പൊലീസ് വേൽമുരുഗനെ ജീവനോടെ മാത്രമല്ല, മൃതദേഹത്തെയും ക്രൂരമായി ആക്രമിച്ചു!

വേൽമുരുകന്റേതും വ്യാജ ഏറ്റുമുട്ടൽ കൊല എന്ന് വ്യക്തം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൂടുതൽ തെളിവുകൾ…

ഏകപക്ഷീയ ആക്രമണമാണ് നടന്നത് എന്ന് വ്യക്തം. കഴുത്തിനു താഴേയും അരക്കു മുകളിലുമായി 44ഓളം മുറിവുകളാണുള്ളത്. ഇതിൽ ഓരോ മുറിവും ഒറ്റൊക്കോ കൂട്ടായോ മരണകാരണമാണെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു മാത്രമല്ല ഇതെല്ലാം തന്നെ വെടിയേറ്റ മുറിവുകളുമാണ്. ശരീരത്തിന്റെ മുൻഭാഗത്തും പിന്നിലും വശങ്ങളിലും വെടിയുണ്ട തുളഞ്ഞ് കയറിയ മുറിവുകളുണ്ട്. ഇത് തണ്ടർബോൾഡ് നടത്തിയ ക്രൂരവും നിയമവിരുദ്ധവുമായ വളത്തിട്ടാ ക്രമണമാണ്. വേൽമുരുകൻ മരിച്ച സമയം പോസ്റ്റ്മോർട്ടം ചെയ്തവർക്ക് പറയാൻ കഴിഞ്ഞിട്ടില്ല. എപ്പോഴാണ് വെടിവെപ്പ് ഉണ്ടായത് എന്ന കാര്യത്തിലുള്ള സംശയത്തെ ഇതു ബാലപ്പെടുത്തുന്നു. മാധ്യമങ്ങളെ പോലും കാണിക്കാതെ ബോഡി നീക്കം ചെയ്തതും ആരെയും സംഭവസ്ഥലത്തേക്ക് കടത്തിവിടാതിരുന്നതും ഓർക്കുക.

വേൽമുരുകന്റെ രണ്ട് തുടയെല്ലുകളും പൊട്ടിയിരിക്കുന്നത് മരണത്തിന് ശേഷം സംഭവിച്ചിരിക്കുന്നതാണെന്നും വെടിയുണ്ട കാരണമല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. ഇത് മരണത്തിന് ശേഷവും ശവശരീരത്തിൽ ആക്രമവും ക്രൂരതയും കാട്ടി എന്ന് വ്യക്തമാക്കുന്നു. ഭക്ഷണം ദഹിച്ചിട്ടില്ല എന്ന റിപ്പോർട്ടിലെ പരാമർശം യാതൊരു പ്രകോപനവുമില്ലാതെ ഭക്ഷണം കഴിക്കുന്ന സമയത്തോ അതി കഴിഞ്ഞ ഉടനെയോ ആണ് ആക്രമണം നടന്നത് എന്ന് വ്യക്തമാക്കുന്നു. ശത്രു സൈന്യത്തോട് പോലും കാണിക്കാത്ത ക്രൂരതയാണിവിടെ വ്യക്തമാവുന്നത്. മാത്രമല്ല പടിഞ്ഞാറെത്തറ വ്യാജ ഏറ്റുമുട്ടലിന്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ച എൻക്വായറി റിപ്പോർട്ടും നിയമപരമല്ല. ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ കൊണ്ട് എൻക്വയറി നടത്തിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. വിധിയനുസരിച്ച്‌ എക്സികയുറ്റീവ് മജിസ്‌ട്രേറ്റ് ആണ് എൻക്വയറി നടത്തേണ്ടത്. അപ്രകാരം നടത്തിയ എൻക്വയറിയുടെ റിപ്പോർട്ട് ബന്ധപ്പെട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കണം.

അതിൽ സംശയകരമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് ആ റിപ്പോർട്ട് സ്വകാര്യ അന്യായമായി പരിഗണിച്ച് കേസ് എടുക്കാം. ഈ നടപടി ക്രമമല്ല ഇവിടെ സ്വീകരിച്ചത്. നേരിട്ട് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് എൻക്വയറി നടത്തിയത്. അതിൽ മരണ കാരണം ദൂരെ നിന്നുള്ള വെടിയേറ്റാണ് എന്നാണ് പറയുന്നത്. പക്ഷെ വെടിവെപ്പിലേക്കു നയിച്ച സാഹചര്യം എന്താണ് എന്ന് അന്വേഷിച്ചില്ല. അങ്ങനെ അന്വേഷിക്കണമെങ്കിൽ കുറച്ചു കൂടി സമയം എടുത്ത് ബാലസ്റ്റിക്ക്, ഫോറൻസിക് റിപ്പോർട്ടുകൾ ഒക്കെ പരിശോധിക്കണം. അതിനൊന്നും നിക്കാത്തെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് മജിസ്‌ട്രേറ്റ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഇതു കടുത്ത അന്യായവും അനീതിയുമാണ്.
_ സി.പി. റഷീദ്, സെക്രട്ടറി , ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
ഡോ: പി.ജി. ഹരി, മനുഷ്യാവകാശ പ്രവർത്തകൻ

Like This Page Click Here

Telegram
Twitter