ആർക്കുവേണ്ടി ഈ ഭരണകൂടങ്ങൾ?


ത്വാഹ ഫസൽ

ഭൂരഹിതരായ ആദിവസികൾക്ക് സുപ്രീംകോടതി ഉത്തരവ് പ്രകാരം ഒരേക്കർ ഭൂമി ആവശ്യപ്പെട്ട് നിലമ്പൂരിൽ കഴിഞ്ഞ 314 ദിവസമായി ആദിവാസികൾ സമരം ചെയ്യുകയായിരുന്നു. ഐ.ടി.ഡി.പി ഓഫീസിന് മുൻപിൽ അനിശ്ചിതകാല ഉപവാസമിരുന്നു നടത്തിയ സമരത്തിൽ അവർ ഉന്നയിച്ച ആവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ചതിനെ തുടർന്ന് സമരം ഒത്തുതീർന്നു. നിലവിൽ സമരത്തിൽ തുടരുന്ന 60 കുടുംബങ്ങൾക്ക് 50 സെന്റ് ഭൂമി നൽകുമെന്ന ധാരണ ഒപ്പുവെച്ചു. ഉപവാസമിരുന്ന സമരസമിതി നേതാവ് ബിന്ദു വൈലാശ്ശേരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് ഹോസ്പിറ്റലിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ സമരത്തിൽ ചർച്ച നടക്കാതെ ഹോസ്പിറ്റലിലേക്ക് മാറ്റാൻ കഴിയില്ല എന്നു ബിന്ദുവും സമരസമിതിയും നിലപാടെടുത്തതോടെയാണ് സർക്കാരിന് കീഴടങ്ങേണ്ടി വന്നത്.

പുരോഗമന കേരളം എന്നു ഊറ്റം കൊള്ളുന്ന ഒരു രാഷ്ട്രീയ നേതൃത്വമോ, മാറി മാറി ഭരണകൂട വക്താക്കളായ് നിലകൊള്ളുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികളോ, മാധ്യമങ്ങളോ, ഇരുന്നൂറോളം വരുന്ന ആദിവാസി കുടുംബങ്ങളുടെ ഭരണഘടനാപരവും നിയമപരവും മനുഷ്യത്വപരവുമായ ഈ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സമരത്തെ വേണ്ടവിധം ഗൗനിച്ചിരുന്നില്ല.

നിലവിലുള്ള സർക്കാർ ആകട്ടെ, ആദിവാസികൾ ഉപവാസമിരുന്നു മരിച്ചു മണ്ണിൽ അലിഞ്ഞു ചേർന്നാലും ഞങ്ങൾക്ക് ഒന്നും സംഭവിക്കാനില്ല എന്ന രീതിയിൽ അവഗണിക്കുകയായിരുന്നു. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ കടങ്ങൾ എഴുതി തള്ളുകയും മതമേലധ്യക്ഷന്മാരുടെ ആവശ്യങ്ങൾക്കനുസരിച്ചു തുച്ഛമായ വിലയ്ക്ക് സർക്കാർ ഭൂമി കൈമാറുകയും ചെയ്യുന്നവരാണ് ഭരണവർഗ്ഗങ്ങൾ. അതേസമയം ഭൂമിയുടെ അവകാശികളായ ആദിവാസികളുടെ നീതിയുക്തവും ഭരണഘടനപരവുമായ സമരത്തെ തകർക്കാനും ശ്രമിച്ചിരുന്നു. പോലീസിനെ ഉപയോഗിച്ച് ബിന്ദുവിന്റെ ജീവൻ രക്ഷിക്കാൻ എന്ന പേരിൽ സമരത്തെ പരാജയപ്പെടുത്താനായിരുന്നു സർക്കാരിന്റെ നീക്കം.

സർവ്വസന്നാഹങ്ങളും ആംബുലൻസുമായ് സമരപന്തലിന് അടുത്ത് നിലയുറപ്പിച്ചിരുന്നു സർക്കാർ സംവിധാനങ്ങൾ. കലക്ടർ സന്ദർശിച്ച് ചർച്ച നടന്നാൽ ആശുപത്രിയിലേക്ക് മാറാം എന്നാണ് കീഴടങ്ങാൻ ഒരുക്കമല്ലാത്ത സമരസമിതി പറഞ്ഞത്. ഇലക്ഷൻ ഡ്യൂട്ടിയോടനുബന്ധിച്ച് കലക്ടർ നിലമ്പൂരിൽ വരുമ്പോൾ ചർച്ച നടത്താമെന്നായിരുന്നു അധികാരികളുടെ നിലപാട്.

അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവൽപ്രശ്നങ്ങളെ അവഗണിക്കുകയും, ഇലക്ഷൻ സമയത്ത് പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങൾ അതു കഴിഞ്ഞാൽ മറക്കുകയും ചെയ്യുന്നത് നമ്മൾ നാൾക്കുനാൾ കണ്ടു വരുന്നതാണല്ലോ. അതേസമയം വൻകിടക്കാരുടെ സ്വത്തു തർക്കങ്ങളും സാമ്പത്തിക പ്രതിസന്ധികളും വളരെ പെട്ടെന്ന് ഓടിനടന്ന് തീർപ്പാക്കുന്ന അധികാരിവർഗങ്ങൾക്ക് ആദിവാസികളുടെ ജീവൽപ്രശ്നങ്ങളിൽ യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല.

ഭൂപരിഷ്കരണം നടപ്പിലാക്കി എന്ന് ഊറ്റം കൊള്ളുന്ന രാഷ്ട്രീയപാർട്ടിയുടെ നേതാക്കൾ ഭരിക്കുമ്പോളാണ് ആദിവാസികൾ ഭൂരഹിതരും ഭവനരഹിതരുമായി ജീവിക്കുന്നത്. കപടമായ പ്രസ്താവനയിൽ ഒതുങ്ങിയ ഭൂപരിഷ്കരണ നിയമം പോലെ, ഈ ആദിവാസി സമരത്തെ വഞ്ചനയിലൂടെ തകർക്കാർ അനുവദിക്കരുത്. നൽകിയ ഉറപ്പുകളും ഒപ്പുവെച്ച ധാരണയും സമയബന്ധിതമായ് നടപ്പിലാക്കാൻ സർക്കാൻ സന്നദ്ധമാകുകയും മുഴുവൻ ആദിവാസികൾക്കും ഭൂമി ലഭ്യമാക്കുകയും വേണം.

ജനങ്ങളെ വോട്ടുബാങ്കായി മാത്രം കാണുന്ന അധികാരവർഗത്തിനുള്ള മറുപടിയാണ് ഈ സമരവും ഭാഗികമായ വിജയവും. ഭൂമിയും ഭരണഘടനാപരമായ അവകാശങ്ങളും നഷ്‌ടപ്പെട്ട ജനതക്ക് സമരം ചെയ്യാനുള്ള ഊർജ്ജമാകട്ടെ ഈ വിജയം. സമരം നയിച്ച ആദിവാസി ഭൂസമര സമിതിക്കും ബിന്ദു വൈലാശ്ശേരിക്കും ആദിവാസികൾക്കും സമരവുമായി ഐക്യപ്പെട്ട ജനാധിപത്യവിശ്വാസികൾക്കും അഭിവാദ്യങ്ങൾ.
_ ത്വാഹ ഫസൽ

Follow us on | Facebook | Instagram Telegram | Twitter | Threads