സിദ്ദിഖ് കാപ്പന് മോചനമാണ് വേണ്ടത്, ഫാസിസ്റ്റ് സർട്ടിഫിക്കറ്റല്ല!
ഒടുവിൽ അഭിഭാഷകനെ കാണാൻ സിദ്ദിഖ് കാപ്പനെ സുപ്രീം കോടതി അനുവദിച്ചു. ഓർക്കുക 43 ദിവസമായി ഒരു മാധ്യമപ്രവർത്തകൻ സകല പൗരാവകാശങ്ങളും ലംഘിക്കപ്പെട്ട് ജയിലിലാണ്. പ്രതി ചേർക്കപ്പെട്ട വ്യക്തിക്ക് അഭിഭാഷകനെ കാണാൻ പോലും കോടതി ഇടപെടേണ്ടി വന്നു (അതും 40 നാൾ പിന്നിടുമ്പോൾ) എന്നത് നിസാര കാര്യമല്ല.
എന്നാൽ അതിനേക്കാൾ ഗുരുതര പ്രശ്നം മറ്റൊന്നാണ്. അഴിമുഖത്തിനായി ഹത്രാസ് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകും വഴിയാണ് കാപ്പനെ യുപി പോലീസ് തട്ടിക്കൊണ്ടു പോയത്. ഇന്ന് യുപി പോലീസ് കോടതിയ്ക്ക് നൽകിയ റിപ്പോർട്ട് സിദ്ദിഖ് കാപ്പൻ മാധ്യമ പ്രവർത്തകൻ അല്ലെന്നും പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറി ആണെന്നും മാധ്യമ പ്രവർത്തകനെന്ന വ്യാജേന ക്രമസമാധാനം തടസപ്പെടുത്താൻ കാപ്പൻ ഹത്രാസിലേക്ക് പോയി എന്നുമാണ്. ഓർക്കുക, അഴിമുഖം വെബ് പോർട്ടലിന്റെ ഡൽഹി റിപ്പോർട്ടറായ കാപ്പൻ കെ.യു.ഡബ്ള്യു.ജെ ഡൽഹി സെക്രട്ടറിയുമാണ്. അങ്ങനൊരാളെ പോപ്പുലർ ഫ്രണ്ടുകാരനാക്കി ചിത്രീകരിക്കുന്ന പോലീസ് നുണയ്ക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്.
ആ രാഷ്ട്രീയം നന്നായി ബോധ്യമുള്ളത് കൊണ്ട് തന്നെ ചിലതു ചോദിക്കാതെ വയ്യ;
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനല്ല കാപ്പൻ എന്ന സത്യം നിലനിൽക്കുമ്പോൾ തന്നെ ചോദിക്കട്ടെ, ഒരു പോപ്പുലർ ഫ്രണ്ടുകാരനെ ഭരണകൂടം ഇങ്ങനെ ദ്രോഹിക്കാമോ? പോപ്പുലർ ഫ്രണ്ടുകാരന് മനുഷ്യാവകാശങ്ങൾ ബാധകമല്ലേ? പോപ്പുലർ ഫ്രണ്ടുകാരനെ ഒരു കാര്യവുമില്ലാതെ പോലീസിന് തട്ടിക്കൊണ്ടുപോയി ജയിലിൽ തള്ളാം എന്നാണോ? ഒരു പൗരന് നൽകേണ്ട നിയമപരമായ അവകാശങ്ങൾ പോപ്പുലർ ഫ്രണ്ടുകാരന് നൽകാൻ പാടില്ല എന്നാണോ? ഇനി അതുമല്ല നിരോധിക്കപ്പെട്ട സംഘടന വല്ലതുമാണോ പോപ്പുലർ ഫ്രണ്ട്?
ഈയിടെ പൗരത്വ പ്രക്ഷോഭത്തിൽ ഭാഗഭാക്കായ കാരണത്താൽ ഗർഭിണിയായ സഫൂറ സർഗാറിനെ യുഎപിഎ ചുമത്തി ജയിലിലിടുമ്പോൾ സംഘികൾ പാടി നടന്നത് സഫൂറ വിവാഹിതയല്ല എന്നായിരുന്നു. അന്ന് സഫൂറ വിവാഹിതയാണ് എന്ന് തെളിയിക്കാൻ നടന്നവരോട് ഞാൻ പറഞ്ഞത്, സഫൂറ വിവാഹിതയാണോ അല്ലയോ എന്നതല്ല ഇവിടത്തെ പ്രശ്നം സഫൂറയെ ഫാസിസം ജയിലിലടച്ചിരിക്കുന്നു എന്നതാണ് പ്രശ്നം എന്നാണ്.
ഉറപ്പിച്ചു പറയട്ടെ, സിദ്ദിഖ് കാപ്പൻ എന്ന മലയാളി മാധ്യമപ്രവർത്തകൻ യുഎപിഎ ചാർത്തപ്പെട്ട് ജയിലിലാണ്. അദ്ദേഹത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്നത് പച്ചയായ മനുഷ്യാവകാശ ലംഘനങ്ങളാണ്. അതിനാണ് പരിഹാരം വേണ്ടത്. അല്ലാതെ സിദ്ദിഖ് കാപ്പൻ മാധ്യമ പ്രവർത്തകനല്ല പോപ്പുലർ ഫ്രണ്ടുകാരൻ ആണെന്ന ഫാസിസ്റ്റ് സർട്ടിഫിക്കറ്റല്ല.
* കേരളത്തിൽ നിന്ന് ഫാസിസത്തെ പ്രതിരോധിക്കാൻ പാർലമെന്റിൽ പോയ 20 എംപിമാർക്കും സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യസമിതി കത്തെഴുതി. കാപ്പന്റെ മോചനത്തിനായി അതിവേഗ ഇടപെടലുകൾ ഉണ്ടാകണം എന്നതാണ് കത്തിന്റെ ഉള്ളടക്കം.