയ സമൂഹത്തിന് പൊതുവിൽ അപരിചിതയായ സുധാ ഭരദ്വാജിനെ അൽപാ ഷായുടെ പുസ്തകത്തിലൂടെ മനസ്സിലാക്കാം.
അൽപാ ഷാ
#SudhaBharadwaj
Part 1
”എഴുന്നേല്‍ക്കൂ, നമ്മുടെ വീട് പരിശോധിക്കാന്‍ പോലീസ് എത്തിയിട്ടുണ്ട്”, സുധ ഭരദ്വാജ് തന്റെ ഇരുപത്തിയൊന്നുകാരിയായ മകള്‍ മെയ്ഷയെ 2018 ഓഗസ്റ്റ് 28ന് രാവിലെ ഏഴ് മണിക്ക് വിളിച്ചുണര്‍ത്തി. പത്ത് പോലീസുകാര്‍ സാധാരണ വസ്ത്രത്തില്‍, ഒപ്പം ഒരു പ്രാദേശിക പോലീസ് കോണ്‍സ്റ്റബിളും, അമ്മയുടെയും മകളുടെയും ആ ചെറിയ സങ്കേതത്തിലെ സ്വസ്ഥത നശിപ്പിക്കാനായി ഇരച്ചുകയറി.
ഫരീദാബാദിലെ സെക്ടര്‍ 39ലെ ചാംവുഡ് വില്ലേജിലെ ആ ചെറിയ ഫ്‌ളാറ്റില്‍, മധ്യവര്‍ഗത്തിന്റെ സബര്‍ബന്‍ വ്യാപനത്തിനായി ഡല്‍ഹി കണ്ടെത്തിയ ആ അപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകളില്‍, മെയ്ഷ തന്റെ അമ്മയ്ക്കായി ഒരു കൂടൊരുക്കിയിരുന്നു. സോഫകളും ഒരു ഊണ്‍മേശയും കൊണ്ട് അവളത് ‘തട്ടിക്കൂട്ടി’യിരിക്കുന്നു. തറയില്‍ കിടക്കുന്നത് അവളുടെ അമ്മയ്ക്ക് പ്രശ്‌നമേയല്ലായിരുന്നു, പക്ഷേ തനിക്ക് ചുറ്റുമുള്ള ശൂന്യമായ ഇടങ്ങള്‍ ‘സാധനങ്ങള്‍’ കൊണ്ട് നിറയ്ക്കാന്‍ മെയ്ഷ ഇഷ്ടപ്പെട്ടു. അതിനായി ഏകദേശം ഇരുപത് വര്‍ഷങ്ങളെടുത്തു. ഒടുവില്‍, മധ്യേന്ത്യന്‍ സംസ്ഥാനമായ ഛത്തീസ്ഗഢിലെ ചൂടുള്ള, വരണ്ട സമതലങ്ങള്‍ ഉപേക്ഷിച്ച് അമ്മയും മകളും എത്തിയപ്പോള്‍, അവരുടെ ജീവിതരീതി തങ്ങളുടെ മധ്യവര്‍ഗ സുഹൃത്തുക്കളുടേതിന് സമാനമായതായി മെയ്ഷയ്ക്ക് തോന്നി.
ഛത്തീസ്ഗഡില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയായും മനുഷ്യാവകാശ പ്രവര്‍ത്തകയായും വക്കീലായും രാപ്പകല്‍ സുധ പ്രവര്‍ത്തിക്കുകയായിരുന്നു. ആറാം ക്ലാസ് വരെ-പത്തുവയസ്സ് പൂര്‍ത്തിയാകുന്നതുവരെ-മെയ്ഷ മറ്റൊരു തൊഴിലാളി സംഘടനാ കുടുംബത്തോടൊപ്പം, പൊടിനിറഞ്ഞ ഈച്ചയാര്‍ക്കുന്ന ലേബര്‍ കോളനിയിലെ, ഒരു ഇഷ്ടിക വീട്ടില്‍ വളര്‍ന്നു. ദിവസങ്ങളോളം ചിലപ്പോള്‍ അമ്മയെ അവള്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. കൗമാരപ്രായത്തില്‍, മെയ്ഷ അമ്മയോട് ചോദിക്കാന്‍ തുടങ്ങി, ”അമ്മേ എന്തിനാണ് നമ്മള്‍ ഇങ്ങനെ ഒരു ജീവിതം ജീവിക്കുന്നത്?”
