കല്‍ക്കരിപ്പാടങ്ങളും സ്വകാര്യ മേഖലയ്ക്ക്

“കൃത്രിമ കല്‍ക്കരി ക്ഷാമവും വൈദ്യുതി മേഖലയില്‍ അനിശ്ചിതത്വവും സൃഷ്ടിച്ച് കല്‍ക്കരി മേഖലയുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള അന്തര്‍നാടകങ്ങളായിരുന്നു അരങ്ങേറിക്കൊണ്ടിരുന്നത്. കല്‍ക്കരി ഖനന മേഖല സ്വകാര്യവല്‍ക്കരിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ ഗുണഫലം അനുഭവിച്ചത് മോദിയുടെ സ്വന്തം അദാനിയായിരുന്നുവെന്നത് കല്‍ക്കരി മേഖലയിലെ അദാനി എന്റര്‍പ്രൈസസിന്റെ വളര്‍ച്ചയുടെ തോത് നോക്കിയാല്‍ മനസ്സിലാകും…”


_ കെ.സഹദേവൻ

രാജ്യത്തിന്റെ പൊതുസമ്പത്തായി നിലനിന്നിരുന്ന കല്‍ക്കരി ഖനന മേഖലയിലേക്ക് സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകൊണ്ടുവന്നത് നരേന്ദ്ര മോദിയായിരുന്നു. 1991 മുതല്‍ ആരംഭിച്ച ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കിടയില്‍ കല്‍ക്കരി മേഖലയിലേക്ക് സ്വകാര്യമൂലധനത്തെ ക്ഷണിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും അവയൊന്നും വിജയിച്ചിരുന്നില്ല. എന്നാല്‍ മോദി ഭരണത്തില്‍ അക്കാര്യം സുഗമമായി നടന്നു. അത് പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡിനെ (CIL) ഏത് നിലയിലേക്കെത്തിച്ചുവെന്ന് അറിയാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴില്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറിയായിരുന്ന അനില്‍ സ്വരൂപ് പറയുന്നത് ശ്രദ്ധിച്ചാല്‍ മതിയാകും.

2015ല്‍ 40,000 കോടി രൂപ കരുതല്‍ ധനമായുണ്ടായിരുന്ന കോള്‍ ഇന്ത്യാ ലിമിറ്റഡ് ഇന്ന് കേവലം 10,000 കോടിയിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും 2016ല്‍ കമ്പനിയുടെ ഈക്വിറ്റി ഷെയറുകള്‍ 400 രൂപയ്ക്ക് കച്ചവടം ചെയ്തിരുന്ന സ്ഥിതിയില്‍ നിന്നും 2021ലെത്തുമ്പോഴേക്കും 200രൂപയിലും താഴെയായി തീര്‍ന്നിരിക്കുന്നുവെന്നും അനില്‍ സ്വരൂപ് ചൂണ്ടിക്കാട്ടുന്നു. 2016 മുതല്‍ക്കുള്ള ഒരു വര്‍ഷക്കാലയളവില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ സിഎംഡി (ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടര്‍) സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സിഐഎല്ലിന്റെ സബ്‌സിഡിയറികളായ വിവിധ സ്ഥാപനങ്ങളില്‍ ഇപ്പോഴും ഉന്നത പദവികള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും അനില്‍ സ്വരൂപ് ആരോപിക്കുന്നുണ്ട്. ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ തത്വദീക്ഷയില്ലാതെ മറ്റ് മേഖലകളിലേക്ക് നിര്‍ബന്ധമായി നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചതും സിഐഎല്ലിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്വച്ഛ് ഭാരത് അഭിയാനിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചതും അടക്കം സിഐഎല്ലിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്ക് ബോധപൂര്‍വ്വമുള്ള നിരവധി ഇടപെടലുകള്‍ ഭരണാധികാരികളുടെ ഭാഗത്തുന്നിന് ഉണ്ടായിരുന്നുവെന്നാണ് അനില്‍ സ്വരൂപിന്റെ വിമര്‍ശനങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

