#MeToo; അമിതാഭ് ബച്ചനെതിരെ സപന ഭവനാനി
മീടു കാമ്പയിനിൽ അമിതാഭ് ബച്ചനെതിരെ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് സപന ഭവനാനിയുടെ ട്വീറ്റ്. മീടു കാമ്പയിനെ പിന്തുണച്ചുള്ള ബച്ചന്റെ ട്വീറ്റിന് മറുപടിയായാണ് സപന രംഗത്തെത്തിയത്. തൊഴിലിടങ്ങളിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതു മനുഷ്യത്വരഹിതമാണ് എന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബച്ചൻ ട്വീറ്റ് ചെയ്തു. സ്ത്രീകളോടുള്ള ബഹുമാനവും സാംസ്കാരിക മൂല്യങ്ങളും വിദ്യാഭ്യാസത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ രൂപപ്പെടുത്തണമെന്നും സ്ത്രീകൾ മോശമായ സമീപനങ്ങൾക്ക് വിധേയയാകുന്ന അവസ്ഥയുണ്ടാകരുതെന്നും ബച്ചൻ ട്വീറ്റിൽ പറയുന്നു.
ഈ ട്വീറ്റിന് മറുപടിയായി സപനയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു, ‘നിങ്ങളുടെ സത്യം വൈകാതെ പുറംലോകം അറിയും. താങ്കളുടെ ചിത്രം പിങ്ക് തിയേറ്ററിലെത്തി തിരിച്ചുപോയതുപോലെ താങ്കളുടെ ആക്ടിവിസവും വൈകാതെ തിരിച്ചുപോകും. എന്നത്തേയും വലിയ കള്ളം നിങ്ങൾ പറഞ്ഞിരിക്കുന്നു. ബച്ചന്റെ ലൈംഗികമായുള്ള മോശം പെരുമാറ്റത്തെ കുറിച്ച് കഥകൾ കേട്ടിരിക്കുന്നു.’ ഈ സ്ത്രീകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു, ബച്ചന്റെ കാപട്യം ദുർബലമാണ് എന്നും സപന ഭവനാനി ട്വീറ്റിൽ പറയുന്നു.