”മോളേ, പാവപ്പെട്ടവരുടെ ഇടയില്‍ കഴിയാനും അവരോടൊപ്പം പ്രവര്‍ത്തിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു” സുധ പ്രതികരിക്കും.
”നിങ്ങള്‍ മറ്റുള്ളവര്‍ക്കായി ഒരുപാട് വര്‍ഷങ്ങള്‍ നല്‍കി. ഇനി സ്വന്തമായി കുറച്ച് സമയം നീക്കിവെച്ച് സുഖമായി ജീവിക്കൂ.” മെയ്ഷ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ”അമ്മ എനിക്ക് സമയം തരാത്തതില്‍ ഞാന്‍ അസന്തുഷ്ടയായിരുന്നു. അവരുടെ മിക്ക സമയവും ‘ജനങ്ങള്‍ക്ക്’ വേണ്ടിയായിരുന്നു, എനിക്ക് വേണ്ടിയായിരുന്നില്ല.” മെയ്ഷ പിന്നീട് സമ്മതിച്ചു.
എന്നാല്‍ 2017ല്‍ സുധയും മെയ്ഷയും ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള ഫ്‌ളാറ്റില്‍ താമസം തുടങ്ങിയതോടെ എല്ലാം മാറി. പകല്‍ സുധ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസര്‍ എന്ന നിലയില്‍ പഠിപ്പിക്കാന്‍ പോകും. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ അമ്മയും മകളും ടിവിയില്‍ സിനിമ കാണും. ചിലപ്പോള്‍ അവര്‍ സുഹൃത്തുക്കളോടൊപ്പം തിയേറ്ററില്‍ പോകും. അന്‍പത്തിയേഴുകാരിയായ സുധയെ സല്‍വാര്‍ സ്യൂട്ടിനായി സാരി ഉപേക്ഷിക്കാന്‍ പോലും മെയ്ഷ പ്രോത്സാഹിപ്പിച്ചു. മുമ്പെങ്ങുമില്ലാത്ത വിധം അമ്മയും മകളും തമ്മില്‍ അടുക്കാന്‍ തുടങ്ങിയിരുന്നു.
അങ്ങനെ 2018 ഓഗസ്റ്റിലെ ആ ദിവസം, ഉച്ചയ്ക്ക് മാത്രം എഴുന്നേല്‍ക്കാന്‍ ശീലിച്ച മെയ്ഷ നേരം പുലരുന്നതിന് മുമ്പ് ഉണര്‍ന്നപ്പോള്‍ അതൊരു ഞെട്ടലായി മാറിക്കഴിഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് ഫരീദാബാദിലേക്ക് പോലീസ് എത്തിയിരുന്നു. അവരുടെ കയ്യില്‍ സെര്‍ച്ച് വാറണ്ട് ഉണ്ടായിരുന്നില്ല; എഫ്.ഐ.ആര്‍ മാത്രം. അമ്മയ്ക്കോ മകള്‍ക്കോ മനസ്സിലാകാത്ത മറാത്തി ഭാഷയില്‍ എഴുതി തയ്യാറാക്കിയ ഒന്ന്.
”എന്തിനാ സെര്‍ച്ച് വാറണ്ടില്ലാതെ അവരെ അകത്തേക്ക് കടത്തിവിട്ടത്?” മെയ്ഷ അമ്മയോട് ചോദിച്ചു.
”നമുക്ക് ഭയപ്പെടേണ്ടതായ ഒന്നുമില്ല, അവര്‍ നമ്മുടെ സ്ഥലം പരിശോധിക്കട്ടെ” സുധ മറുപടി പറഞ്ഞു.
ഇരുവരുടെയും ഫോണുകളും ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുത്തു. കൂട്ടത്തില്‍ മെയ്ഷയുടെ ഐപാഡും. അവരുടെ ഇമെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്കുള്ള പാസ്‌വേഡുകള്‍ പോലീസ് ആവശ്യപ്പെട്ടു. മെയില്‍, ഇന്‍സ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവയില്‍ താന്‍ നല്‍കിയത് തന്റെ യഥാര്‍ത്ഥ പാസ്‌വേഡുകളാണെന്ന് തെളിയിക്കാന്‍ മെയ്ഷയ്ക്ക് അത് ടൈപ്പ് ചെയ്യേണ്ടിവന്നു. അതിനിടയില്‍ സുധ ദേഷ്യപ്പെട്ടു. പോലീസുകാര്‍ അവരുടെ ജി-മെയില്‍ അക്കൗണ്ട് ഉപയോഗിക്കുകയായിരുന്നു.
