അറുപിന്തിരിപ്പൻ കുടുംബഘടനകൾ തകർന്നടിയട്ടെ, അഭിലാഷും ശ്വേതയും ഒന്നിക്കട്ടെ

അറുപിന്തിരിപ്പൻ കുടുംബഘടനകൾ തകർന്നടിയട്ടെ. സാധ്യമായിടത്തോളം ജനാധിപത്യപരവും ആരോഗ്യകരമായ മനുഷ്യബന്ധങ്ങൾ വികസിക്കട്ടെ. അഭിലാഷും ശ്വേതയും ഒന്നിക്കട്ടെ…

സ്വന്തം ഇഷ്ടപ്രകാരം രജിസ്റ്റർ വിവാഹം നടത്തിയവരുടെ വിവാഹം പൊളിക്കാനാണോ നാട്ടുകാരുടെ നികുതിപ്പണം നൽകി പോലീസ് സേനയെ നിലനിർത്തിയിരിക്കുന്നത് ? നിയമവിരുദ്ധമായി പ്രവർത്തിച്ച പോലീസുകാർക്കെതിരെ സർക്കാർ നടപടിയെടുക്കണം. സാമൂഹ്യ പ്രവർത്തകരായ അഭിലാഷ് പടച്ചേരിയും ശ്വേതയും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാൻ ജനുവരി 25ന് രജിസ്ട്രാർ ഓഫീസിൽ നോട്ടീസ് ഫയൽ ചെയ്തിട്ടുള്ളതാണ്.

എന്നാൽ ഈ വിവാഹത്തെ എതിർക്കുന്ന ശ്വേതയുടെ വീട്ടുകാർ അവരെ വീട്ടുതടങ്കലിലാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ശേഷം ഇന്ന് രജിസ്ട്രാർ ഓഫീസിൽ കൊണ്ടുവന്ന് നോട്ടീസ് ഫയൽ ചെയ്തിരുന്നത് റദ്ദാക്കാൻ ശ്രമം നടത്തുകയും ചെയ്തു.

എന്നാൽ ശ്വേത താൻ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് വിവാഹ നോട്ടീസ് ഫയൽ ചെയ്തിരിക്കുന്നത് എന്ന നിലപാട് വ്യക്തമാക്കിയതോടെ റജിസ്ട്രാർ ഓഫീസിൽ വെച്ച് വീട്ടുകാർ വീണ്ടും മർദ്ദനം തുടരുകയും തുടർന്ന് പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു.

ഇപ്രകാരം ശ്വേതയെ മർദ്ദിച്ച വീട്ടുകാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ശ്വേതയെ അവരുടെ തീരുമാനത്തിന് വിരുദ്ധമായി വീട്ടുകാരുടെ തടവറയിലേക്ക് മടക്കിയയ്ക്കുകയാണ് പോലീസ് ചെയ്തിട്ടുള്ളത്. ഇത് തികച്ചും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും അനീതിപരവുമാണ്.

എന്തായാലും ശ്വേതയെ തട്ടിക്കൊണ്ടുപോയതിനെതിരെ അഭിലാഷ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിട്ടുണ്ട്. അറുപിന്തിരിപ്പൻ കുടുംബഘടനകൾ തകർന്നടിയട്ടെ. സാധ്യമായിടത്തോളം ജനാധിപത്യപരവും ആരോഗ്യകരമായ മനുഷ്യബന്ധങ്ങൾ വികസിക്കട്ടെ. അഭിലാഷും ശ്വേതയും ഒന്നിക്കട്ടെ. ഇരുവർക്കും വിവാഹാശംസകൾ.
_ ജെയ്സണ്‍ സി കൂപ്പര്‍

Leave a Reply