കൃത്രിമ കല്‍ക്കരി ക്ഷാമവും വൈദ്യുതി മേഖലയില്‍ അനിശ്ചിതത്വവും സൃഷ്ടിച്ച് കല്‍ക്കരി മേഖലയുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള അന്തര്‍നാടകങ്ങളായിരുന്നു അരങ്ങേറിക്കൊണ്ടിരുന്നത്. കല്‍ക്കരി ഖനന മേഖല സ്വകാര്യവല്‍ക്കരിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ ഗുണഫലം അനുഭവിച്ചത് മോദിയുടെ സ്വന്തം അദാനിയായിരുന്നുവെന്നത് കല്‍ക്കരി മേഖലയിലെ അദാനി എന്റര്‍പ്രൈസസിന്റെ വളര്‍ച്ചയുടെ തോത് നോക്കിയാല്‍ മനസ്സിലാകും. (വിഷയത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് 47ല്‍ എഴുതിയ ”കല്‍ക്കരിക്ഷാമം ഒരു നുണക്കഥയാണ്” എന്ന ലേഖനം വായിക്കാം). 2020 മാര്‍ച്ച് മാസത്തില്‍ തന്നെ ഖനനമേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്നതിനായുള്ള നിയമ നിര്‍മ്മാണങ്ങള്‍ ഓര്‍ഡിനന്‍സ് രൂപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇന്ത്യയിലെ 38ഓളം കല്‍ക്കരി ഖനികളാണ് സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. ലേലം ചെയ്യപ്പെട്ട 19 കല്‍ക്കരി ഖനികളില്‍ 12 എണ്ണവും കരസ്ഥമാക്കിയത് അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു. കല്‍ക്കരി ബ്ലോക്കുകളുടെ ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളുടെ സാമ്പത്തിക ശേഷിയെ സംബന്ധിച്ച അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര ഊര്‍ജ്ജ സെക്രട്ടറിയായിരുന്ന ഇഎഎസ് ശര്‍മ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിനും കല്‍ക്കരി മന്ത്രാലയത്തിനും നിരവധി കത്തുകള്‍ മുന്നെ തന്നെ എഴുതിയിട്ടുണ്ടായിരുന്നു. അദാനി പവര്‍ സൃഷ്ടിച്ച കട ബാദ്ധ്യതകള്‍ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികളായി പെരുകിക്കിടക്കുന്നത് സംബന്ധിച്ച തെളിവുകളും ശര്‍മ്മ നല്‍കുകയുണ്ടായി.

അദാനിയുടേതടക്കം പുതുതായി സ്വകാര്യ കമ്പനികള്‍ ഏറ്റെടുത്ത കല്‍ക്കരി ഖനികളെല്ലാം തന്നെ വനാവകാശ നിയമം (Forest Right Act), പെസ നിയമം (Panchayat Extention of Scheduled Areas Act) എന്നിവ പരിപൂര്‍ണ്ണമായും ലംഘിച്ചുകൊണ്ടാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഛത്തീസ്ഗഢിലെ സര്‍ഗുജ ഡിവിഷനില്‍ ഹാസ്‌ദേവ് അരിന്ദില്‍ അദാനിയുടെ കല്‍ക്കരി ഖനന പദ്ധതിക്കെതിരെ ആദിവാസി സമൂഹം ഒറ്റക്കെട്ടായി നിന്ന് പോരാടുകയാണ്.

കല്‍ക്കരി മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുത്തപ്പോള്‍ അവയില്‍ വലിയൊരു ഭാഗം കയ്യടക്കാന്‍ അദാനിക്ക് സാധിച്ചു. അതോടൊപ്പം തന്നെ സ്വകാര്യ താപ വൈദ്യുതോത്പാദകരില്‍ ഒന്നാം സ്ഥാനത്തെത്താനും അദാനി പവര്‍ കമ്പനിക്ക് സാധിച്ചു. നിലവില്‍ പ്രവര്‍ത്തനത്തിലുള്ള നാല് പ്ലാന്റുകള്‍ക്ക് പുറമെ 3 പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ അദാനിയുടെ അധീശത്വം പൂര്‍ത്തിയാകും. തന്റെ ഉടമസ്ഥതയിലുള്ള താപനിലയങ്ങള്‍ക്ക് കല്‍ക്കരി ഉറപ്പുവരുത്തുക എന്നതോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി ഹബിന്റെ ഉടമയും അദാനിയായി മാറും. മര്‍മഗോവയില്‍ കല്‍ക്കരി കയറ്റിറക്കുമതി തുറമുഖം ഇന്ത്യയുടെ കല്‍ക്കരി ഭൂപടത്തെ മാറ്റിവരക്കാന്‍ പോന്നതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഗോവന്‍ പശ്ചിമഘട്ട പരിസ്ഥിതിയെ പൂര്‍ണ്ണമായും തകര്‍ത്തുകൊണ്ടായിരിക്കും മര്‍മുഗോവ കല്‍ക്കരി തുറമുഖ പദ്ധതി നടപ്പിലാക്കപ്പെടുക. പ്രതിവര്‍ഷം 25 ദശലക്ഷം ടണ്‍ കല്‍ക്കരി ഈ തുറമുഖം വഴി ഇറക്കുമതി ചെയ്യപ്പെടും. അദാനിയെക്കൂടാതെ വേദാന്ത, ജിന്‍ഡാല്‍ എന്നീ കമ്പനികളും ഗോവന്‍ തുറമുഖം വഴിയായിരിക്കും തങ്ങളുടെ നിലയങ്ങളിലേക്കുള്ള കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്.
(തുടരും)

Photos Courtesy_ Various Media

ഈ ലേഖനത്തിന്റെ ആദ്യഭാഗങ്ങൾ

Follow us on | Facebook | Instagram Telegram | Twitter