”എന്റെ അക്കൗണ്ടിലേക്ക് നിങ്ങള്‍ക്ക് എന്തും ചേര്‍ക്കാം. നിങ്ങള്‍ എടുക്കുന്ന ഫയലുകള്‍ എനിക്ക് തന്നിട്ടില്ല.” സുധ പോലീസിനോട് പറഞ്ഞു.
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു, ”മാഡം, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഫരീദാബാദില്‍ എത്തിയിട്ടുണ്ട്. താങ്കള്‍ അദ്ദേഹത്തെ വന്ന് കാണണം.” സുധ പോലീസ് വാഹന വ്യൂഹത്തോടൊപ്പം ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങി.
പിന്നീടാണ് അവര്‍ തന്റെ അമ്മയെ അറസ്റ്റ് ചെയ്തതായി മെയ്ഷ അറിയുന്നത്. അപ്പോഴേക്കും സുധയുടെ അറസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ടെലിവിഷന്‍ ചാനലുകളിലൂടെ ദേശീയതലത്തില്‍ പരന്നിരുന്നു.
“ബ്രേക്കിംഗ് ന്യൂസ്… പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജിനെ രാവിലെ 7 മണിക്ക് ബദര്‍പൂരിലെ വസതിയില്‍ നിന്ന് പൂനെയില്‍ നിന്നുള്ള ഒരു സംഘം പോലീസ് പിടികൂടി… പ്രധാനമന്ത്രിക്ക് നേരെയുള്ള വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൂനെ പോലീസ് രാജ്യത്തുടനീളം നടത്തിയ വന്‍ റെയ്ഡുകളുടെ ഭാഗമാണിതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.” ഇന്ത്യാ ടുഡേയുടെ ഫ്‌ളാഷ് ന്യസ് വാര്‍ത്തകള്‍ മിന്നിമറഞ്ഞു.
ദിവസങ്ങള്‍ക്കിടെ, മഹാരാഷ്ട്രയിലെ പൂനെ സിറ്റി പോലീസ് സേന രാജ്യത്തുടനീളമുള്ള പത്ത് പേരുടെ വീടുകള്‍ – ന്യൂഡല്‍ഹി, ഹൈദരാബാദ്, റാഞ്ചി, ഗോവ, മുംബൈ എന്നിവിടങ്ങളിലായി- ഒരേസമയം റെയ്ഡ് നടത്തിയതായി വെളിപ്പെട്ടു. സുധയ്ക്കൊപ്പം രാജ്യത്തെ മറ്റ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ജനാധിപത്യാവകാശ പ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖ, തെലുങ്ക് വിപ്ലവ കവിയും എഴുത്തുകാരനും സാഹിത്യ നിരൂപകനും ആക്ടിവിസ്റ്റുമായ വരവര റാവു, മനുഷ്യാവകാശ അഭിഭാഷകനും കലാകാരനും രാഷ്ട്രീയ നിരൂപകനുമായ അരുണ്‍ ഫെരേര, രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വെര്‍നണ്‍ ഗോണ്‍സാല്‍വസ് എന്നിവരായിരുന്നു ആ അഞ്ചുപേര്‍.
ജെസ്യൂട്ട് പുരോഹിതനും ഗോത്രവര്‍ഗ്ഗക്കാരുടെ അവകാശ സംരക്ഷകനുമായ സ്റ്റാന്‍ സ്വാമി, ദളിത് ബുദ്ധിജീവി ആനന്ദ് തെല്‍തുംബ്‌ഡെ എന്നിവരുടെ താമസസ്ഥലങ്ങളും റെയ്ഡ് ചെയ്യപ്പെട്ടു, അവര്‍ പക്ഷേ തല്‍ക്കാലം ജയിലഴികളില്‍ നിന്ന് രക്ഷപ്പെട്ടു.
റെയ്ഡ് ചെയ്യപ്പെട്ടവരില്‍ ചിലര്‍ നാല്‍പ്പത് വയസ്സുകാരായിരുന്നുവെങ്കിലും മിക്കവരും അറുപതിന് മുകളിലുള്ളവരായിരുന്നു, സ്റ്റാന്‍ സ്വാമി എണ്‍പത് പിന്നിട്ട വ്യക്തിയും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍, വലതുപക്ഷ മാധ്യമ ജിഹ്വയായ റിപ്പബ്‌ളിക് ടിവിയിലെ ‘ദി ഡിബേറ്റ്’ എന്ന പരിപാടിയില്‍ സായുധ മാവോയിസ്റ്റ് ഗറില്ലകളോടൊപ്പം സുധയുടെ മുഖവും ചേര്‍ത്തുവെച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
”ഒരു കൂട്ടം വ്യാജ ആക്ടിവിസ്റ്റുകളും കപട ബുദ്ധിജീവികളും ഈ രാജ്യത്ത് ശക്തമായ ഒരു കേസ് ഉയര്‍ത്തിക്കൊണ്ടുവരികയാണ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ നമ്മുടെ ജനാധിപത്യത്തെ ചൂഷണം ചെയ്യുകയാണ്” ഓക്സ്ഫോര്‍ഡ് വിദ്യാഭ്യാസമുള്ള എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി, നേവി സ്യൂട്ടും ടൈയും ക്രിസ്പ് വെള്ള ഷര്‍ട്ടും ധരിച്ച് പ്രകോപനപരമായിത്തന്നെ തന്റെ ഷോയില്‍ തുറന്നു പറഞ്ഞു. ”അവര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. മാവോയിസ്റ്റ് അക്രമവും ഭീകരതയും. മാവോയിസ്റ്റ് ഭീകരത ഭീകരതതന്നെയാണ്… ഇസ്ലാമിക് സ്റ്റേറ്റും മാവോയിസ്റ്റുകളും, ലഷ്‌കര്‍-ഇ-തൊയ്ബയും മാവോയിസ്റ്റുകളും, ജെയ്ഷെ മുഹമ്മദും മാവോയിസ്റ്റുകളും, ഹുജി-ബിയും മാവോയിസ്റ്റുകളും തമ്മില്‍ വ്യത്യാസമില്ല… അവരെല്ലാം ഭീകരരാണ്. ലഷ്‌കര്‍-ഇ-തൊയ്ബയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും സൈദ്ധാന്തികര്‍ മിഡില്‍ ഈസ്റ്റിലെ ഗുഹകളില്‍ താമസിക്കുന്നുവെങ്കില്‍ ഇന്ത്യയിലെ മാവോയിസ്റ്റ് സൈദ്ധാന്തികര്‍ തോള്‍സഞ്ചി ധരിക്കുന്നു എന്നതാണ് ഏക വ്യത്യാസം. അതോടൊപ്പം അവര്‍ ഇടത്തരം സൗകര്യങ്ങളില്‍ സഞ്ചരിക്കുകയും സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കുകയും ചിന്തകരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.”
സുധയെ പോലീസ് കൂട്ടിക്കൊണ്ടുപോയതിന് ശേഷം മെയ്ഷ കരഞ്ഞു. അവള്‍ ‘അമ്മ’യെ കെട്ടിപ്പിടിച്ചില്ല, യാത്ര പോലും പറഞ്ഞില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍, അവളുടെ അമ്മ പൂനെയിലെ അതീവ സുരക്ഷയുള്ള യെര്‍വാഡ ജയിലില്‍ വസ്ത്രം ഉരിഞ്ഞുള്ള പരിശോധനയ്ക്ക് വിധേയമാക്കുകയും വധശിക്ഷാ തടവുകാരെ ഉദ്ദേശിച്ചുള്ള ‘തൂക്ക് മുറ്റം’ എന്നര്‍ഥമുള്ള ‘ഫാസി യാര്‍ഡ്’ എന്ന് വിളിക്കപ്പെടുന്ന സെല്ലുകളുടെ ഒരു ബ്ലോക്കില്‍ പാര്‍പ്പിക്കപ്പെടുകയും ചെയ്യും.
മെയ്ഷയുടെ കൂട്ടില്‍ നിന്ന് സുധയെ തടവറയിലേക്ക് വലിച്ചെറിഞ്ഞുകഴിഞ്ഞു.
മൂന്ന് മാസത്തിലൊരിക്കലോ മറ്റോ ജയില്‍ സന്ദര്‍ശന വേളയില്‍ അമ്മയുടെ സ്‌നേഹം പങ്കിടാന്‍ മെയ്ഷയ്ക്ക് അവശേഷിക്കുന്ന ഒരേയൊരു സമയം – കോവിഡ് 19 സന്ദര്‍ശനങ്ങള്‍ക്ക് വിലങ്ങിടുന്നതുവരെ – ഒരു കയ്യകലത്തില്‍ ഒരു ഗ്ലാസ് ഭിത്തി കൊണ്ട് വേര്‍തിരിച്ചിരുന്നു.
പരിഭാഷ: കെ സഹദേവൻ
Photos Courtesy: Various Media
Follow us on | Facebook | Instagram | Telegram | Twitter | Threads